ലോക ക്രിക്കറ്റില്‍ ഒരു സമയത്തു ബൗളര്‍മാരുടെ പേടിസ്വപ്‌നമായിരുന്നു ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപ്പണിങ് ബാറ്റര്‍ വീരേന്ദര്‍ സെവാഗ്. ബൗളര്‍ ആരാണെന്നു അദ്ദേഹം ശ്രദ്ധിക്കാറില്ല. തന്റെ ഏരിയയിലാണ് ബോളെങ്കില്‍ വീരു അതിനെ നിലംതൊടീക്കാതെ പറപ്പിച്ചിരിക്കും. വ്യക്തിഗത നേട്ടങ്ങളോ, കളിയിലെ അപ്പോഴത്തെ സാഹചര്യമോ അദ്ദേഹത്തിനു വിഷയമല്ലായിരുന്നു.
ഇപ്പോഴിതാ സെവാഗിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് സൗത്താഫ്രിക്കന്‍ മുന്‍ ഫാസ്റ്റ് ബൗളര്‍ വെയ്ന്‍ പാര്‍നല്‍. കളിച്ചിരുന്ന സമയത്തു തനിക്കു ഏറ്റവുമധികം തലവേദന സൃഷ്ടിച്ചിട്ടുള്ള ഇന്ത്യന്‍ ബാറ്റര്‍ വീരുവായിരുന്നെന്നാണ് അദ്ദേഹം തുറന്നു പറഞ്ഞിരിക്കുന്നത്.

വീരു അപകടകാരി
ഇന്ത്യന്‍ ക്രിക്കറ്റര്‍മാരില്‍ ഏറ്റവുമധികം ഭീഷണിയുയര്‍ത്തിയ താരത്തെ കുറിച്ചുള്ള ചോദ്യത്തിനാണ് വീരേന്ദര്‍ സെവാഗിന്റെ പേര് വെയ്ന്‍ പാര്‍നല്‍ പറഞ്ഞിരിക്കുന്നത്. എല്ലാവരും തിരയുന്ന ഉത്തരം വിരാട് കോലി എന്നായിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. പക്ഷെ എന്നെ സംബന്ധിച്ച് അതു വിരാടല്ല.
ഞാന്‍ കൡക്കാന്‍ തുടങ്ങി സമയത്തു ഏറ്റവുമധികം തലവേദന നല്‍കിയിട്ടുള്ളത് വീരേന്ദര്‍ സെവാഗായിരുന്നു. കൂടാതെ സച്ചിന്‍ ടെണ്ടുല്‍ക്കറും എനിക്കു വെല്ലുവിളിയുയര്‍ത്തിയിട്ടുണ്ട്. അന്നു ഞങ്ങള്‍ക്കെതിരേ ഏകദിനത്തില്‍ അദ്ദേഹം 200 അടിച്ച കളിയില്‍ ബാറ്റിങ് വളരെ എളുപ്പമായി നമ്മളെ തോന്നിപ്പിച്ചു. വളരെധികം കഴിവുറ്റ ക്രിക്കറ്ററായിരുന്നു സച്ചിനെന്നും പാര്‍നല്‍ വിശദമാക്കി.
സെവാഗും സച്ചിനും
വീരേന്ദര്‍ സെവാഗും സച്ചിന്‍ ടെണ്ടുല്‍ക്കറും തികച്ചും വ്യത്യസ്തമായ ശൈലിയില്‍ ബാറ്റ് ചെയ്തിട്ടുള്ള താരങ്ങളായിരുന്നുവെന്നു വെയ്ന്‍ പാര്‍നല്‍ അഭിപ്രായപ്പെട്ടു. സെവാഗ് ഒരുപാട് ബൗണ്ടറികള്‍ പായിക്കുമായിരുന്നു. എന്നാല്‍ സച്ചിന്‍ അങ്ങനെയായിരുന്നില്ല. ഫീല്‍ഡില്‍ കൗശലം കാണിച്ചിരുന്ന ബാറ്ററാണ് അദ്ദേഹം.
സച്ചിന്‍ ഒരു നിശ്ചിത ഇടത്തേക്കു മാത്രമേ ഷോട്ടുകള്‍ കളിക്കുകയുള്ളൂ. നമ്മള്‍ ആ സ്ഥലം പിന്നീട് ഫീല്‍ഡറെ നിര്‍ത്തി കവര്‍ ചെയ്യാന്‍ ശ്രമിക്കും. പക്ഷെ സച്ചിന്റെ അടുത്ത ഷോട്ട് മറ്റൊരിടത്തേക്കുമായിരിക്കും. വളരെയധികം സ്മാര്‍ട്ടായി കളിച്ചിരുന്നയാളാണ് സച്ചിന്‍.

ഇന്ത്യക്കെതിരേ ഞങ്ങള്‍ കളിച്ചിരുന്ന സമയത്തു എനിക്കു ഉറക്കമില്ലാത്ത രാത്രികള്‍ നല്‍കിയ താരങ്ങളായിരുന്നു സെവാഗും സച്ചിനും. കൂടാതെ ഡെത്ത് ഓവറുകളില്‍ എംഎസ് ധോണിക്കെതിരേ ബൗള്‍ ചെയ്യുകയെന്നതും വളരെയധികം ബുദ്ധിമുട്ടായിരുന്നുവെന്നും സൗത്താഫ്രിക്കയ്ക്കു വേണ്ടി മൂന്നു ഫോര്‍മാറ്റുകളിയാ ി135 മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള പാര്‍നല്‍ കൂട്ടിച്ചേര്‍ത്തു.
നെഹ്‌റയുടെ ഫാന്‍
ഇന്ത്യയുടെ മുന്‍ ഇടംകൈയന്‍ പേസര്‍ ആശിഷ് നെഹ്‌റയുടെ കടുത്ത ആരാധകനായിരുന്നു താനെന്നും അദ്ദേഹത്തെയാണ് കരിയറില്‍ മാതൃകയാക്കിയിരുന്നതെന്നും വെയ്ന്‍ പാര്‍നല്‍ വെളിപ്പെടുത്തി. പിന്നീട് ഐപിഎല്ലില്‍ മുന്‍ ടീമായ പൂനെ വാരിയേഴ്‌സിനു വേണ്ടി തന്റെ ഹീറോയായ നെഹ്‌റയ്‌ക്കൊപ്പം കളിക്കാനുള്ള ഭാഗ്യവും അദ്ദേഹത്തിനു ലഭിച്ചിരുന്നു.
എന്നെ സംബന്ധിച്ച് വേറിട്ടു നില്‍ക്കുന്ന താരമെന്നു പറയാവുന്നയാള്‍ ആശിഷ് നെഹ്‌റയാണ്. ഇടംകൈയന്‍ സീമറായ അദ്ദേഹത്തെ ആരാധിച്ചാണ് ഞാന്‍ വളര്‍ന്നത്. പൂനെ വാരിയേഴ്‌സ് ടീമിനു വേണ്ടി അദ്ദേഹത്തോടൊപ്പം ഒരു സീസണില്‍ കളിക്കാനുള്ള ഭാഗ്യവും എനിക്കു കിട്ടി.
പൂനെ സ്റ്റേഡിയത്തിലെ മുകളിലത്തെ നിലയില്‍ വച്ച് അത്താഴത്തിനിടെ നെഹ്‌റയുമായി സംസാരിച്ചത് ഞാന്‍ ഓര്‍മിക്കുന്നു. ഒരു ടീമില്‍ നിങ്ങളുടെ റോള്‍ മനസ്സിലാക്കുന്നതിനെയും ഒരു ടീമിനെ എങ്ങനെ സജ്ജമാക്കാമെന്നതിനെ കുറിച്ചുമായിരുന്നു അന്നു ഞങ്ങളുടെ സംസാരം. ലോകത്തിന്റെ ഏതു ഭാഗത്തു കളിച്ചപ്പോഴും ഞാന്‍ ഇതു പിന്തുടരാന്‍ തന്നെയാണ് ശ്രമിച്ചിട്ടുള്ളത്. മാത്രമല്ല, എന്താണോ നമ്മുടെ കഴിവെന്നു മനസ്സിലാക്കി അതില്‍ ഉറച്ചു നില്‍ക്കാനും ശ്രമിച്ചിരുന്നു.
ഇടംകൈയന്‍ സീമറായ എന്നെ സംബന്ധിച്ചിടത്തോളം ബോള്‍ സ്വിങ് ചെയ്യിക്കുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. എനിക്കു അതു അല്‍പ്പം നഷ്ടമായിരുന്നു. അന്നു നെഹ്‌റയുമായുള്ള സംസാരം ഏറെ മനോഹരമായിരുന്നു.
അന്നു ഞാന്‍ പഠിച്ചിട്ടുള്ള കാര്യങ്ങള്‍ ഒപ്പമുള്ള മറ്റു ടീമംഗങ്ങളിലേക്കും, അതുപോലെ ളര്‍ന്നുവരുന്ന യുവതാരങ്ങളിലേക്കും ഞാന്‍ കൈമാറും. നിങ്ങളുടെ കരുത്ത് എന്താണെന്നും അതില്‍ പരമാവധി ശ്രദ്ധിക്കുകയും വേണം. അതു നിങ്ങളെ വ്യത്യസ്തരാക്കി മാറ്റുമെന്നും പാര്‍നല്‍ വിശദമാക്കി.