ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇതു മാറ്റങ്ങളുടെ സമയമാണ്. ഇതിഹാസ താരങ്ങളും മുന്‍ നായകരുമായിരുന്ന രോഹിത് ശര്‍മ, വിരാട് കോലി എന്നിവരില്ലാതെ പുതിയ ലുക്കിലേക്കു മാറിക്കൊണ്ടിരിക്കുകയാണ് ടീം ഇന്ത്യ. ടി20ക്കു പിന്നാലെ ടെസ്റ്റിലും ഇനി 'രോക്കോ'യില്ലാത്ത പുതിയ ടീമിനെയാണ് നമുക്കു കാണാന്‍ സാധിക്കുക.
ഈ മാസമാരംഭിക്കുന്ന ഇംഗ്ലണ്ട് പര്യടനം ഇതിനു തുടക്കമിടുകയും ചെയ്യുകയാണ്. രോഹിത്തിന്റെ പിന്‍ഗാമിയായി ടെസ്റ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനായി ശുഭ്മന്‍ ഗില്ലിനെ നിയമിക്കുകയും ചെയ്തു. ഏകദിന ക്രിക്കറ്റിലും വൈകാതെ തന്നെ സമാനമായ അഴിച്ചുപണികള്‍ പ്രതീക്ഷിക്കാം.
ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെ റണ്ണറപ്പാക്കി വീണ്ടും ക്യാപ്റ്റന്‍സി മിടുക്ക് തെളിയിച്ചതോടെ ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമുകളുടെ നായകസ്ഥാനത്തേക്കു ശ്രേയസ് അയ്യര്‍ പരിഗണിക്കപ്പെടുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പക്ഷെ ഇതു സംഭവിക്കാനുള്ള സാധ്യതയില്ലെന്നാണ് ഉപ്പോള്‍ പുറത്ത വരുന്ന വിവരം.

അഗാര്‍ക്കറിനു താല്‍പ്പര്യം ഗില്ലിനോട്
ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലുമെല്ലാം തന്റെ ക്യാപ്റ്റന്‍സി പാടവം തെളിയിച്ചു കഴിഞ്ഞെങ്കിലും ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്തേക്കു ശ്രേയസ് അയ്യരെ കൊണ്ടുവരാന്‍ മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കു താല്‍പ്പര്യമില്ലെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പകരം 25 കാരനായ ശുഭ്മന്‍ ഗില്‍ തന്നെ ഏകദിനത്തിലും അടുത്ത ക്യാപ്റ്റനായി മതിയെന്നാണ് അഗാര്‍ക്കറുടെ ആഗ്രഹം.
നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും വ്യത്യസ്ത നായകരാണ് ഇന്ത്യക്കുള്ളത്. ടെസ്റ്റില്‍ ഗില്‍ നയിക്കുമ്പോള്‍ ഏകദിനത്തില്‍ രോഹിത് ശര്‍മയും ടി20യില്‍ സൂര്യകുമാര്‍ യാദവുമാണ് ടീമിന്റെ ക്യാപ്റ്റന്‍മാര്‍. അടുത്ത ഐസിസി ഏകദിന ലോകകപ്പ് 2027 ഒക്ടോബറില്‍ നടക്കാനിരിക്കെ ടീമിനെ മൂന്നു വ്യത്യസ്ത നായകര്‍ നയിക്കുന്നതിനോടു ബിസിസിഐയ്ക്കു താല്‍പ്പര്യമില്ല.
അടുത്ത ലോകകപ്പിനു ഇനിയും രണ്ടര വര്‍ഷത്തോളം ബാക്കിനില്‍ക്കുകയാണ്. അപ്പോഴേക്കും രോഹിത്തിനു 40 വയസ്സാവുകയും ചെയ്യും. ആ സമയത്തു അദ്ദേഹത്തിന്റെ ഫോമും ഫിറ്റ്‌നസും എങ്ങനെ ആയിരിക്കുമെന്നതില്‍ സംശയമുണ്ട്. രണ്ടും നിലനിര്‍ത്തിയെങ്കില്‍ മാത്രമേ ഏകദിന ലോകകപ്പില്‍ ടീമിനായി കളിക്കാനും നായകസ്ഥാനത്തു തുടരാനും രോഹിത്തിനു സാധിക്കുകയുള്ളൂ.
എന്നാല്‍ രോഹിത്തിനെ മാറ്റി ഏകദിന ടീമിന്റെ പുതിയ സ്ഥിരം ക്യാപ്റ്റനായി ഗില്ലിനെ പ്രഖ്യാപിക്കുമോയെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. ടെസ്റ്റ് നായകനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രകടനം കൂടി പരിഗണിച്ചായിരിക്കും ബിസിസിഐ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തേക്കുക.

രോഹിത്തിന്റെ വിരമിക്കല്‍
ഈ വര്‍ഷം നടന്ന ഐസിസിയുടെ ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ടീമിനെ ജേതാക്കളാക്കിയതിനു ശേഷം ഏകദിന ക്രിക്കറ്റില്‍ നിന്നും രോഹിത് ശര്‍മ വിരമിച്ചേക്കുമെന്നു പ്രതീക്ഷിച്ചിരുന്നതായി തുറന്നു പറഞ്ഞിരിക്കുകയാണ് ഒരു ബിസിസിഐ ഒഫീഷ്യല്‍. ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇക്കാര്യം പുറക്കു വിട്ടിരിക്കുന്നത്.
ചാംപ്യന്‍സ് ട്രോഫിയില്‍ വിജയിച്ചപ്പോള്‍ ഏകദിന ഫേര്‍മാറ്റ് വിടാന്‍ രോഹിത് ശര്‍മ ആഗ്രഹിച്ചിരുന്നുവെന്നാണ് ഞങ്ങളില്‍ പലരും കരുതിയത്. ഏകദിന ക്രിക്കറ്റിലെ ഭാവിയെക്കുറിച്ച് രോഹിത്തും സെലക്ടര്‍മാരും തമ്മില്‍ ഇതുവരെ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും ബിസിസിഐ ഒഫീഷ്യല്‍ വെളിപ്പെടുത്തി.
കഴിഞ്ഞ മാസം ടെസ്റ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചതിനു ശേഷം ഏകദിന ക്രിക്കറ്റില്‍ തുടര്‍ന്നും കളിക്കാന്‍ ആഗ്രഹിക്കുന്നതായി രോഹിത് വ്യക്തമാക്കിയിരുന്നു. 2027ലെ ഏകദിന ലോകകപ്പില്‍ കൂടി കളിച്ച് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയെന്നതാണ് അദ്ദേഹത്തിന്റെ പ്ലാന്‍.
കഴിഞ്ഞ ചാപ്യന്‍സ് ട്രോഫിയില്‍ ലീഗ് ഘട്ടത്തിലൊന്നും കാര്യമായി തിളങ്ങാന്‍ സാധിക്കാതെ പോയ രോഹിത് ഫൈനലിലായിരുന്നു ഏറ്റലും മികച്ച ഇന്നിങ്‌സ് കളിച്ചത്. ന്യൂസിലാന്‍ഡുമായുള്ള കലാശപ്പോരില്‍ 76 റണ്‍സുമായി അദ്ദേഹം ടീമിന്റെ ഹീറോയായി മാറി. പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും ഹിറ്റ്മാനെ തേടിയെത്തിയിരുന്നു.