
ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്‍ഡും ബംഗ്ലാദേശും തമ്മില്‍ ക്രൈസ്റ്റ്ചര്‍ച്ചില്‍ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെയുണ്ടായ രസകരമായ ഒരു സംഭവമാണ് ക്രിക്കറ്റ് ലോകത്ത് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ന്യൂസിലാന്‍ഡ് ഓപ്പണര്‍ വില്‍ യങ് ഒരു ബോളില്‍ ഏഴു റണ്‍സ് അടിച്ചെടുത്തതാണ് ഇതിനു കാരണം. സിക്‌സര്‍ പോലുമടിക്കാതെയാണ് താരം ഇത്രയും റണ്‍സ് നേടിയത് എന്നതാണ് രസകരമായ കാര്യം. ബംഗ്ലാദേശ് താരങ്ങളുടെ 'സഹായമാണ്' യങിനെ ഇതിനു സഹായിച്ചത്. അവരുടെ ഭാഗത്തു നിന്നുണ്ടായ വലിയൊരു പിഴവില്‍ നിന്നായിരുന്നു താരം ഏഴു റണ്‍സ് അടിച്ചെടുത്തത്.
ഒന്നാംദിനം ന്യൂസിലാന്‍ഡിന്റെ ആദ്യ ഇന്നിങ്‌സിനിടെയായിരുന്നു സംഭവം. 26ാം ഓവറിലായിരുന്നു നാടകീയ രംഗങ്ങള്‍. പേസര്‍ ഇബാദത്ത് ഹുസൈനൈയിരുന്നു ബൗളര്‍. ഓവറിലെ അവസാനത്തെ ബോള്‍ നേരിട്ടത് വില്‍ യങായിരുന്നു. 26 റണ്‍സായിരുന്നു താരം അപ്പോള്‍ നേടിയിരുന്നത്. ഇബാദത്തിന്റെ മികച്ചൊരു ബോള്‍ പ്രതിരോധിക്കാന്‍ ശ്രമിക്കവെ യങിന്റെ ബാറ്റില്‍ എഡ്ജായ ബോള്‍ സ്ലിപ്പിലേക്ക്. സെക്കന്റ് സ്ലിപ്പിലെ ഫീല്‍ഡര്‍ ലിറ്റണ്‍ ദാസ് പക്ഷെ ക്യാച്ച് കൈവിട്ടു. ഇതോടെ പന്ത് തേര്‍ഡ് മാനിലേക്ക് കുതിച്ചു. ബൗണ്ടറി ലൈനിന് തൊട്ടരികില്‍ വച്ച് ഇതു പിടിച്ചെടുത്ത ഫീല്‍ഡര്‍ ടസ്‌കിന്‍ അഹമ്മദ് അത് വിക്കറ്റ് കീപ്പര്‍ നൂറുല്‍ ഹുസൈനു ത്രോ ചെയ്തു.

അപ്പോഴേക്കും യങും നായകന്‍ ടോം ലാതവും ചേര്‍ന്ന് മൂന്ന് റണ്‍സ് തികച്ചിരുന്നു. പക്ഷെ അമിതാവേശം കാണിച്ച വിക്കറ്റ് കീപ്പര്‍ അതു ബൗളിങ് എന്‍ഡിലേക്കു ത്രോ ചെയ്തു. പക്ഷെ ഇതു പിടിച്ചെടുക്കാന്‍ നോണ്‍സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുള്ള ഫീല്‍ഡര്‍ക്കായില്ല. ഫലമാവട്ടെ പന്ത് ബൗണ്ടറിയില്‍ കലാശിക്കുകയും ചെയ്തു. സ്ലിപ്പില്‍ ഫീല്‍ഡര്‍ ക്യാച്ച് നഷ്ടപ്പെടുത്തിിയില്ലായിരുന്നെങ്കില്‍ വിക്കറ്റ് ലഭിക്കേണ്ടയിടത്താണ് വിക്കറ്റ് കീപ്പറുടെ ഓവര്‍ ത്രോ കാരണം ന്യൂസിലാന്‍ഡിന് ഏഴു റണ്‍സ് ദാനമായി ലഭിച്ചത്.
ന്യൂസിലാന്‍ഡ് കൂറ്റന്‍ സ്‌കോറിലേക്ക്
ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ കൂറ്റന്‍ സ്‌കോറിലേക്കു നീങ്ങുകയാണ് ന്യൂസിലാന്‍ഡ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട കിവീസ് ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ ഒരു വിക്കറ്റിന് 349 റണ്‍സെന്ന ശക്തമായ നിലയിലാണ്. ക്യാപ്റ്റന്റെ ഇന്നിങ്‌സ് കെട്ടഴിച്ച ടോം ലാതം 186 റണ്‍സുമായി ക്രീസിലുണ്ട്. സെഞ്ച്വറിക്ക് ഒരു റണ്‍സ് മാത്രം അകലെയുള്ള ഡെവന്‍ കോണ്‍വേയാണ് (99) ഒപ്പമുള്ളത്. നേരത്തേ ആദ്യ ടെസ്റ്റിലും കോണ്‍വേ ഒന്നാമിന്നിങ്‌സില്‍ സെഞ്ച്വറി കണ്ടെത്തിയിരുന്നു.

278 ബോളില്‍ 28 ബൗണ്ടറികളോടെയാണ് കോണ്‍വേ 186 റണ്‍സ് നേടിയത്. കോണ്‍വേയാവട്ടെ 148 ബോളില്‍ 10 ബൗണ്ടറികളും ഒരു സിക്‌സറുമടിച്ചു. അപരാജിതമായ രണ്ടാം വിക്കറ്റില്‍ ലാതം-കോണ്‍വേ സഖ്യം 201 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു കഴിഞ്ഞു. 312 ബോളുകളില്‍ നിന്നാണിത്. തകര്‍പ്പന്‍ തുടക്കമാണ് വില്‍ യങും ലാതവും ചേര്‍ന്ന് കിവികള്‍ക്കു നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 148 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തിരുന്നു. 54 റണ്‍സെടുത്ത യങിനെ പുറത്താക്കിയ ശൊരിഫുല്‍ ഇസ്ലാമാണ് ബംഗ്ലാദേശിന് ആദ്യ ബ്രേക്ക്ത്രൂ നല്‍കിയത്. 114 ബോളില്‍ അഞ്ചു ബൗണ്ടറികളോടെ 54 റണ്‍സെടുത്ത യങിനെ ശൊരിഫുലിന്റെ ബൗളിങില്‍ നയീം ക്യാച്ച് ചെയ്യുകയായിരുന്നു.
അതേസമയം, മൗണ്ട് മൗഗനൂയിയില്‍ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ നിലവിലെ ലോക ചാംപ്യന്‍മാര്‍ കൂടിയായ ന്യൂസിലാന്‍ഡിനെ ബംഗ്ലാദേശ് അട്ടിമറിച്ചിരുന്നു. ആവേശകരമായ മല്‍സരത്തില്‍ എട്ടു വിക്കറ്റിനായിരുന്നു ബംഗ്ലാ കടുവകളുടെ ചരിത്ര വിജയം. ന്യൂസിലാന്‍ഡില്‍ ബംഗ്ലാദേശിന്റെ കന്നി ടെസ്റ്റ് വിജയമായിരുന്നു ഇത്. കൂടാതെ 10 വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു ഒരു ഏഷ്യന്‍ ടീം ഇവിടെ ടെസ്റ്റില്‍ വിജയിച്ചത്. 2011ല്‍ പാകിസ്താനായിരുന്നു അവസാനമായി ഇവിടെ ടെസ്റ്റില്‍ വിജയിച്ച ടീം.