ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും രസികനായ താരങ്ങളിലൊരാളാണ് യുവരാജ് സിങ്. കളിച്ചുകൊണ്ടിരുന്ന സമയത്ത് എതിര്‍ താരങ്ങളോട് പോലും വലിയ സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരമായിരുന്നു യുവി. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ലോകകപ്പ് ഹീറോയാണ് യുവരാജ് സിങ്. 2007ലെ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യയുടെ അലമാരയിലെത്തിച്ചതിന് പിന്നില്‍ യുവരാജ് സിങ്ങിന്റെ ഓള്‍റൗണ്ട് മികവാണ് എടുത്തു പറയേണ്ടത്.
കളത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ഗൗരവക്കാരനാണെങ്കിലും ഇന്ത്യയുടെ ഡ്രിസിങ് റൂമില്‍ എപ്പോഴും സന്തോഷം നിറക്കാന്‍ ശ്രമിക്കുന്ന താരമാണ് യുവരാജ്. അണ്ടര്‍ 19 ക്രിക്കറ്റിലൂടെ വളര്‍ന്ന യുവരാജ് ദേശീയ ടീമിലേക്കെത്തിയപ്പോള്‍ കൂടെയുള്ളവരില്‍ മിക്കവരും ജൂനിയര്‍ ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ സഹതാരങ്ങളായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ടീമിലെ യുവരാജിന്റെ അടുത്ത സുഹൃത്ത് ഇവരാരുമല്ലായിരുന്നു. ഒരിക്കല്‍ യുവരാജ് സിങ് ഇത് വെളിപ്പെടുത്തിയിരുന്നു.
അത് സഹീര്‍ ഖാനാണെന്നാണ് യുവരാജ് പറയുന്നത്. മറ്റെല്ലാ താരങ്ങളെക്കാളും മാനസികമായി സഹീറിനോട് അടുപ്പമുണ്ടായിരുന്നുവെന്നാണ് യുവരാജ് പറയുന്നത്. ഇന്ത്യയുടെ ഇടം കൈയന്‍ സൂപ്പര്‍ പേസറായ സഹീര്‍ ഖാനും യുവരാജും കളിച്ചിരുന്ന സമയത്തെല്ലാം വലിയ സൗഹൃദം സൂക്ഷിച്ചിരുന്നു. സഹീര്‍ ഖാനൊപ്പമായിരുന്നു യുവരാജിന്റെ ഇന്ത്യന്‍ ടീമിലെ അരങ്ങേറ്റം. അതുകൊണ്ടുതന്നെ രണ്ട് പേരും തുടക്കം മുതല്‍ കൂടുതല്‍ സൗഹൃദമുണ്ടായിരുന്നു.
എന്നാല്‍ ഇന്ത്യന്‍ ടീമിലെ മറ്റെല്ലാ താരങ്ങളും തനിക്ക് പ്രിയപ്പെട്ടവരാണെന്നും അടുത്ത സൗഹൃദമുള്ളവരായിരുന്നുവെന്നും യുവരാജ് പറഞ്ഞിരുന്നു. 'ആശിഷ് നെഹ്‌റക്കൊപ്പം ആഭ്യന്തര ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. അണ്ടര്‍ 16, 19 ക്രിക്കറ്റില്‍ ഹര്‍ഭജന്‍ സിങ്ങിനോടൊപ്പം കളിച്ചു. അണ്ടര്‍ 19യില്‍ വീരേന്ദര്‍ സെവാഗിനോടും ഗൗതം ഗംഭീറിനോടുമൊപ്പം കളിച്ചു. കൈഫുമായി നിരവധി കൂട്ടുകെട്ടുകള്‍ ഉണ്ടാക്കി. ഇവരെല്ലാം എനിക്ക് പ്രിയപ്പെട്ടവരാണ് ' എന്നാണ് യുവരാജ് പറഞ്ഞത്.

എംഎസ് ധോണിയും യുവരാജും അടുത്ത സുഹൃത്തുക്കളാണെന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ ധോണിയുമായി കളത്തിനുള്ളിലെ സൗഹൃദം മാത്രമാണുള്ളതെന്നും പുറത്ത് അധികം സൗഹൃദമില്ലെന്നും യുവരാജ് പറഞ്ഞിരുന്നു. ആഭ്യന്തര ക്രിക്കറ്റ് മുതല്‍ക്കെ ധോണിയും യുവരാജും തമ്മില്‍ പരിചയമുണ്ട്. എന്നാല്‍ ഇവര്‍ തമ്മില്‍ അടുത്ത വലിയ സൗഹൃദമില്ലെന്നതാണ് വസ്തുത. ധോണി യുവരാജിനെ പ്രതിസന്ധി സമയത്ത് പിന്തുണച്ചില്ലെന്ന ആക്ഷേപവുമുണ്ട്.
യുവരാജിന്റെ പിതാവടക്കം ധോണിക്കെതിരേ രംഗത്തെത്തിയിരുന്നു. യുവരാജിനെ മറികടന്നായിരുന്നു നായകനെന്ന നിലയിലെ ധോണിയുടെ വളര്‍ച്ച. 2007ലെ ടി20 ലോകകപ്പില്‍ യുവരാജ് ഇന്ത്യയെ നയിക്കുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ച് അപ്രതീക്ഷിതമായി ധോണി ഇന്ത്യയുടെ നായകസ്ഥാനത്തേക്കെത്തുകയായിരുന്നു. താന്‍ നായകസ്ഥാനം പ്രതീക്ഷിച്ചിരുന്നുവെന്ന് യുവരാജ് തന്നെ തുറന്ന് സമ്മതിച്ചതാണ്.
എന്നാല്‍ തനിക്ക് നായകസ്ഥാനം ലഭിക്കാതെ പോയതില്‍ ആരോടും വിരോധമോ ദേഷ്യമോ ഇല്ലെന്നും ടീമിനാണ് പ്രാധാന്യമെന്നും യുവരാജ് പറഞ്ഞിട്ടുണ്ട്. അര്‍ബുദത്തെപ്പോലും തോല്‍പ്പിച്ച് ഇന്ത്യക്കായി പൊരുതിയ താരമാണ് യുവരാജ്. 2011ലെ ലോകകപ്പിന്റെ ഇടയില്‍ അര്‍ബുദം യുവരാജിനെ പ്രയാസപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിനെ മറികടന്നും ഇന്ത്യക്കായി പോരാടാന്‍ യുവരാജ് കാട്ടിയ ധൈര്യമാണ് 1983ന് ശേഷം ആദ്യത്തെ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യയുടെ അലമാരയിലെത്തിച്ചത്.
സച്ചിന്‍ ടെണ്ടുല്‍ക്കറുമായി വലിയ ആത്മബന്ധം സൂക്ഷിച്ച താരമാണ് യുവി. സച്ചിനെ റോള്‍ മോഡലായാണ് യുവരാജ് കണ്ടിരുന്നത്. അതുകൊണ്ടുതന്നെ സച്ചിനോട് എപ്പോഴും വലിയ ബഹുമാനം യുവി കാട്ടിയിരുന്നു. 2011ലെ ഏകദിന ലോകകപ്പ് കിരീടം സച്ചിനുവേണ്ടി നേടിയെടുക്കാനാണ് ആഗ്രഹിച്ചതെന്നും യുവരാജ് തുറന്ന് പറഞ്ഞിരുന്നു.
മൈതാനത്ത് വെച്ച് സച്ചിന്റെ കാലുതൊട്ട് അനുഗ്രഹം മേടിക്കാനടക്കം യുവരാജ് ശ്രമിച്ചിട്ടുണ്ട്. ഇപ്പോള്‍ വിരമിക്കല്‍ ജീവിതം നയിക്കുകയാണ് യുവരാജ്. ക്രിക്കറ്റിലേക്ക് പുതിയ റോളില്‍ തിരിച്ചുവരാനുള്ള ആഗ്രഹം താരം കഴിഞ്ഞിടെ തുറന്ന് പറഞ്ഞിരുന്നു.