ഇംഗ്ലണ്ടുമായുള്ള ആന്‍ഡേഴ്‌സന്‍-ടെണ്ടുല്‍ക്കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ 2-2ന്റെ ഐതിഹാസിക സമനില സ്വന്തമാക്കിയെങ്കിലും ഒരു കാര്യത്തില്‍ ഇന്ത്യക്കു നിരാശയുണ്ട്. മൂന്നാം നമ്പര്‍ ബാറ്ററുടെ കാര്യത്തിലാണ് ഈ ആശങ്കയുള്ളത്. സായ് സുദര്‍ശന്‍, മറുനാടന്‍ മലയാളി താരം കരുണ്‍ നായര്‍ എന്നിവരെ ഈ പൊസിഷനില്‍ ഇന്ത്യ പരീക്ഷിച്ചെങ്കിലും ശരാശരി പ്രകടനം മാത്രമാണ് കാഴ്ചവച്ചത്. വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരകളില്‍ ഇന്ത്യയെ അലട്ടുന്നതും ഇതു തന്നെവായും.
അതിനിടെ ഈ റോളിലേക്കു പുതിയൊരു താരത്തെ നിര്‍ദേശിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി. കൊല്‍ക്കത്തിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇനിയും ടെസ്റ്റില്‍ അരങ്ങേറിയിട്ടില്ലാത്ത ഒരാളെ മൂന്നാം നമ്പറിലേക്കു ദാദ നിര്‍ദേശിച്ചിട്ടുള്ളത്.

ആരാവണം മൂന്നാമന്‍?
ഇംഗ്ലണ്ടുമായുള്ള കഴിഞ്ഞ ടെസ്റ്റ് പരമ്പരയിലടക്കം സമീപകാലത്തെ ചില പരമ്പരകളില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിട്ടും ഇനിയും അരങ്ങേറാന്‍ ഭാഗ്യം ലഭിക്കാത്ത അഭിമന്യു ഈശ്വരനെ മൂന്നാമനായി പരീക്ഷിച്ചു നോക്കൂയെന്നാണ് സൗരവ് ഗാംഗുലി ആവശ്യപ്പെടുന്നത്.
ബംഗാളിനായി ആഭ്യന്തര ക്രിക്കറ്റില്‍ ഒരുപാട് റണ്‍സ് സ്‌കോര്‍ ചെയ്തിട്ടും ഇന്ത്യന്‍ ടീമില്‍ നിരന്തരം അവഗണിക്കപ്പെടുകയാണ് അഭിമന്യു. മകനു അവസരം നല്‍കാത്തതിനെതിരേ അദ്ദേഹത്തിന്റെ അച്ഛന്‍ അടുത്തിടെ രംഗത്തു വരികയും ചെയ്തിരുന്നു.
2022ല്‍ ബംഗ്ലാദേശുമായുള്ള ടെസ്റ്റ് പരമ്പരയിലാണ് അഭിമന്യു ആദ്യമായി ദേശീയ ടീമിലെത്തിയത്. പിന്നീട് ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി 2024-25 പരമ്പരയ്ക്കുള്ള സംഘത്തിലും അദ്ദേഹം ഉള്‍പ്പെട്ടു. അതിനു ശേഷമാണ് സമാപിച്ച ഇംഗ്ലണ്ട് പര്യടനത്തിലും അഭിമന്യു ടീമിലിടം നേടിയത്. പക്ഷെ എല്ലാത്തിലും ബെഞ്ചിലിരിക്കാനായിരുന്നു അദ്ദേഹത്തിന്റെ വിധി.
പ്രായം ഇപ്പോഴും അഭിമന്യു ഈശ്വരന്റെ കൂടെയാണ്. ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ കളിക്കാന്‍ അവനു അവസരം ലഭിക്കുമെന്നു ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു. യശസ്വി ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍, ശുഭ്മന്‍ ഗില്‍, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവരെല്ലാം കഴിഞ്ഞ പരമ്പരയില്‍ റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു. മൂന്നാം നമ്പര്‍ മാത്രമാണ് ദുര്‍ബലമായി കാണപ്പെട്ടത്. അഭിമന്യുവിനെ അവിടെ കളിപ്പിച്ചു നോക്കാമായിരുന്നെന്നും ഗാംഗുലി വിശദമാക്കി.

നാലു വര്‍ഷത്തെ കാത്തിരിപ്പ്
ഇന്ത്യന്‍ കുപ്പായമണിയാന്‍ അഭിമന്യുഈശ്വരന്‍ നാലു വര്‍ഷമായി കാത്തിരിക്കുകയാണെന്നും പക്ഷെ ഇപ്പോഴു അവനു അതു സാധിച്ചിട്ടില്ലെന്നുമാണ് താരത്തിന്റെ അച്ഛന്‍ രംഗനാഥ് അടുത്തിടെ പറഞ്ഞത്.
ഇംഗ്ലണ്ടുമായുള്ള പരമ്പരയില്‍ അഭിമന്യുവിനെ പ്ലെയിങ് ഇലവനിലെടുക്കുമെന്നു കോച്ച് ഗൗതം ഗംഭീര്‍ ഉറപ്പു നല്‍കിയിരുന്നതായും പക്ഷെ ഇതു പാലിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
എന്റെ മകനുമായി ഗൗതം ഗംരീര്‍ നേരത്തേ സംസാരിച്ചിരുന്നു. ആഭ്യന്തര ക്രിക്കറ്റിലടക്കം ശരിയായ കാര്യങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നതെന്നും ദേശീയ ടീമിലും നിന്റെ സമയമെത്തുമെന്നും ലോങ് റണ്‍ ലഭിക്കുമെന്നും അദ്ദേഹം അവനോടു പറയുകയും ചെയ്തു.
ഒന്നോ, രണ്ടോ കളികള്‍ക്കു ശേഷം ടീമുനു പുറത്താക്കുന്നയാളല്ല താനെന്നും ഗംഭീര്‍ അവനോടു പറഞ്ഞു. ഇക്കാര്യം അഭിമന്യു തന്നെയാണ് എന്നെ അറിയിച്ചത്. കഴിഞ്ഞ നാലു വര്‍ഷമായി അവന്‍ കാത്തിരിക്കുകയാണ്. 23 വര്‍ഷത്തെ മകന്റെ കഠിനാധ്വാനമാണ് ഇതെന്നും രംഗനാഥ് കൂട്ടിച്ചേര്‍ത്തു.
29 കാരനായ അഭിമന്യു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 103 മല്‍സരങ്ങളില്‍ കളിച്ചു കഴിഞ്ഞു. 48.70 ശരാശരിയില്‍ 27 സെഞ്ച്വറികളും 31 ഫിഫ്റ്റികളുമടക്കം 7841 റണ്‍സും സ്‌കോര്‍ ചെയ്തു. ലിസ്റ്റ് എ ക്രിക്കറ്റില്‍ 89 മല്‍സരങ്ങളില്‍ നിന്നും 3857 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.