മുംബൈ: ഓരോ കാലഘട്ടങ്ങളിലും ക്രിക്കറ്റിനെ അടക്കിഭരിക്കുന്ന ചില സുപ്രധാന താരങ്ങളുണ്ടായിട്ടുണ്ട്. പ്രതിഭകളെന്ന് വിളിക്കാവുന്ന നിരവധി താരങ്ങളെ കാണാനാവുമെങ്കിലും ഇതില്‍ നിന്ന് ചില താരങ്ങള്‍ സവിശേഷ പ്രകടനങ്ങളോടെ മുന്‍നിരയിലുണ്ടാവും. ആധുനിക ക്രിക്കറ്റിലേക്ക് വരുമ്പോള്‍ ഫാബുലസ് ഫോര്‍ വിശേഷണം ചാര്‍ത്തപ്പെട്ട ചില താരങ്ങളുണ്ട്. ഇന്ത്യയുടെ വിരാട് കോലി, ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്, ഇംഗ്ലണ്ടിന്റെ ജോ റൂട്ട്, ന്യൂസീലന്‍ഡിന്റെ കെയ്ന്‍ വില്യംസണ്‍ എന്നിവരാണ് ഇതിലുള്ളത്.
പാകിസ്താന്റെ ബാബര്‍ അസം ഇതിന്റെ ഭാഗമാണെന്ന് പാക് ആരാധകര്‍ അഭിപ്രായപ്പെടുമ്പോഴും അദ്ദേഹത്തെ ഈ പട്ടികയില്‍ ഔദ്യോഗികമായി കാണാനാവില്ല. പ്രധാനമായും ടെസ്റ്റിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് ഫാബുലസ് ഫോര്‍ വിശേഷണം ചാര്‍ത്തപ്പെട്ടിരിക്കുന്നത്. കാലഘട്ടം മാറുമ്പോള്‍ ഫാബുലസ് ഫോറിലും മാറ്റങ്ങളുണ്ടാവുമെന്നുറപ്പ്. കോലി ആധുനിക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസമെന്ന് പറയുമ്പോഴും ഇപ്പോള്‍ ഫാബുലസ് ഫോറിന് പുറത്താണുള്ളതെന്നാണ് ആകാശ് ചോപ്ര പറയുന്നത്.
ഇതിന്റെ കാരണവും മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 'കെയ്ന്‍ വില്യംസണിന്റെയും ജോ റൂട്ടിന്റെയും സ്ഥാനത്തിനെതിരേ ആര്‍ക്കും എതിര്‍ അഭിപ്രായമില്ല. സ്റ്റീവ് സ്മിത്ത് 50 ശരാശരി ഉള്‍പ്പെടെ മികച്ച പ്രകടനം തുടരുന്നതിനാല്‍ അവനും ഈ പട്ടികയില്‍ ഉള്‍പ്പെടാന്‍ അര്‍ഹനാണ്. എന്നാല്‍ വിരാട് കോലിയുടെ സമീപകാല പ്രകടനങ്ങള്‍ നോക്കുമ്പോള്‍ ഫാബുലസ് ഫോറില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയില്ല. ഇപ്പോള്‍ ഫാബുലസ് ഫോര്‍ ഇല്ലെന്നതാണ് വസ്തുത.
ഫാബുലസ് ത്രീ എന്നേ പറയാനാവു. ബാബര്‍ അസമിന്റെ പേര് ഇതില്‍ ഉള്‍പ്പെടുത്തണമെന്ന് പറയുന്നവരുണ്ട്. എന്നാല്‍ ടെസ്റ്റില്‍ ബാബറിനെ സൂപ്പര്‍ താരമെന്ന് വിലയിരുത്താനാവില്ല. ടെസ്റ്റ് മത്സരങ്ങളുടെ അടിസ്ഥാനത്തില്‍ ബാബറിനെ ഈ പട്ടികയില്‍ ഉള്‍ക്കൊള്ളിക്കാനാവില്ല. കോലി, കെയ്ന്‍, സ്മിത്ത് എന്നിവര്‍ ഉള്‍പ്പെടുന്ന പട്ടികയില്‍ നിന്ന് കോലി പുറത്തായിരിക്കുകയാണ്. എന്നാല്‍ കോലിക്ക് തിരിച്ചുവരവ് നടത്താന്‍ സാധിച്ചേക്കും'- ആകാശ് ചോപ്ര പറഞ്ഞു.

മോശം ഫോമിനെത്തുടര്‍ന്ന് മൂന്ന് വര്‍ഷത്തോളം കോലി നിരാശപ്പെടുത്തിയിരുന്നു. തുടര്‍ച്ചയായി കളിച്ചിട്ടും മികച്ച പ്രകടനം നടത്താന്‍ കോലിക്ക് സാധിക്കാതെ പോയി. ഇതിന് ശേഷം ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്ത കോലി ഫോം വീണ്ടെടുത്ത് തിരിച്ചുവരവ് നടത്തുകയായിരുന്നു. പരിമിത ഓവറില്‍ മികവുകാട്ടുന്നുണ്ടെങ്കിലും ടെസ്റ്റില്‍ പഴയ മികവ് ഇപ്പോള്‍ കോലിക്കില്ല. 2019 നവംബറിന് ശേഷം ഒരു സെഞ്ച്വറിയാണ് കോലി ടെസ്റ്റില്‍ നേടിയത്. 2020മുതലുള്ള കണക്ക് നോക്കിയാല്‍ കോലിയുടെ ടെസ്റ്റ് ശരാശരി 30ല്‍ താഴെയാണ്.
മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുണ്ടായിരുന്ന താരമാണ് കോലി. എന്നാല്‍ ടെസ്റ്റില്‍ ഇപ്പോള്‍ അദ്ദേഹത്തിന് 50 ശരാശരിയില്ല. 109 ടെസ്റ്റ് കളിച്ച് 8479 റണ്‍സ് നേടിയ കോലിയുടെ ശരാശരി 48.73 ആണ്. 28 സെഞ്ച്വറിയും ഏഴ് ഇരട്ട സെഞ്ച്വറിയും 28 അര്‍ധ സെഞ്ച്വറികളുമാണ് കോലി നേടിയത്. അതേ സമയം 274 ഏകദിനത്തില്‍ നിന്ന് 12898 റണ്‍സ് നേടിയ കോലിയുടെ ശരാശരി 57.32 ആണ്.
115 ടി20യില്‍ നിന്ന് 4008 റണ്‍സുള്ള കോലിയുടെ ശരാശരി 52.47 ആണ്. ഏകദിനത്തില്‍ 46 സെഞ്ച്വറി നേടിയ കോലിക്ക് നാല് സെഞ്ച്വറി അകലെ സച്ചിന്റെ ഏകദിന സെഞ്ച്വറി റെക്കോഡ് തകര്‍ക്കാനുള്ള അവസരമുണ്ട്. എന്നാല്‍ സമീപകാലത്തെ കോലിയുടെ ടെസ്റ്റ് പ്രകടനങ്ങള്‍ മോശമാണെന്നതാണ് വസ്തുത. നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും കോലി കളിക്കുന്നുണ്ട്.
ടി20 മതിയാക്കി ടെസ്റ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ ചിലപ്പോള്‍ അദ്ദേഹത്തിന് തിരിച്ചുവരവ് സാധ്യമായേക്കും.ബാബര്‍ അസമിന് ഏകദിനത്തില്‍ മാത്രമാണ് 50ന് മുകളില്‍ ശരാശരിയുള്ളത്. 100 ഏകദിനത്തില്‍ നിന്ന് 59.17 ശരാശരിയില്‍ 5089 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ 18 സെഞ്ച്വറിയും ഉള്‍പ്പെടും.
47 ടെസ്റ്റില്‍ നിന്ന് 3696 റണ്‍സാണ് ബാബര്‍ നേടിയത്. ശരാശരി 48.63 ആണ്. 9 സെഞ്ച്വറികളാണ് അദ്ദേഹത്തിന് ടെസ്റ്റില്‍ നേടാനായത്. ഒരു ഇരട്ട സെഞ്ച്വറി പോലും ബാബറിന്റെ പേരിലില്ല. 104 ടി20യില്‍ നിന്ന് 41.49 ശരാശരിയില്‍ 3485 റണ്‍സും ബാബര്‍ സ്വന്തമാക്കിയിട്ടുണ്ട്. മൂന്ന് സെഞ്ച്വറികളും ബാബര്‍ ടി20യില്‍ നേടി.