കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മലയാളി താരമാണ് സഞ്ജു സാംസണ്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സഞ്ജു സാംസണ്‍ ഓപ്പണര്‍ റോളില്‍ മിന്നും പ്രകടനമാണ് ഇന്ത്യയുടെ ടി20 ടീമിനായി കാഴ്ചവെക്കുന്നത്. ഓപ്പണറായി ഇറങ്ങിയ സഞ്ജു മൂന്ന് സെഞ്ച്വറികളാണ് ഈ വര്‍ഷം ഇന്ത്യയുടെ ടി20 ടീമിനായി നേടിയത്. ഒരു കലണ്ടര്‍ വര്‍ഷം മൂന്ന് അന്താരാഷ്ട്ര ടി20 സെഞ്ച്വറിയെന്ന നേട്ടം സഞ്ജു സാംസണിന് മാത്രം അവകാശപ്പെടാന്‍ സാധിക്കുന്ന റെക്കോഡാണ്.
ഇന്ത്യന്‍ ടീമിന്റെ അഭിവാജ്യ ഘടകമാണെന്ന് പറയാനാവില്ലെങ്കിലും സൂപ്പര്‍ താരങ്ങളെപ്പോലും ഞെട്ടിപ്പിക്കുന്ന ആരാധക പിന്തുണ സഞ്ജുവിനുണ്ട്. ഫോമിലേക്കെത്തിയാല്‍ എതിര്‍ ബൗളര്‍മാരുടെ അന്തകനാവുന്ന ബാറ്റിങ് ശൈലി സഞ്ജുവിനുണ്ട്. സ്പിന്നിനെതിരേ നന്നായി ബാറ്റ് ചെയ്യാന്‍ സഞ്ജുവിന് കഴിവുണ്ട്. 2015 മുതല്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിട്ടുള്ള താരമാണ് സഞ്ജു. എന്നാല്‍ അദ്ദേഹത്തിന്റെ മികവിനൊത്ത പ്രകടനം കാണാനാവുന്നത് ഈ വര്‍ഷമാണെന്ന് പറയാം.
ഓപ്പണറെന്ന നിലയില്‍ മിന്നിക്കുന്ന സഞ്ജു തന്റെ റോള്‍ മോഡല്‍ ആരാണെന്നും സ്വപ്‌ന ബാറ്റിങ് പങ്കാളി ആരാണെന്നും വെളിപ്പെടുത്തിയിരുന്നു. അത് ആരൊക്കെയാണെന്ന് അറിയാം.
കോലിയോടൊപ്പം ബാറ്റ് ചെയ്യാനിഷ്ടം
വെടിക്കെട്ട് ബാറ്റിങ് ശൈലിക്ക് ഉടമയാണ് സഞ്ജു. നേരിടുന്ന ആദ്യ പന്ത് മുതല്‍ കടന്നാക്രമിക്കുകയെന്നതാണ് സഞ്ജുവിന്റെ ശൈലി. അതുകൊണ്ടുതന്നെ സഞ്ജുവിന്റെ റോള്‍ മോഡല്‍ വീരേന്ദര്‍ സെവാഗ്, ക്രിസ് ഗെയ്ല്‍, എ ബി ഡിവില്ലിയേഴ്‌സ്, രോഹിത് ശര്‍മ എന്നിവരെപ്പോലെയുള്ള വെടിക്കെട്ട് താരങ്ങള്‍ ആരെങ്കിലും ആയിരിക്കുമെന്നാവും പൊതുവേയുള്ള ധാരണ. എന്നാല്‍ സഞ്ജു ഒരിക്കല്‍ ഇതിനെക്കുറിച്ച് മനസ് തുറന്നിരുന്നു.
ചെറുപ്പത്തില്‍ അതിവേഗം റണ്‍സുയര്‍ത്തുന്ന എല്ലാ ബാറ്റ്‌സ്മാന്‍മാരേയും ഇഷ്ടമായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്കെത്തിയ ശേഷം വിരാട് കോലിയെയാണ് റോള്‍ മോഡലായി കാണുന്നതെന്നും ബാറ്റ് ചെയ്യാന്‍ കൂടുതല്‍ ആഗ്രഹിക്കുന്നത് കോലിയോടൊപ്പമാണെന്നും സഞ്ജു പറഞ്ഞിട്ടുണ്ട്. കോലിയുടെ അര്‍പ്പണബോധവും ഫിറ്റ്‌നസിന് നല്‍കുന്ന പ്രാധാന്യവുമെല്ലാം എല്ലാവര്‍ക്കും മാതൃകയാണ്. കോലി താരമെന്ന നിലയിലും വ്യക്തിയെന്ന നിലയിലും മാതൃകയാണെന്നാണ് സഞ്ജു നേരത്തെ തുറന്ന് പറഞ്ഞിട്ടുള്ളത്.

സഞ്ജുവിന് മുന്നില്‍ പ്രതീക്ഷകളേറെ
ഗൗതം ഗംഭീര്‍ ഇന്ത്യയുടെ ടി20 ടീമിന്റെ പരിശീലകനായി എത്തിയതോടെയാണ് സഞ്ജു സാംസണിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാന്‍ തുടങ്ങിയത്. ഓപ്പണര്‍ റോളിലേക്ക് സഞ്ജുവിനെ എത്തിച്ചത് ഗംഭീറാണ്. തകര്‍പ്പന്‍ പ്രകടനങ്ങളോടെയാണ് അദ്ദേഹം കസറിയത്. മൂന്ന് സെഞ്ച്വറികള്‍ ഈ വര്‍ഷം കുട്ടിക്രിക്കറ്റില്‍ അദ്ദേഹം നേടി. ബംഗ്ലാദേശിനെതിരേ സെഞ്ച്വറി നേടിയ സഞ്ജു തൊട്ടടുത്ത മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും സെഞ്ച്വറി നേടി.
ടി20യില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറികള്‍ നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനായി മാറാനും സഞ്ജുവിന് സാധിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ടി20യിലേക്ക് മാത്രമാണ് സഞ്ജുവിനെ പരിഗണിക്കുന്നത്. ഏകദിനത്തിലും ടെസ്റ്റിലും സഞ്ജു ഇന്ത്യന്‍ ടീമിന് പുറത്താണ്. അതുകൊണ്ടുതന്നെ വിരാട് കോലിയോടൊപ്പം ഇനി ബാറ്റ് ചെയ്യുകയെന്നത് സഞ്ജുവിനെ സംബന്ധിച്ച് എളുപ്പമുള്ള കാര്യമല്ല. കോലി ടി20യില്‍ നിന്ന് വിരമിച്ച താരമാണ്. അതേ സമയം ഏകദിനത്തിലും ടെസ്റ്റിലും അദ്ദേഹം കളിക്കുന്നുണ്ട്. സഞ്ജു ഏകദിന ടീമിലേക്കെത്തിയാല്‍ കോലിയോടൊപ്പം വീണ്ടും ബാറ്റ് ചെയ്യാനായേക്കും.
സഞ്ജുവും ജയ്‌സ്വാളും ഇന്ത്യയുടെ ഓപ്പണിങ്
ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട് സഞ്ജു സാംസണും യശ്വസി ജയ്‌സ്വാളും തമ്മിലാകാന്‍ സാധ്യതയുണ്ട്. രണ്ട് പേരും രാജസ്ഥാന്‍ റോയല്‍സിനായി വരുന്ന സീസണില്‍ ഓപ്പണ്‍ ചെയ്‌തേക്കും. ഈ കൂട്ടുകെട്ട് ക്ലിക്കായാല്‍ ഇന്ത്യയും ഇതേ ഓപ്പണിങ് കൂട്ടുകെട്ടിനെ ടി20യില്‍ ഓപ്പണര്‍ റോളില്‍ പരിഗണിച്ചേക്കും. എന്തായാലും സഞ്ജുവിന്റെ സമീപകാലത്തെ അന്താരാഷ്ട്ര ക്രിക്കറ്റിലെ പ്രകടനങ്ങള്‍ മികച്ചതാണ്. എന്നാല്‍ കേരളത്തിനൊപ്പം ആഭ്യന്തര ക്രിക്കറ്റില്‍ മിന്നിക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല.