ലോക ക്രിക്കറ്റില്‍ താന്‍ കൈവരിക്കാന്‍ ആഗ്രഹിക്കുന്ന ഏറ്റവും വലിയ സ്വപ്‌നത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മലയാളി സൂപ്പര്‍താരവും ടി20യില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് കീപ്പറുമായ സഞ്്ജു സാംസണ്‍. ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓഫ്‌സ്പിന്നറും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിന്റെ യൂട്യൂബ് ചാനലില്‍ അതിഥിയായി വന്നപ്പോഴാണ് അദ്ദേഹം ആ സ്വപ്‌നത്തെ കുറിച്ചു മനസ്സ് തുറന്നത്.
ഇന്ത്യന്‍ ടീമിനോടൊപ്പം ലോകകപ്പ് വിജയമോ, ടി20യില്‍ ഡബിള്‍ സെഞ്ച്വറിയോ അല്ല സഞ്ജുവിന്റെ ഏറ്റവും വലിയ ലക്ഷ്യം. മറിച്ച് വിരമിക്കുന്നതിനു മുമ്പ് ഇന്ത്യന്‍ കുപ്പായത്തില്‍ മറ്റൊരു നേട്ടം കൈവരിക്കുകയാണ് തന്റെ സ്വപ്‌നമെന്നാണ് 30കാരനായ സഞ്ജു വെളിപ്പെടുത്തിയത്.

സഞ്ജുവിന്റെ സ്വപ്‌നം
'കുട്ടി സ്റ്റോറീസ് വിത്ത് അശ്വിന്‍' എന്ന ആര്‍ അശ്വിന്റെ യൂട്യൂബ് ചാനലിലെ ഷോയില്‍ സംസാരിക്കവെയാണ് ഏറ്റവും വലിയ ആ സ്വപ്നത്തെ കുറിച്ച് സഞ്ജു സാംസണിനോടു ചോദിച്ചത്. ഇന്ത്യന്‍ കുപ്പായത്തില്‍ ഒരോവറില്‍ ആറു സിക്‌സറുകള്‍ നേടുകയെന്നതാണ് തന്റെ ആ സ്വപ്‌നമെന്നു അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്തു.
2015ലെ സിംബാബ്‌വെ പര്യടനത്തിലൂടെയാണ് 20ാംവയസ്സില്‍ സഞ്ജു അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. പക്ഷെ ടീമിനു അകത്തും പുറത്തുമായി തുടരാനായിരുന്നു അദ്ദേഹത്തിന്റെ വിധി. ടീമിലെ സ്ഥിരം സാന്നിധ്യമായി മാറാന്‍ സഞ്ജുവിനു കഴിഞ്ഞില്ല. ഇപ്പോള്‍ ഗൗതം ഗംഭീര്‍ മുഖ്യ കോച്ചും സൂര്യകുമാര്‍ യാദവ് ടി20 ക്യാപ്റ്റനുമായതിനു ശേഷമാണ് അദ്ദേഹത്തിന്റെ സമയം തെളിഞ്ഞത്.
അടുത്തിടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ സഞ്ജു പത്തു വര്‍ഷം പൂര്‍ത്തിയാക്കിയത്. ഇന്ത്യക്കു വേണ്ടി 42 ടി20കളിലും 16 ഏകദിനങ്ങളിലും സഞ്ജു ഇതിനകം കളിച്ചിട്ടുണ്ട്. ടി20യില്‍ 25.32 ശരാശരിയില്‍ 152.39 സ്‌ട്രൈക്ക്‌റേറ്റില്‍ 861 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. മൂന്നു സെഞ്ച്വറികളും രണ്ടു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. ബംഗ്ലാദേശിനെതിരേ കഴിഞ്ഞ വര്‍ഷം നേടിയ 111 റണ്‍സാണ് സഞ്ജുവിന്റെ കരിയര്‍ ബെസ്റ്റ് സ്‌കോര്‍.
ഏകദിനത്തില്‍ 56.67 ശരാശരിയില്‍ ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റിയുമടക്കം 510 റണ്‍സും അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ട്. ഇനി ടെസ്റ്റ് അരങ്ങേറ്റത്തിനായി കാത്തിരിക്കുകകയാണ് അദ്ദേഹം. ടെസ്റ്റ് ടീമിലേക്കു തന്നെ പരിഗണിക്കുന്നുണ്ടെന്നും തയ്യാറായി ഇരിക്കാന്‍ ഗംഭീര്‍ ആവശ്യപ്പെട്ടതായും സഞ്ജു കുറച്ചു മുമ്പ് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
ലക്ഷ്യത്തിന് തൊട്ടരികെയെത്തി
ഇന്ത്യന്‍ കുപ്പായത്തില്‍ ഒരോവറിലെ ആറു ബോളുകളിലും സിക്‌സറുകളടിക്കുകയെന്ന സ്വപ്‌നത്തിനു തൊട്ടിരികെ വരെ കഴിഞ്ഞ വര്‍ഷം സഞ്ജു സാംസണ്‍ എത്തിയിരുന്നു. ബംഗ്ലാദേശുമായി നാട്ടില്‍ നടന്ന മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലെ അവസാന കളിയിലായിരുന്നു ഇത്. അന്നു ഒരോവറില്‍ അഞ്ചു സിക്‌സറുകളാണ് സഞ്ജു വാരിക്കൂട്ടിയത്.

മുന്‍ ഇതിഹാസ ഓള്‍റൗണ്ടറും വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ മാച്ച് വിന്നറുമായ യുവരാജ് സിങാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരോവറിലെ ആറു ബോളും സിക്‌സറിലേക്കു പായിച്ച ആദ്യത്തെ താരം. 2007ലെ പ്രഥമ ഐസിസി ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടുമായുള്ള പോരാട്ടത്തിലായിരുന്നു യുവിയുടെ ചരിത്രനേട്ടം. പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരേയായിരുന്നു അദ്ദേഹത്തിന്റെ സിക്‌സര്‍ മഴ.
അതിനു ശേഷം അന്താരാഷ്ട്ര ടി20യില്‍ ഈ നേട്ടം ആവര്‍ത്തിച്ച രണ്ടാമത്തെയാള്‍ വെസ്റ്റ് ഇന്‍ഡീസ് മുന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ കരെണ്‍ പൊള്ളാര്‍ഡാണ്. 2021ല്‍ ശ്രീലങ്കയ്‌ക്കെതിരേയാണിത്. പിന്നീട് നേപ്പാളിന്റെ ദീപേന്ദ്ര സിങ് എയറി ഖത്തറിനെതിരേയും ബള്‍ഗേറിയയുടെ മനന്‍ ബഷീര്‍ ജിബ്രാള്‍ട്ടറിനെതിരേയും ഒരോവറില്‍ ആറു സിക്‌സറുകളടിച്ചിട്ടുണ്ട്.
ഏകദിന ക്രിക്കറ്റിലേക്കു വന്നാല്‍ വെറും രണ്ടു പോരാണ് ഈ റെക്കോര്‍ഡിന് അവകാശികളായിട്ടുള്ളത്. സൗത്താഫ്രിക്കയുടെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ ഹെര്‍ഷല്‍ ഗിബ്‌സും യുഎഇയുടെ ജസ്‌കരണ്‍ മല്‍ഹോത്രയുമാണ് എലൈറ്റ് ക്ലബ്ബിലുള്ള താരങ്ങള്‍.