ലോക ക്രിക്കറ്റിലേക്ക് എല്ലാക്കാലത്തും പ്രതിഭാശാലികളെ സമ്മാനിച്ച ടീമാണ് ഇന്ത്യ. സുനില്‍ ഗവാസ്‌കര്‍, കപില്‍ ദേവ് തുടങ്ങിയവരില്‍ നിന്ന് സച്ചിന്‍ ടെണ്ടുല്‍ക്കറും വിരാട് കോലിയും കടന്ന് ശുബ്മാന്‍ ഗില്‍, യശ്വസി ജയ്‌സ്വാള്‍ എന്നിവരില്‍ എത്തിനില്‍ക്കുകയാണ്. ലോക ക്രിക്കറ്റിനെ അടക്കി ഭരിക്കാന്‍ കഴിവുള്ളവരാണ് ജയ്‌സ്വാളും ശുബ്മാന്‍ ഗില്ലുമെന്ന് പറയാം. ഇരുവരുടേയും നിലവിലെ പ്രകടനങ്ങള്‍ വലിയ നിലവാരത്തിലുള്ളതാണ്.
ഇപ്പോഴിതാ അടുത്ത ഇതിഹാസമായി ലോക ക്രിക്കറ്റിനെ അടക്കി ഭരിക്കാന്‍ പോകുന്നത് ഇന്ത്യന്‍ താരമല്ലെന്നും അത് ന്യൂസീലന്‍ഡിന്റെ രചിന്‍ രവീന്ദ്രയാണെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ ഇതിഹാസ സ്പിന്നറായ നതാന്‍ ലിയോണ്‍. ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡും തമ്മിലുള്ള ടെസ്റ്റ് പരമ്പര പുരോഗമിക്കവെയാണ് ലിയോണ്‍ ഇത്തരത്തില്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. 'പ്രതിഭാശാലിയായ മികച്ച താരമായാണ് രചിനെ കാണപ്പെടുന്നത്.

ഇതാദ്യമായാണ് ഞാന്‍ അവനെതിരേ പന്തെറിയുന്നത്. ഏകദിന ലോകകപ്പിനിടെ അവന്റെ ബാറ്റിങ് ഞാന്‍ നിരവധി കണ്ടിട്ടുണ്ട്. അടുത്ത സൂപ്പര്‍ സ്റ്റാറാണവന്‍' എന്നാണ് ലിയോണ്‍ പറഞ്ഞത്. ഇന്ത്യന്‍ വംശജനായ രചിന്റെ മികവ് ഏകദിന ലോകകപ്പിലൂടെയാണ് എല്ലാവരും ശ്രദ്ധിക്കുന്നത്. മൂന്നാം നമ്പറില്‍ ബാറ്റുചെയ്യാനിറങ്ങിയ താരം 9 ഇന്നിങ്‌സില്‍ നിന്ന് 70.63 ശരാശരിയില്‍ 565 റണ്‍സാണ് ലോകകപ്പില്‍ നേടിയത്. 3 സെഞ്ച്വറിയും 2 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെയാണ് താരം കസറിയത്.
ബാറ്റ്‌സ്മാനെന്ന നിലയില്‍ മാത്രമല്ല ബൗളറെന്ന നിലയിലും മികവ് കാട്ടാന്‍ കഴിവുള്ള താരമാണ് രചിന്‍. അഞ്ച് വിക്കറ്റുകളാണ് അദ്ദേഹം ലോകകപ്പില്‍ നേടിയത്. പന്തുകൊണ്ടും ബാറ്റുകൊണ്ടും സ്ഥിരതയോടെ കളിക്കുന്ന താരം 17ാം സീസണിലൂടെ ഐപിഎല്ലിലും അരങ്ങേറാന്‍ പോവുകയാണ്. എംഎസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് 1.8 കോടിക്കാണ് രചിനെ സ്വന്തമാക്കിയത്. ഇന്ത്യന്‍ പിച്ചില്‍ തിളങ്ങാന്‍ രചിന് സാധിച്ചേക്കും.
ക്ലാസിക് ശൈലിയില്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ രചിന് സാധിക്കുന്നുണ്ട്. അടുത്ത സൂപ്പര്‍ താരമായി വളരാന്‍ പ്രതിഭയുള്ളവനാണ് രചിനെന്ന് നിസംശയം പറയാം. നിലവില്‍ മികച്ച ഫിറ്റ്‌നസ് രചിനുണ്ട്. എന്നാല്‍ തുടര്‍ മത്സരങ്ങള്‍ കളിക്കുമ്പോള്‍ പരിക്ക് താരത്തിനെ പ്രയാസപ്പെടുത്താതിരുന്നാല്‍ വലിയ കരിയര്‍ നേടിയെടുക്കാന്‍ രചിന് സാധിച്ചേക്കും. നിലവില്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റില്‍ ഭേദപ്പെട്ട പ്രകടനം നടത്താന്‍ രചിന് സാധിച്ചിട്ടുണ്ട്.
ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ രചിന്‍ ഡെക്കിനാണ് പുറത്തായത്. 3 പന്ത് നേരിട്ട താരത്തെ അക്കൗണ്ട് തുറക്കും മുമ്പ് ജോഷ് ഹെയ്‌സല്‍വുഡാണ് പുറത്താക്കിയത്. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ മികച്ച പ്രകടനത്തോടെ തിരിച്ചുവരവ് നടത്താന്‍ രചിന് സാധിച്ചിട്ടുണ്ട്. മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ 56 റണ്‍സുമായി രചിന്‍ ക്രീസിലുണ്ട്. 94 പന്ത് നേരിട്ട് 8 ഫോറും 1 സിക്‌സും ഉള്‍പ്പെടെയാണ് രചിന്‍ ക്രീസില്‍ തുടരുന്നത്.
ഓസ്‌ട്രേലിയയുടെ 369 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ന്യൂസീലന്‍ഡ് 3 വിക്കറ്റിന് 111 റണ്‍സെന്ന നിലയിലാണ്. ടോം ലാദം (8), വില്‍ യങ് (15), കെയ്ന്‍ വില്യംസണ്‍ (9) എന്നിവരുടെ വിക്കറ്റ് ന്യൂസീലന്‍ഡിന് നഷ്ടമായി. രചിനൊപ്പം ഡാരില്‍ മിച്ചലാണ് (12) ക്രീസില്‍. ഈ കൂട്ടുകെട്ട് ന്യൂസീലന്‍ഡിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ആദ്യ ഇന്നിങ്‌സില്‍ 383 റണ്‍സ് നേടാന്‍ ഓസ്‌ട്രേലിയക്കായി. മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡ് 179 റണ്‍സില്‍ ഒതുങ്ങി.
ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഓസ്‌ട്രേലിയയെ 164 റണ്‍സില്‍ കൂടാരം കയറ്റിയാണ് കിവീസ് തിരിച്ചുവരവ് നടത്തിയത്. ഏഴ് വിക്കറ്റ് ശേഷിക്കെ 258 റണ്‍സ് കിവീസിന് ജയിക്കാന്‍ വേണം. ബൗളര്‍മാര്‍ക്ക് തിളങ്ങാനാവുന്ന പിച്ചില്‍ ന്യൂസീലന്‍ഡിന് ജയം നേടുക പ്രയാസമാണെന്ന് തന്നെ പറയാം.