അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനു വേണ്ടി കളിച്ച മലയാളി താരങ്ങളില്‍ ഏറ്റവും മികച്ച പ്രകടനം നടത്തുകയും അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്തിട്ടുള്ളയാളാണ് മുന്‍ ഫാസ്റ്റ് ബൗളര്‍ ശ്രീശാന്ത്. ഐപിഎല്ലിലെ ഒത്തുകളി വിവാദത്തില്‍ അകപ്പെട്ടിരുന്നില്ലെങ്കില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായി അദ്ദേഹം തീര്‍ച്ചയായും വാഴ്ത്തപ്പെടുമായിരുന്നു.
പക്ഷെ ഒത്തുകളി വിവാദം ശ്രീയുടെ കരിയറിന്റെ തിളക്കം കെടുത്തി. രണ്ടു ലോകകപ്പ് നേട്ടങ്ങളില്‍ ഇന്ത്യക്കൊപ്പം പങ്കാളിയാവാന്‍ ഭാഗ്യമുണ്ടായ താരമാണ് അദ്ദേഹം. 2007ലെ ടി20 ലോകകകപ്പ്, 2011ല്‍ ഏകദിന ലോകകപ്പ് എന്നിവ സ്വന്തമാക്കിയ ടീമില്‍ ശ്രീയുമുണ്ടായിരുന്നു.

ഒത്തുകളി വിവാദത്തില്‍ പെടുന്നതിനു മുമ്പ് ഇന്ത്യന്‍ ടീമിലെ സഹതാരങ്ങളുമായെല്ലാം വലിയ സൗഹൃദം പുലര്‍ത്തിയിരുന്ന വ്യക്തി കൂടിയാണ് ശ്രീശാന്ത്. കേരളത്തില്‍ ഇന്ത്യന്‍ ടീം കളിക്കാനെത്തിയപ്പോള്‍ അന്നത്തെ ക്യാപ്റ്റന്‍ എംഎസ് ധോണിയടക്കം ടീമംഗങ്ങളെയെല്ലാം ശ്രീ വീട്ടിലേക്കു ക്ഷണിക്കുകയും സല്‍ക്കരിക്കുകയും ചെയ്തിരുന്നു. ദേശീയ ടീമില്‍ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുകള്‍ ആരാണെന്നു അറിയുമോ? അതു സമപ്രായക്കാരായ യുവരാജ് സിങോ, ഹര്‍ഭജന്‍ സിങോയൊന്നും അല്ലായിരുന്നു.
ഒരു അഭിമുഖത്തിലായിരുന്നു ഇന്ത്യന്‍ ടീമിലെ അടുത്ത സുഹൃത്തിനെക്കുറിച്ച് ശ്രീശാന്ത് വെളിപ്പെടുത്തിയത്. തന്റെ ആരാധനാപാത്രവും ബാറ്റിങ് ഇതിഹാസവുമായ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് അടുത്ത സുഹൃത്തെന്നായിരുന്നു ശ്രീ തുറന്നു പറഞ്ഞത്. ഞാന്‍ ഏറ്റവുമധികം സമയം ചെലവഴിച്ചിരിക്കുന്നത് സച്ചിന്‍ ടെണ്ടുല്‍ക്കറിനോടൊപ്പമാണ്. ദൈവത്തിനു തുല്യം താന്‍ സ്‌നേഹിക്കുന്ന ഒരു വ്യക്തി കൂടിയാണ് അദ്ദേഹമെന്നു ശ്രീ പറഞ്ഞു.
ക്രിക്കറ്റില്‍ വലിയ ഉയരങ്ങള്‍ കീഴടക്കിയിട്ടും വളരെയധികം വിനയം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് സച്ചിന്‍. ഈ തരത്തില്‍ ഉന്നതങ്ങളിലെത്തി നില്‍ക്കുന്ന പല പ്രമുഖരായ വ്യക്തികളിലും നമുക്കു ഈ താഴ്മയും വിനയവുമെല്ലാം കാണാന്‍ സാധിക്കും. എത്രത്തോളം നേട്ടങ്ങള്‍ കൂടുന്നോ അത്രയും എളിമയും താഴ്മയും ആവാമെന്നതിന്റെ നല്ലൊരു ഉദാഹരണം കൂടിയാണ് സച്ചിനെന്നും ശ്രീ വ്യക്തമാക്കി.
ക്രിക്കറ്റ് കരിയറില്‍ പല വലിയ കളിക്കാരെയും സെലിബ്രിറ്റികളെയെല്ലാം കണ്ടു മുട്ടാനും പരിചയപ്പെടാനുമെല്ലാം ഭാഗ്യമുണ്ടായെങ്കിലും സച്ചിന്‍ ടെണ്ടുല്‍ക്കറെ കാണാനാണ് ഏറ്റവുമധികം ആവേശം തോന്നിയിട്ടുള്ളത്. ക്രിക്കറ്ററായതു കൊണ്ടു മാത്രമല്ല ഞാന്‍ സച്ചിന്റെ പേര് പറയുന്നത്. ക്രിക്കറ്റ് ഇഷ്ടപ്പെട്ടാത്തവര്‍ക്കു പോലും ടെണ്ടുല്‍ക്കര്‍ ആരാണെന്നു അറിയാം. അത്ര മാത്രം സ്വാധീനമുണ്ടാക്കിയ ക്രിക്കറ്ററാണ് അദ്ദേഹം.
സച്ചിന്‍ ഔട്ടായാല്‍ ആളുകള്‍ ടെലിവിഷന്‍ ഓഫാക്കി കളി കാണുന്നത് അവസാനിപ്പിച്ചിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. കാരണം സച്ചിന്‍ പുറത്തായാല്‍ നമ്മള്‍ പിന്നീട് ജയിക്കില്ലായിരുന്നു. അങ്ങനെയൊരു സാഹചര്യമായിരുന്നു അന്നുണ്ടായിരുന്നതെന്നും ശ്രീശാന്ത് പറയുന്നു.

അന്താരാഷ്ട്ര തലത്തില്‍ നോക്കിയാല്‍ എനിക്കു ഏറ്റവുമധികം ഇഷ്ടമുള്ള താരങ്ങള്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഡീഗോ മറഡോണ, പെലെ എന്നിവരാണ്. സിനിമ മേഖലയിലാണെങ്കില്‍ എന്നെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ള വ്യക്തികള്‍ മോഹന്‍ ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് എന്നിവരാണെന്നും ശ്രീശാന്ത് വെളിപ്പെടുത്തി.
അതേസമയം, ഇന്ത്യക്കു വേണ്ടി മൂന്നു ഫോര്‍മാറ്റുകളിലും കളിച്ചിട്ടുള്ള താരമാണ് ശ്രീശാന്ത്. ടെസ്റ്റില്‍ 27 മല്‍സരങ്ങളിലായി 50 ഇന്നിങ്‌സുകളിലാണ് അദ്ദേഹം ബൗള്‍ ചെയ്തിട്ടുള്ളത്. ഇവയില്‍ നിന്നും 3.62 എന്ന തകര്‍പ്പന്‍ ഇക്കോണമി റേറ്റില്‍ 87 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു.
മൂന്നു തവണ അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കാനും ശ്രീശാന്തിനു കഴിഞ്ഞിട്ടുണ്ട്. 40 റണ്‍സിനു അഞ്ചു പേരെ പുറത്താക്കിയതാണ് മികച്ച പ്രകടനം. ഏകദിനത്തില്‍ 53 മല്‍സരങ്ങളില്‍ നിന്നും 75 വിക്കറ്റുകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഒരു ഫൈഫര്‍ ഇതിലുള്‍പ്പെടും. ടി20യിലാവട്ടെ 10 മല്‍സരങ്ങള്‍ മാത്രമേ ശ്രീ കളിച്ചിട്ടുള്ളൂ. ഇവയില്‍ നിന്നും ഏഴു വിക്കറ്റുകളെടുക്കുകയും ചെയ്തു.