ഗോവ: ഇന്ത്യന്‍ ക്രിക്കറ്റിലെ യുവ സൂപ്പര്‍ താരം വിരാട് കോലിക്കും സ്വന്തമായി ഫുട്‌ബോള്‍ ടീം. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍, മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി എന്നിവര്‍ക്ക് പിന്നാലെയാണ് കോലിയും ഫുട്‌ബോള്‍ ടീം ഉടമയാകുന്നത്. ഗോവന്‍ ടീമായ എഫ് സി ഗോവയാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിരാട് കോലിയുടെ ടീം.
ഐ സി എല്ലിന്റെ തുടക്കം മുതല്‍ സജീവമായിട്ടുള്ള സച്ചിനും ഗാംഗുലിക്കും പിന്നാലെ കോലി കൂടി ഉടമകളുടെ കൂട്ടത്തിലെത്തുന്നതോടെ ക്രിക്കറ്റിന്റെ ആവേശം ഫുട്‌ബോളിലേക്കും പടരും. ഒക്ടോബര്‍ 12 മുതലാണ് ഐ സി എല്ലിന്റെ ആദ്യ സീസണ് തുടക്കമാകുക. എട്ട് ടീമുകളാണ് കപ്പിനായി മത്സരിക്കുന്നത്.

ആളുകള്‍ക്ക് തോന്നും ടീം ഉടമയാകാന്‍ മാത്രമുള്ള പ്രായമൊന്നും എനിക്കായിട്ടില്ലെന്ന്. പക്ഷേ എനിക്ക് ഫുട്‌ബോള്‍ ഇഷ്ടമാണ്. ഇന്ത്യയില്‍ ഫുട്‌ബോള്‍ വളരുന്നത് കാണാന്‍ ആഗ്രഹമുണ്ട് - എഫ് സി ഗോവയുടെ ലോഗോ പ്രകാശനത്തിനിടെ വിരാട് കോലി പറഞ്ഞു. മുംബൈയിലായിരുന്നു ലോഗോ പ്രകാശന ചടങ്ങ്.
ഇന്ത്യയിലെ യുവ താരങ്ങള്‍ക്ക് ഐ സി എല്‍ കാരണം ധാരാളം അവസരങ്ങള്‍ കിട്ടും എന്നതില്‍ സന്തോഷമുണ്ട് എന്നും വിരാട് കോലി പറഞ്ഞു. ബ്രസീലിന്റെ ഇതിഹാസതാരമായ സീക്കോയാണ് എഫ് സി ഗോവ ടീമിന്റെ പരിശീലകന്‍. ആഴ്‌സണലിന്റെ റോബര്‍ട്ട് പൈറസ് ഗോവയ്ക്ക് വേണ്ടി പന്തുതട്ടും.
മലയാളികളുടെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്‌സാണ് സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ ടീം. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ ദാദയുടെ ടീം അത്‌ലെന്റികോ ഡി കൊല്‍ക്കത്തയാണ്.