ഇന്ത്യന്‍ ക്രിക്കറ്റിലെ രണ്ടാമത്തെ വന്‍മതിലെന്നു വിശേഷിപ്പിക്കപ്പെടുന്നയാളാണ് മുന്‍ സൂപ്പര്‍ താരം ചേതേശ്വര്‍ പുജാര. നിലവില്‍ ടെസ്റ്റ് ടീമിന്റെ ഭാഗമല്ലെങ്കിലും 37കാരനായ ബാറ്റര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ഇനിയും വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല. മല്‍സരരംഗത്തു സജീവമല്ലെങ്കിലും കമന്ററിയിലും ക്രിക്കറ്റ് വിദഗ്ധനുമായെല്ലാം പുജാര ഇപ്പോഴും ആരാധകര്‍ക്കിടയിലുണ്ട്.
പേസ്, സ്പിന്‍ ബൗളിങിനെ നേരിടുന്നതില്‍ ഒരുപോലെ മിടുക്കനായ അദ്ദേഹത്തിന്റെ ബാറ്റിങ്
ടെക്‌നിക്ക് ഗംഭീരവുമായിരുന്നു. ഇപ്പോഴിതാ സ്പിന്‍ ബൗളിങിനെതിരേ തന്നേക്കാള്‍ കേമനായ ബാറ്റര്‍ ആരാണെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് പുജാര. ഇഎസ്പിന്‍ ക്രിക്ക്ഇന്‍ഫോയുടെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആ പാക് താരം ബെസ്റ്റ്
ഇഎസ്പിഎന്‍ ക്രിക്ക്ഇന്റഫോയുടെ ഷോയില്‍ തന്നേക്കാള്‍ നന്നായ സ്പിന്‍ ബൗളിങിനെതിരേ ബാറ്റ് ചെയ്യുന്ന താരത്തെ തിരഞ്ഞെടുക്കാനാണ് ചേതേശ്വര്‍ പുജാരയോടു ആവശ്യപ്പെട്ടത്. പല താരങ്ങളുടെയും പേരുകള്‍ അദ്ദേഹത്തിനു ഓപ്ഷനുകളായി നല്‍കി. അതില്‍ തന്നേക്കാള്‍ മികച്ചയാളുടെ പേര് വരുന്നതു വരെ നിശബ്ധനായിരിക്കാനും പുജാരയോടു നിര്‍ദേശിക്കുകയായിരുന്നു.
ഡേവിഡ് വാര്‍ണര്‍, അലെസ്റ്റര്‍ കുക്ക്, അജിങ്ക്യ രഹാനെ തുടങ്ങിയവരുടെയെല്ലാം പേരുകള്‍ പറഞ്ഞപ്പോള്‍ പുജാര ഒന്നും മിണ്ടിയില്ല. എന്നാല്‍ ഇംഗ്ലണ്ടിന്റെ സൂപ്പര്‍ താരമായ ജോ റൂട്ടിന്റെ പേര് വന്നപ്പോള്‍ ചിലപ്പോള്‍ ആയിരിക്കാമെന്നു അദ്ദേഹം പ്രതികരിക്കുകയും ചെയ്തു.
ഇതിനു ശേഷം ഇതിഹാസ താരവും തന്റെ മുന്‍ ക്യാപ്റ്റനുമായ വിരാട് കോലിയെ കുറിച്ചായിരുന്നു പുജാരയോടു ചോദിച്ചത്. എനിക്കു തുല്യമായി തന്നെ പറയാന്‍ കഴിയും. കണക്കുകള്‍ നോക്കുകയാണെങ്കില്‍ സ്പിന്നിനെതികേ അദ്ദേഹം നല്ല പ്ലെയര്‍ ആണെന്നു തന്നെയാണ് പറയുന്നതെന്നും പുജാര വ്യക്തമാക്കി.
കോലിക്കു ശേഷം ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്, ന്യൂസിലാന്‍ഡിന്റെ കെയ്ന്‍ വില്ല്യംസണ്‍ എന്നിവരെക്കുറിച്ചായിരുന്നു അദ്ദേഹത്തോടുള്ള ചോദ്യം. ഇരുവരും ഇന്ത്യക്കെതിരേ റണ്ണെടുത്തിട്ടുള്ളവരാണ്. അവരുടെ നമ്പറുകളും മികച്ചതാണ്.
പക്ഷെ .ഇവര്‍ എന്നേക്കാള്‍ മികച്ചവരാണോയെന്നറിയില്ല. സ്പിന്നിന്റെ കാര്യത്തില്‍ എന്നെയും അവരെയും താരതമ്യം ചെയ്യുകയെന്നതും ബുദ്ധിമുട്ടാണ്. എങ്കിലും രണ്ടു പേരും കഴിവുറ്റ കളിക്കാര്‍ തന്നെയാണെന്നും പുജാര പറയുന്നു.
അവസാനമായിട്ടാണ് പാകിസ്താന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ യൂനിസ് ഖാന്‍ സ്പിന്നിനെതിരേ തന്നേക്കാള്‍ മികച്ച ബാറററാണെന്നു അദ്ദേഹം തുറന്നു സമ്മതിച്ചത്. യൂനിസ് ഖാന്‍, അദ്ദേഹം എന്നേക്കാള്‍ മികച്ച ബാറ്റാറാണെന്നു താന്‍ പറയുമെന്നു പുജാര വ്യക്തമാക്കി.
പാകിസ്താന്റെ എക്കാലത്തെയെും മികച്ച ബാറ്റര്‍മാരുടെ നിരയിലാണ് മുന്‍ ക്യാപ്റ്റന്‍ കൂടിയായിരുന്ന യൂനിസിന്റെ സ്ഥാനം. 118 ടെസ്റ്റുകളില്‍ നിന്നും 10,099 റണ്‍സുമായാണ് അദ്ദേഹം വിരമിച്ചത്. 52.05 എന്ന മികച്ച ശരാശരിയോടെയാണിത്.

ടെസ്റ്റില്‍ പാകിസ്താന്റെ എക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരനും അദ്ദേഹം തന്നെ. 34 സെഞ്ച്വറികളും 33 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. 2009ല്‍ ശ്രീലങ്കയുമായുള്ള ടെസ്റ്റിലാണ് കരിയര്‍ ബെസ്റ്റ് സ്‌കോറായ 313 റണ്‍സ് യൂനിസ് കുറിച്ചത്.
സ്പിന്നിനെതിരേയുള്ള അദ്ദേഹത്തിന്റെ റെക്കോര്‍ഡും എടുത്തു പറയേണ്ടതാണ്. ടെസ്റ്റില്‍ 150 ഇന്നിങ്‌സുകളില്‍ നിന്നും 75.2 എന്ന കിടിലന്‍ ശരാശരിയില്‍ യൂനിസ് അടിച്ചെടുത്തത് 4436 റണ്‍സാണ്.
അതേസമയം, പുജാര ഇന്ത്യക്കായി 103 ടെസ്റ്റുകളാണ് ഇതിനകം കളിച്ചത്. 43.60 ശരാശരിയില്‍ 7195 റണ്‍സും സ്‌കോര്‍ ചെയ്തു. 19 സെഞ്ച്വറിയും 35 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. സ്പിന്നര്‍മാര്‍ക്കെതിരേ 129 ഇന്നിങ്‌സുകളില്‍ നിന്നും 61.4 ശരാശരിയില്‍ അദ്ദേഹം 3376 റണ്‍സും നേടിയിട്ടുണ്ട്.