ടെസ്റ്റില്‍ ഒറ്റ പ്രകടനം കൊണ്ട് ഞെട്ടിച്ചു, പിന്നീട് അഡ്രസില്ല, അറിയണം ഈ നാല് താരങ്ങളെ

ടെസ്റ്റ് ക്രിക്കറ്റ് കളിക്കുകയെന്നത് ഏതൊരു ക്രിക്കറ്റ് താരത്തിന്റെയും സ്വപ്‌നമാണ്. പരിമിത ഓവറില്‍ എത്രയൊക്കെ നേട്ടങ്ങളുണ്ടെങ്കിലും ടെസ്റ്റില്‍ ഒരു മത്സരം പോലും കളിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അദ്ദേഹത്തിന്റെ ക്രിക്കറ്റ് കരിയര്‍ പൂര്‍ണ്ണമല്ലെന്ന് തന്നെ പറയാം. ഒരു താരത്തെ ഇതിഹാസമെന്ന നിലയിലേക്ക് വളര്‍ത്തുന്നതില്‍ ടെസ്റ്റ് ക്രിക്കറ്റിന് നിര്‍ണ്ണായക പങ്കുണ്ട്. എന്നാല്‍ ടെസ്റ്റ് കളിക്കുകയെന്നത് ആര്‍ക്കും എളുപ്പത്തില്‍ സാധിക്കുന്ന കാര്യവുമല്ല. ഫിറ്റ്‌നസും പ്രതിഭയും ഒരുപോലെയുള്ളവര്‍ക്ക് മാത്രമെ ടെസ്റ്റ് ടീമിലേക്കെത്താനാവുകയുള്ളു.
ടെസ്റ്റ് ക്രിക്കറ്റിലേക്കെത്തുകയും ഒറ്റ പ്രകടനം കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റുകയും എന്നാല്‍ വലിയ കരിയര്‍ സൃഷ്ടിച്ചെടുക്കാന്‍ സാധിക്കാതെ പോവുകയും ചെയ്ത ചില താരങ്ങളുണ്ട്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ നിര്‍ഭാഗ്യവാന്മാരെന്ന് വിശേഷിപ്പിക്കാവുന്ന ഈ നാല് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ജയന്ത് യാദവ്
ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടര്‍ ജയന്ത് യാദവ് ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോഡുള്ള താരമാണ്. ഇന്ത്യ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ജയന്തിന് അവസരം നല്‍കിയിരുന്നു. പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഒമ്പതാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങിയ ജയന്ത് സെഞ്ച്വറി നേടിയാണ് എല്ലാവരെയും ഞെട്ടിച്ചത്. ഒമ്പതാം നമ്പറിലിറങ്ങി ഇന്ത്യക്കായി സെഞ്ച്വറി നേടുന്ന ആദ്യ താരമായിരുന്നു ജയന്ത്. കരുത്തുറ്റ ഇംഗ്ലണ്ട് ബൗളിങ്ങിനെതിരേ ജയന്തിന്റെ സെഞ്ച്വറി വലിയ നേട്ടം തന്നെയാണെങ്കിലും ഇന്ത്യന്‍ ടീമിനൊപ്പം പിന്നീട് അധികം അവസരം ജയന്തിന് ലഭിച്ചില്ല.

ബോബ് മാസ്സി
ഓസ്‌ട്രേലിയക്കാരനായ ബോബ് മാസ്സി അരങ്ങേറ്റ ടെസ്റ്റില്‍ 16 വിക്കറ്റുമായാണ് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചത്. പേസറായ താരം രണ്ട് ഇന്നിങ്‌സിലും എട്ട് വിക്കറ്റ് വീതമാണ് വീഴ്ത്തിയത്. നരേന്ദ്ര ഹിര്‍വാണി ഈ റെക്കോഡ് തകര്‍ക്കുന്നത് വരെ ബോബായിരുന്നു ഈ റെക്കോഡില്‍ തലപ്പത്തുണ്ടായിരുന്നത്. അരങ്ങേറ്റത്തില്‍ വിസ്മയിപ്പിച്ചെങ്കിലും ബോബിന് ആറ് മത്സരങ്ങള്‍ മാത്രമാണ് കളിക്കാന്‍ അവസരം ലഭിച്ചത്. 31 വിക്കറ്റും അദ്ദേഹം വീഴ്ത്തിയെങ്കിലും വലിയ കരിയര്‍ സൃഷ്ടിക്കാനായില്ല.

സ്റ്റീവ് ഒക്കീഫി
ഓസ്‌ട്രേലിയയുടെ സ്പിന്‍ ബൗളറായ സ്റ്റീവ് ഒക്കീഫി ഇന്ത്യക്കെതിരായ മത്സരത്തിലെ പ്രകടനത്തിലൂടെയാണ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. 2017ല്‍ ഇന്ത്യക്കെതിരായ പരമ്പരയില്‍ കളിച്ച അദ്ദേഹം പൂനെയില്‍ നടന്ന മത്സരത്തില്‍ രണ്ട് ഇന്നിങ്‌സിലും ആറ് വിക്കറ്റ് വീതം നേടി. ഇന്ത്യയിലെ സന്ദര്‍ശക സ്പിന്നറുടെ മികച്ച ബൗളിങ് പ്രകടനമായിരുന്നു ഇത്. എന്നാല്‍ കരിയറില്‍ 9 ടെസ്റ്റ് മാത്രമാണ് അദ്ദേഹത്തിന് കളിക്കാന്‍ അവസരം ലഭിച്ചത്. 9 മത്സരത്തില്‍ നിന്ന് 35 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. എന്നാല്‍ വലിയൊരു കരിയര്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.

കരുണ്‍ നായര്‍
ഇന്ത്യയുടെ നിര്‍ഭാഗ്യവാന്മാരായ താരങ്ങളിലൊരാളാണ് കരുണ്‍ നായര്‍. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ഇന്ത്യക്കായി ട്രിപ്പിള്‍ സെഞ്ച്വറി നേടിയ താരമാണ് കരുണ്‍ നായര്‍. സെവാഗിന് ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യത്തെ ഇന്ത്യക്കാരനായിരുന്നു കരുണ്‍. എന്നാല്‍ ഇന്ത്യക്കൊപ്പം വലിയ കരിയറിലേക്കെത്താനായില്ല. ആറ് മത്സരത്തില്‍ നിന്ന് 374 റണ്‍സുമായി താരത്തിന്റെ ടെസ്റ്റിലെ സമ്പാദ്യം. വലിയ കരിയര്‍ പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും ആവിശ്യത്തിന് അവസരം അദ്ദേഹത്തിന് ലഭിക്കാതെ പോയി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications