കേപ്ടൗണ്‍: സൗത്താഫ്രിക്ക ടി20 ലീഗിന്റെ പുതിയ സീസണ്‍ ആരംഭിക്കാന്‍ പോവുകയാണ്. ഇത്തവണത്തെ സീസണിന്റെ പ്രധാന സവിശേഷത ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യന്‍ താരം ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നുണ്ടെന്നതാണ്. അത് ഇന്ത്യന്‍ ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ദിനേഷ് കാര്‍ത്തികാണ്. പൊതുവേ ഇന്ത്യന്‍ താരങ്ങള്‍ വിരമിച്ചാലും മറ്റ് ലീഗുകളില്‍ കളിക്കാന്‍ എന്‍ഒസി നല്‍കാറില്ല. എന്നാല്‍ ഇത്തവണ കാര്‍ത്തികിന് കളിക്കാനുള്ള അനുമതി ലഭിച്ചിരിക്കുകയാണ്.
2024ലെ ഐപിഎല്ലിന് ശേഷമാണ് കാര്‍ത്തിക് വിരമിക്കല്‍ പ്രഖ്യാപിച്ചത്. നിലവില്‍ കമന്റേറ്ററി പാനലിലെ അംഗമാണ് കാര്‍ത്തിക്. കൂടുതല്‍ ഇന്ത്യന്‍ താരങ്ങള്‍ സൗത്താഫ്രിക്കന്‍ടി20 ലീഗിലേക്കെത്തിയാല്‍ ടൂര്‍ണമെന്റിന് കൂടുതല്‍ വളര്‍ച്ചയുണ്ടാവുമെന്നുറപ്പാണ്. ഇപ്പോഴിതാ കൂടുതല്‍ ഇന്ത്യക്കാര്‍ സൗത്താഫ്രിക്കടി20 ലീഗില്‍ കളിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ സൂപ്പര്‍ താരമായ എബി ഡിവില്ലിയേഴ്‌സ്. ഇന്ത്യയുടെ നിലവിലെ അഞ്ച് താരങ്ങളെ അദ്ദേഹം ടൂര്‍ണമെന്റിലേക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.
സഞ്ജുവും രോഹിത്തും വേണ്ട
സൗത്താഫ്രിക്കന്‍ ടി20 ലീഗിനെ ആവേശകരമാക്കാന്‍ അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ വരണമെന്നാണ് ഡിവില്ലിയേഴ്‌സ് ആവശ്യപ്പെടുന്നത്. ദിനേഷ് കാര്‍ത്തികിന്റെ വരവ് പുതിയ മാറ്റത്തിന് തുടക്കം നല്‍കുന്നതായാണ് കരുതുന്നത്. അതുകൊണ്ടുതന്നെ കൂടുതല്‍ ഇന്ത്യന്‍ താരങ്ങളെ സൗത്താഫ്രിക്കന്‍ ലീഗിനായി അയക്കുമെന്നാണ് കരുതുന്നതെന്നാണ് ഡിവില്ലിയേഴ്‌സ് പറയുന്നത്. ഡിവില്ലിയേഴ്‌സ് ആവശ്യപ്പെടുന്ന അഞ്ച് ഇന്ത്യന്‍ താരങ്ങളില്‍ രോഹിത് ശര്‍മയും സഞ്ജു സാംസണുമില്ല.
ജസ്പ്രീത് ബുംറ, റിഷഭ് പന്ത്, വിരാട് കോലി, ശുബ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് എന്നിവരെ സൗത്താഫ്രിക്കന്‍ ടി20 ലീഗില്‍ കളിക്കാന്‍ അനുവദിക്കണമെന്നാണ് ഡിവില്ലിയേഴ്‌സ് ആവശ്യപ്പെടുന്നത്. ഇവര്‍ ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായി നില്‍ക്കുന്ന താരങ്ങളാണ്. അതുകൊണ്ടുതന്നെ ഇവര്‍ എത്തിയാല്‍ ടൂര്‍ണമെന്റിനത് കൂടുതല്‍ ഉൗര്‍ജ്ജം നല്‍കുമെന്നും ആരാധക പിന്തുണ ലഭിക്കുമെന്നുമാണ് എബിഡി വിലയിരുത്തുന്നത്. എന്നാല്‍ സഞ്ജു സാംസണിനെ എബിഡി നിര്‍ദേശിച്ചില്ലെന്നതാണ് എടുത്തു പറയേണ്ടത്.

ബിസിസിഐ എന്‍ഒസി നല്‍കില്ല
നിലവിലെ ഒരു ഇന്ത്യന്‍ താരത്തിനും വിദേശ ലീഗില്‍ കളിക്കാന്‍ എന്‍ഒസി കൊടുക്കേണ്ടെന്ന നിലപാടിലാണ് ബിസിസിഐയുള്ളത്. അതുകൊണ്ടുതന്നെ ഡിവില്ലിയേഴ്‌സിന്റെ ആഗ്രഹം ഒരിക്കലും നടക്കാന്‍ സാധ്യതയില്ലെന്ന് തന്നെ പറയാം. 'സൂര്യകുമാര്‍ യാദവും റിഷഭ് പന്തുമെല്ലാം സൗത്താഫ്രിക്കന്‍ ലീഗില്‍ കളിക്കുന്നത് ആലോചിച്ച് നോക്കൂ. റോബിന്‍ ഉത്തപ്പ, ദിനേഷ് കാര്‍ത്തിക്, ഇര്‍ഫാന്‍ പഠാന്‍ എന്നീ വിരമിച്ച താരങ്ങളെയാണ് ഇപ്പോള്‍ മനസിലേക്ക് വരുന്നത്. ഇവരെല്ലാം ലോകത്തിലെ വിവിധ ലീഗുകളിലായി കളിച്ച് മികവ് കാട്ടുന്നവരാണ്.
ഭാവിയില്‍ ഇവരോടൊപ്പം ഞാനും ലെജന്റ്‌സ് ടൂര്‍ണമെന്റ് കളിക്കുമെന്നാണ് കരുതുന്നത്. കൂടുതല്‍ വിദേശ താരങ്ങളെ കൊണ്ടുവന്ന് സൗത്താഫ്രിക്കന്‍ ടി20 ലീഗിനെ വളര്‍ത്താനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള മികച്ച താരങ്ങള്‍ ലീഗിലേക്കെത്തിയാല്‍ വലിയ പിന്തുണ ടൂര്‍ണമെന്റിന് ലഭിച്ചേക്കും. മികച്ച വിദേശ താരങ്ങളെ ഇങ്ങോട്ടേക്ക് എത്തിക്കാനാവുമെന്നാണ് കരുതുന്നത്' ഡിവില്ലിയേഴ്‌സ് പറഞ്ഞു. എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് വിദേശ ലീഗില്‍ കളിക്കുകയെന്നത് വളരെ പ്രയാസമായിരിക്കും.
സഞ്ജുവിനെ ഡിവില്ലിയേഴ്‌സ് വിട്ടുപോയതോ?
സൗത്താഫ്രിക്കയില്‍ ഏറ്റവും മികച്ച ബാറ്റിങ് റെക്കോഡുള്ള ഇന്ത്യന്‍ താരങ്ങളിലൊരാളാണ് സഞ്ജു സാംസണ്‍. കഴിഞ്ഞ ടി20 പരമ്പരയില്‍ രണ്ട് സെഞ്ച്വറിയാണ് സഞ്ജു അടിച്ചെടുത്തത്. ഏകദിനത്തിലും സെഞ്ച്വറി പ്രകടനം നടത്താന്‍ സഞ്ജു സാംസണിന് സാധിച്ചു. എന്നാല്‍ ഡിവില്ലിയേഴ്‌സ് സഞ്ജുവിനെ സൗത്താഫ്രിക്കന്‍ ലീഗില്‍ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചില്ല. നിലവില്‍ വലിയ സ്വീകാര്യത ലഭിക്കുന്ന ടൂര്‍ണമെന്റല്ല സൗത്താഫ്രിക്കന്‍ ടി20 ലീഗ്. എന്നാല്‍ ഭാവിയില്‍ വളരാന്‍ സാധ്യതയുള്ള ടൂര്‍ണമെന്റാണിത്.