ധോണിയെ എന്തുകൊണ്ട് ഇന്ത്യയുടെ നായകസ്ഥാനത്തേക്ക് നിര്‍ദേശിച്ചു? തുറന്നു പറഞ്ഞ് സച്ചിന്‍
ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരിലൊരാളായ എംഎസ് ധോണിയുടെ വിരമിക്കല്‍ ആരാധകര്‍ക്കു തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. യുഎഇയില്‍ നടക്കാനിരിക്കുന്ന അടുത്ത ഐപിഎല്ലിലും 2021ലെ ഐപിഎല്ലിലും കളിച്ച് ഇന്ത്യ വേദിയാവുന്ന ടി20 ലോകകപ്പ് കൂടി കളിച്ച ശേഷമായിരിക്കും ധോണി വിരമിക്കുകയെന്ന കണക്കുകൂട്ടലിലായിരുന്നു ആരാധകര്‍. എന്നാല്‍ എല്ലാവരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചായിരുന്നു ആഗസ്റ്റ് 15ന് ധോണി ഇന്‍സ്റ്റഗ്രാമിലൂടെ വിരമിക്കല്‍ പ്രഖ്യാപിച്ചത്.
2007ലായിരുന്നു ഇതിഹാസ താരം രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായി ധോണി ക്യാപ്റ്റനായി നിയോഗിക്കപ്പെടുന്നത്. അന്ന് സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു ധോണിയുടെ പേര് നായകസ്ഥാനത്തേക്കു നിര്‍ദേശിച്ചത്. ഇതിന്റെ കാരണം എന്തായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍.

ധോണിയുടെ കഴിവ് തിരിച്ചറിഞ്ഞു
ധോണി ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി കളിക്കവെ സ്ലിപ്പില്‍ അദ്ദേഹത്തിനൊപ്പം ഫീല്‍ഡ് ചെയ്തിരുന്നു. അപ്പോള്‍ പലതും ധോണിയുമായി സംസാരിക്കാറുണ്ടായിരുന്നു. തുടര്‍ന്നാണ് കളിയെക്കുറിച്ച് ധോണിക്കുള്ള അഗാധമായ അറിവ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. വളരെ നല്ല ക്രിക്കറ്റ് തലച്ചോറാണ് അദ്ദേഹത്തിനുള്ളതെന്ന് ബോധ്യമായി. ഇതാണ് ധോണിയെ ഇന്ത്യയുടെ നായകസ്ഥാനത്തേക്കു താന്‍ ശുപാര്‍ശ ചെയ്തതെന്നും സച്ചിന്‍ വിശദമാക്കി.

സര്‍പ്രൈസ് ക്യാപ്റ്റന്‍
തികച്ചും അപ്രതീക്ഷിതമായാണ് 2007ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ നായകനായി എംഎസ് ധോണിയെ ബിസിസിഐ നിയമിക്കുന്നത്. അദ്ദേഹത്തെ ആരും തന്നെ ക്യാപ്റ്റനായി സാധ്യത കല്‍പ്പിച്ചിരുന്നില്ല. ധോണിയേക്കാള്‍ സീനിയറായി ടീമിലുണ്ടായിരുന്ന വീരേന്ദര്‍ സെവാഗ്, യുവരാജ് സിങ് എന്നിവരില്‍ ഒരാളായിരിക്കും ലോകകപ്പില്‍ ഇന്ത്യയെ നയിക്കുകയെന്നായിരുന്നു സൂചനകള്‍. പക്ഷെ ധോണിയായിരിക്കും ടീമിനെ നയിക്കുകയെന്നറിഞ്ഞപ്പോള്‍ ആരും ഇന്ത്യക്കു കിരീട സാധ്യത കല്‍പ്പിച്ചിരുന്നില്ല. എന്നാല്‍ ഇന്ത്യയെ ലോക ചാംപ്യന്‍മാരാക്കിയ അദ്ദേഹം എല്ലാവരെയും ഞെട്ടിക്കുക തന്നെ ചെയ്തു.

ധോണിക്കു കീഴില്‍ വമ്പന്‍ നേട്ടങ്ങള്‍
2007ലെ ടി20 ലോകകപ്പ് വിജയം ക്യാപ്റ്റനെന്ന നിലയില്‍ ധോണിയുടെ വെറുമൊരു തുടക്കം മാത്രമായിരുന്നു. പിന്നീട് നിരവധി അവിസ്മരണീയ വിജയങ്ങളിലേക്കു അദ്ദേഹം ടീമിനെ നയിച്ചു. 2011ല്‍ നാട്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കിയ ധോണി 13ല്‍ ഇംഗ്ലണ്ട് വേദിയായ ഐസിസി ചാംപ്യന്‍സ് ട്രോഫിയിലും ടീമിന് കിരീടം നേടിത്തന്നു. ഇതോടെ ഐസിസി ടൂര്‍ണമന്റുകളില്‍ അദ്ദേഹം ഹാട്രിക് കിരീടവും പൂര്‍ത്തിയാക്കി. ഐസിസിയുടെ മൂന്നു പ്രധാന ടൂര്‍ണമെന്റുകളിലും കിരീടം നേടിയ ലോകത്തിലെ തന്നെ ഏക ക്യാപ്റ്റനാണ് ധോണി.
ഇവ കൂടാതെ 2010ലെ ഏഷ്യാ കപ്പ്, 2008ല്‍ ഓസ്‌ട്രേലിയയിലെ സിബി സീരീസ്, ന്യൂസിലാന്‍ഡില്‍ കന്നി ഏകദിന പരമ്പര എന്നിവയും ഇന്ത്യക്കു നേടിത്തന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications