2024 കടന്ന് പോകാനൊരുങ്ങുകയാണ്. ഇന്ത്യയുടെ കായിക ലോകത്തിലേക്ക് മറക്കാനാവാത്ത നിരവധി നേട്ടങ്ങളും നഷ്ടങ്ങളുമുണ്ടാക്കിയാണ് ഈ വര്‍ഷം കടന്ന് പോകുന്നത്. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് കാര്യമായ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ക്രിക്കറ്റില്‍ ഇന്ത്യ ടി20 ലോകകപ്പ് നേടിയെടുത്തു. രോഹിത് ശര്‍മയും വിരാട് കോലിയും രവീന്ദ്ര ജഡേജയുമെല്ലാം ടി20യില്‍ നിന്ന് വിരമിച്ചപ്പോള്‍ ശ്രീശാന്തിന് ശേഷം ഇന്ത്യയുടെ ലോകകപ്പ് കിരീടത്തിന്റെ ഭാഗമാവുന്ന മലയാളിയാകാന്‍ സഞ്ജു സാംസണിന് സാധിച്ചു.
സഞ്ജു സാംസണിന് കൂടുതല്‍ അവസരം ലഭിച്ചത് ഈ വര്‍ഷമാണ്. ഗൗതം ഗംഭീര്‍ ഇന്ത്യയുടെ പരിശീലകനായതോടെയാണ് സഞ്ജുവിന് കൂടുതല്‍ അവസരം ലഭിച്ചത്. മൂന്ന് ടി20 സെഞ്ച്വറി ഉള്‍പ്പെടെ ചരിത്ര റെക്കോഡിലേക്കാണ് സഞ്ജു നടന്നുകയറിയത്. എന്തായാലും ഇന്ത്യക്ക് സന്തോഷിക്കാന്‍ നിരവധി കാര്യങ്ങള്‍ ബാക്കിവെച്ചാണ് ഈ വര്‍ഷം കടന്ന് പോകുന്നത്. 2024ല്‍ കൂടുതല്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യപ്പെട്ട ഇന്ത്യന്‍ കായിക താരത്തിന്റെ കണക്കുകള്‍ ഇപ്പോള്‍ ഗൂഗില്‍ പുറത്തുവിട്ടിരിക്കുകയാണ്.
അത് സഞ്ജു സാംസണോ രോഹിത് ശര്‍മയോ ഹാര്‍ദിക് പാണ്ഡ്യയോ വിരാട് കോലിയോ ഒന്നുമല്ല. അത് ഇന്ത്യയുടെ ഗുസ്തി താരം വിനേഷ് ഫോഗട്ടാണ്. അവസാന ഒളിംപിക്‌സുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളാണ് വിനേഷിന് വാര്‍ത്തകളില്‍ ഇടം നേടിക്കൊടുത്തത്.
ഏറ്റവും കൂടുതല്‍ ആളുകള്‍ സെര്‍ച്ച് ചെയ്തത് വിനേഷിനെ
പാരീസ് ഒളിംപിക്‌സിലൂടെ ചരിത്രം കുറിച്ച ഗുസ്തി താരമാണ് വിനേഷ് ഫോഗട്ട്. ഒളിംപിക്‌സ് ഫൈനലില്‍ കടക്കുന്ന ആദ്യത്തെ ഇന്ത്യന്‍ ഗുസ്തി താരമെന്ന നേട്ടത്തിലേക്കെത്താന്‍ വിനേഷിനായിരുന്നു. എന്നാല്‍ ഭാരക്കൂടുതലിന്റെ പേരില്‍ താരത്തിന് ഫൈനലില്‍ മത്സരിക്കാനായില്ല. ഇത് വലിയ വിവാദമായി. 100 ഗ്രാം വ്യത്യാസത്തിന്റെ പേരില്‍ അയോഗ്യയാക്കപ്പെട്ടതോടെ വലിയ വിമര്‍ശനം ഇന്ത്യയുടെ ഒളിംപിക്‌സ് അസോസിയേഷനെതിരേ ഉയര്‍ന്നു. എന്തായാലും ഈ വിവാദം വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇതാണ് വിനേഷിനെ ആളുകള്‍ കൂടുതല്‍ സെര്‍ച്ച് ചെയ്യാനുള്ള കാരണമായി മാറിയത്.
ഹാര്‍ദിക് പാണ്ഡ്യ രണ്ടാമത്
ഇന്ത്യന്‍ കായിക താരങ്ങളില്‍ കൂടുതല്‍ പേര്‍ തിരഞ്ഞ രണ്ടാമത്തെ പേര് ഹാര്‍ദിക് പാണ്ഡ്യയുടേതാണ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഹാര്‍ദിക്കിന് കൂടുതല്‍ സെര്‍ച്ച് ലഭിക്കാന്‍ കാരണമായത്. രോഹിത് ശര്‍മയെ മാറ്റി പകരം ഹാര്‍ദിക്കിനെ മുംബൈ നായകനാക്കിയിരുന്നു. വലിയ ആരാധക പ്രതിഷേധമുണ്ടായ സംഭവമായിരുന്നു ഇത്. ഹാര്‍ദിക്കിനെതിരേ കാണികള്‍ കൂവുകയും കുപ്പി എറിയുകയും ചെയ്യുന്ന സാഹചര്യമുണ്ടായി.
പിന്നീട് ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്കെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കാന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് സാധിച്ചു. ഫൈനലില്‍ അവസാന ഓവര്‍ പന്തെറിഞ്ഞ് ഇന്ത്യക്ക് വിജയമൊരുക്കിയത് ഹാര്‍ദിക്കാണ്. ഇതോടെ വിമര്‍ശിച്ചവരടക്കം ഹാര്‍ദിക്കിനായി കൈയടിച്ചു. എന്തായാലും ഈ സംഭവം എല്ലായിടത്തും വലിയ ചര്‍ച്ചയായി മാറി. ഹാര്‍ദിക്കിനെ കൂടുതല്‍ പേര്‍ സെര്‍ച്ച് ചെയ്തത് ഈ വിവാദങ്ങള്‍ക്കൊണ്ടാണ്.

സഞ്ജു സാംസണ്‍ മുന്‍ നിരയിലില്ല
വലിയ ആരാധക പിന്തുണയുള്ള മലയാളി താരമാണ് സഞ്ജു സാംസണ്‍. മൂന്ന് ടി20 സെഞ്ച്വറി ഉള്‍പ്പെടെ ലോക റെക്കോഡ് പ്രകടനമാണ് ഈ വര്‍ഷം സഞ്ജു സാംസണ്‍ കാഴ്ചവെച്ചത്. എന്നാല്‍ കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട ഇന്ത്യന്‍ കായിക താരങ്ങളില്‍ മുന്‍നിരയില്‍ ഇടം പിടിക്കാന്‍ സഞ്ജു സാംസണിന് സാധിച്ചില്ല. എന്നാല്‍ പഞ്ചാബ് കിങ്‌സിന്റെ ശശാങ്ക് സിങ് ആറാം സ്ഥാനത്തെത്തി. ലേലത്തില്‍ പഞ്ചാബ് കിങ്‌സ് ആളുമാറി ടീമിലെത്തിച്ച താരമാണ് ശശാങ്ക്.
എന്നാല്‍ വെടിക്കെട്ട് പ്രകടനത്തോടെ എല്ലാവരേയും ഞെട്ടിച്ച ശശാങ്ക് ഇത്തവണ പഞ്ചാബില്‍ നിലനിര്‍ത്തപ്പെടുകയും ചെയ്തു. അഭിഷേക് ശര്‍മ 9ാം സ്ഥാനത്താണുള്ളത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി തകര്‍ത്തടിച്ച അഭിഷേക് വലിയ കൈയടിയാണ് നേടിയത്. 200ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ ഒരു സീസണില്‍ 400ലധികം റണ്‍സ് നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡിലേക്കെത്താന്‍ അഭിഷേകിന് സാധിച്ചിരുന്നു.