Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്‍ ഓസ്‌ട്രേലിയക്കാര്‍ക്ക് ദൈവമല്ല, അത് മറ്റൊരു താരമാണ്! മുന്‍ നായകന്‍ പറയുന്നു

ലോക ക്രിക്കറ്റിലെ വന്‍ ശക്തികളാണ് ഓസ്‌ട്രേലിയ. എല്ലാ കാലത്തും ശക്തമായ താരനിര ഓസ്‌ട്രേലിയക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഐസിസി ടൂര്‍ണമെന്റുകളിലെല്ലാം ഫേവറേറ്റുകളായി ഓസ്‌ട്രേലിയ എപ്പോഴുമുണ്ടാവും. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ഒരു താരത്തെ അംഗീകരിക്കുകയെന്നത് വളരെ ചുരുക്കമായി മാത്രം സംഭവിക്കുന്ന കാര്യമാണ്. ഒരു കാലഘട്ടംവരെ എതിര്‍ താരങ്ങളെ സ്ലെഡ്ജ് ചെയ്ത് വിറപ്പിച്ചിരുന്ന ഓസ്‌ട്രേലിയ യാതൊരു സൗഹൃദവും കളത്തില്‍ കാട്ടിയിരുന്നില്ല.

എന്നാല്‍ ഓസ്‌ട്രേലിയ അംഗീകരിച്ച ചുരുക്കം ചില താരങ്ങളിലൊരാളായിരുന്നു സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ക്രിക്കറ്റിലെ ദൈവമെന്ന വിശേഷണം സച്ചിന് ചാര്‍ത്തിക്കൊടുത്തത് ഓസ്‌ട്രേലിയന്‍ താരം മാത്യു ഹെയ്ഡനാണ്. പിന്നീട് ക്രിക്കറ്റ് ലോകമാകെ ഈ വിശേഷണം ഏറ്റുപാടി. ഇപ്പോഴിതാ ഓസ്‌ട്രേലിയക്കാര്‍ക്ക് ക്രിക്കറ്റിലെ ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കറല്ല അത് വെസ്റ്റ് ഇന്‍ഡീസിന്റെ ബ്രയാന്‍ ലാറയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ അലി ബാച്ചര്‍.

'സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വിചിത്ര മനുഷ്യനാണ്. വേറെയേതോ ഗ്രഹത്തില്‍ നിന്ന് വന്നവനാണവന്‍. അവന്റെ പല മികച്ച ഇന്നിങ്‌സുകളും ഞാന്‍ കണ്ടിട്ടുണ്ട്. വ്യക്തിയെന്ന നിലയില്‍ വലിയ മാതൃകയാണവന്‍. അവന്‍ എപ്പോഴെങ്കിലും വഴക്കുണ്ടാക്കിയിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. അത് അദ്ദേഹത്തിന്റെ മഹത്വം വ്യക്തമാക്കുന്നു. നിങ്ങള്‍ക്കറിയാമോ ഓസ്‌ട്രേലിയക്കാര്‍ സച്ചിനെക്കാള്‍ മഹാനായ ക്രിക്കറ്റ് താരമായി കാണുന്നത് ബ്രയാന്‍ ലാറയെയാണ്. ഞാനത് മണ്ടത്തരമാണെന്ന് പറയും.

ബ്രയാന്‍ ലാറ നാല് ദശലക്ഷം ആളുകള്‍ക്ക് മുന്നിലാണ് കളിച്ചതെങ്കില്‍ 1.4 ബില്യണ്‍ ആളുകള്‍ക്ക് മുന്നിലാണ് സച്ചിന്‍ കളിച്ചത്. ഇതിന്റെ സമ്മര്‍ദ്ദം നിങ്ങള്‍ക്കറിയാമോ?- ബാച്ചര്‍ പറയും. രണ്ട് പേരും ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തേയും മികച്ച പ്രതിഭകളാണ്. ലാറ ഇടം കൈയന്‍ ബാറ്റിങ്ങുകൊണ്ടും സച്ചിന്‍ വലം കൈ ബാറ്റിങ്ങുകൊണ്ടും ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിയവരാണ്. 16ാം വയസില്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് വരവറിയിച്ച താരമാണ് സച്ചിന്‍.

sachin tendulkar, brian lara

പിന്നീടങ്ങോട്ട് സച്ചിനെന്ന പേര് ക്രിക്കറ്റോളം വലുതായി. കാല്‍തൊട്ട മൈതാനങ്ങളിലെല്ലാം റെക്കോഡുകള്‍ വെട്ടിപ്പിടിച്ച് എതിരാളിക്കളക്കൊണ്ട് പോലും കൈയടിപ്പിപ്പ മഹാ പ്രതിഭയാണ് സച്ചിന്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ്, സെഞ്ച്വറി റെക്കോഡ് ഇപ്പോഴും തകര്‍ക്കപ്പെടാതെ സച്ചിന്റെ പേരിലാണ്. സച്ചിന്റെ 51 ടെസ്റ്റ് സെഞ്ച്വറിയെന്ന റെക്കോഡ് അത്ര പെട്ടെന്നൊന്നും ആര്‍ക്കും തകര്‍ക്കാന്‍ സാധിക്കില്ലെന്നതാണ് വസ്തുത.

സച്ചിനെപ്പോലെ ഇത്രയും കാലം കളിക്കാന്‍ സാധിക്കുകയെന്നത് അപൂര്‍വ്വമായി മാത്രം സാധിക്കുന്ന കാര്യമാണ്. നിലവിലെ ഒരു താരങ്ങളും സച്ചിന്റെ ടെസ്റ്റ് റെക്കോഡിന് ഭീഷണി ഉയര്‍ത്തുന്നില്ല. എന്നാല്‍ ഭാവിയില്‍ ഇത് തകര്‍ക്കപ്പെട്ടേക്കാം. കാലത്തിന്റെ പുരോഗമനത്തിന്റെ ഭാഗമായി ബാറ്റിങ് പണ്ടെത്തെക്കാളും എളുപ്പമായിട്ടുണ്ട്. അതുകൊണ്ടുതന്നെ സച്ചിന്റെ റെക്കോഡ് തകര്‍ക്കില്ലെന്ന് പറയുക പ്രയാസം.

ടെസ്റ്റില്‍ സച്ചിനെപ്പോലെ തന്നെ ഇതിഹാസ റെക്കോഡാണ് ലാറക്കുമുള്ളത്. ടെസ്റ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡ് ലാറയുടെ പേരിലാണ്. 400 റണ്‍സ് ഒരു ടെസ്റ്റ് ഇന്നിങ്‌സില്‍ നേടിയ ഏക താരം ലാറയാണ്. ഇംഗ്ലണ്ടിനെതിരേയാണ് ലാറയുടെ ഈ അത്ഭുത പ്രകടനം. ഒരേ കാലഘട്ടത്തില്‍ കളിച്ച രണ്ട് ഇതിഹാസങ്ങളെന്ന് തന്നെ സച്ചിനേയും ലാറയേയും വിശേഷിപ്പിക്കാം. ആരാണ് ഇവരില്‍ മികച്ചവനെന്ന ചോദ്യത്തിന് ഉത്തരം നല്‍കുക പ്രയാസമാണ്.

എന്നാല്‍ കണക്കുകള്‍ നോക്കുമ്പോള്‍ ലാറയെക്കാള്‍ മികച്ചവന്‍ സച്ചിനാണെന്ന് പറയാം. ലാറയെക്കാള്‍ പരിമിത ഓവറിലും ടെസ്റ്റിലും സച്ചിനാണ് കൂടുതല്‍ റണ്‍സും സെഞ്ച്വറിയും നേടിയിരിക്കുന്നത്. സച്ചിന് ലോകത്തില്‍ എല്ലായിടത്തും ആരാധക പിന്തുണ ലഭിക്കാറുണ്ട്. എന്നാല്‍ സച്ചിന്റെ ആരാധക പിന്തുണയുടെ പകുതിയോളമേ ലാറക്ക് ആരാധകരുണ്ടാവു. സച്ചിന്‍ വാക്കുകള്‍ക്കപ്പുറമുള്ള വികാരമാണ്. അതിന് മുകളില്‍ ഇനിയൊരു ക്രിക്കറ്റ് താരം വളരുകയെന്നത് പ്രയാസമാണ്.

Story first published: Monday, January 1, 2024, 14:59 [IST]
Other articles published on Jan 1, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+