വൈഭവ് സൂര്യവംശിയെന്ന പേര് ക്രിക്കറ്റ് പ്രേമികള്‍ക്ക് ഇപ്പോള്‍ അപരിചിതമല്ല. വെറും 15ാം വയസ്സില്‍ തന്നെ ഈ ഇന്ത്യന്‍ കൗമാര താരം ലോക ക്രിക്കറ്റില്‍ ചര്‍ച്ചയായി മാറിക്കഴിഞ്ഞു. കണ്ണഞ്ചിക്കുന്ന ബാറ്റിങ് പ്രകടനങ്ങളാണ് വൈഭവിനെ സ്‌പെഷ്യലാക്കി മാറ്റുന്നത്.
അസാധാരണ പ്രഹരശേഷിയും ടൈമിങുമെല്ലം ചേര്‍ന്നതാണ് താരത്തിന്റെ ബാറ്റിങ് ശൈലി. നേരിട്ട ആദ്യബോളില്‍ തന്നെ സിക്‌സറുമായി തുടങ്ങാന്‍ മടിയില്ലാത്ത ബാറ്ററും കൂടിയാണ് വൈഭവ്. കഴിഞ്ഞ വര്‍ഷം ഐപിഎല്ലിലും ഇന്ത്യന്‍ കുപ്പായത്തിലുമായി നിരവധി സെഞ്ച്വറികളും വാരിക്കൂട്ടാന്‍ താരത്തിനായിരുന്നു.
ക്രിക്കറ്റിലേക്കു ചുവടുവയ്ക്കുന്ന പല കുരുന്നുകളുടെയും ആരാധനാപാത്രം കൂടിയാണ് ഇപ്പോള്‍ വൈഭവ്. എന്നാല്‍ ആരാണ് വൈഭവിന്റെ ഹീറോസ് എന്നറിയുമോ? ക്രിക്കറ്റിലെ തന്റെ ആരാധനാ പാത്രങ്ങളെ കുറിച്ച് വൈഭവ് തന്നെ ഒരിക്കല്‍ തുറന്നു പറഞ്ഞിട്ടുണ്ട്. അതു ആരാണെന്നു നോക്കാം.

വൈഭവിന്റെ ഫേവറിറ്റുകളാര്?
ഇന്ത്യന്‍ ബാറ്റിങിലെ ഇതിഹാസങ്ങളെന്നു വിശേഷിപ്പിക്കപ്പെടുന്ന സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, രോഹിത് ശര്‍മ എന്നിവരൊന്നുമല്ല വൈഭവ് സൂര്യവംശിയുടെ ബാറ്റിങ് ഹീറോസ്. രണ്ടു താരങ്ങളെയാണ് തന്റെ ആരാധനാപാത്രങ്ങളായി അദ്ദേഹം ചൂണ്ടിക്കാണിച്ചത്.
സ്റ്റാര്‍ സ്‌പോര്‍ട്‌സുമായി സംസാരിക്കവെയാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട ക്രിക്കറ്റര്‍മാരെ കുറിച്ച് വൈഭവ് വെളിപ്പെടുത്തിയത്. ഒരാള്‍ ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടറും വെടിക്കെട്ട് ബാറ്ററുമായ യുവരാജ് സിങാണ്.
മറ്റൊരാളാവട്ടെ വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ബാറ്റിങ് വിസ്മയം ബ്രയാന്‍ ലാറയുമാണ്. രണ്ടു പേരും വൈഭവിനെപോലെ തന്നെ ഇടംകൈയന്‍ ബാറ്റര്‍മാരാണെന്നതും എടുത്തു പറയേണ്ടതാണ്. പക്ഷെ ബാറ്റിങ് ശൈലിയുടെ കാര്യത്തില്‍ ഇരുവരും വ്യത്യസ്തരുമാണ്.
ഒരോവറിലെ ആറു ബോളിലും സിക്‌സറടിച്ച് ലോക റെക്കോര്‍ഡിട്ട ബാറ്ററാണ് യുവിയെങ്കില്‍ റെഡ് ബോളിലെ കിങാണ് ലാറ. ടെസ്റ്റില്‍ അദ്ദേഹം പുറത്താവാതെ നേടിയ 400 റണ്‍സെന്ന ലോക റെക്കോര്‍ഡ് ഇപ്പോഴും എത്തിപ്പിടിക്കാന്‍ ആര്‍ക്കും സാധിച്ചിട്ടുമില്ല.
വൈഭവിന്റെ കരിയര്‍
വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ ക്രിക്കറ്റില്‍ തന്റേതായ ഒരു ഇടം നേടിയെടുക്കാന്‍ വൈഭവ് സൂര്യവംശിക്കു കഴിഞ്ഞിട്ടുണ്ടെന്നു കാണാം. ഇത്ര ചെറിയ പ്രായത്തില്‍ തന്നെ കളിച്ച എല്ലാ ഫോര്‍മാറ്റുകളിലും മിന്നുന്ന പ്രകടനമാണ് താരം നടത്തിയത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ബിഹാറിനായി എട്ടു മല്‍സരങ്ങളിലാണ് വൈഭവ് കളിച്ചത്. 12 ഇന്നിങ്‌സുകളില്‍ നിന്നും 90 സ്‌ട്രൈക്ക് റേറ്റില്‍ 207 റണ്‍സും താരം സ്‌കോര്‍ ചെയ്തു. ഒരു ഫിഫ്റ്റിയടക്കമാണിത്. എന്നാല്‍ ലിസ്റ്റ് എയില്‍ വൈഭവിന്റെ റെക്കോര്‍ഡ് കൂടുതല്‍ മികച്ചതാണ്. എട്ടു കളിയില്‍ 164 സ്‌ട്രൈക്ക് റേറ്റില്‍ താരത്തിന്റെ സമ്പാദ്യം 353 റണ്‍സാണ്. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയും ഇതിലുള്‍പ്പെടും.

ടി20യിലാണ് വൈഭവിന്റെ റെക്കോര്‍ഡ് ഏറ്റവും ഗംഭീരം. 18 മല്‍സരങ്ങളിലാണ് താരം ഇതിനകം കളിച്ചത്. 41.23 ശരാശരിയില്‍ 204 എന്ന അവിശ്വസനീയ സ്‌ട്രൈക്ക്‌റേറ്റില്‍ സമ്പാദ്യം 701 റണ്‍സാണ്. മൂന്നു സെഞ്ച്വറിയും ഒരു ഫിഫ്റ്റിയുമടക്കമാണിത്.
കഴിഞ്ഞ ഐപിഎല്ലിലൂടെയായിരുന്നു വൈഭവിന്റെ അരങ്ങേറ്റം. രാജസ്ഥാന്‍ റോയല്‍സിനായി സീസണിന്റെ രണ്ടാം പകുതിയില്‍ അരങ്ങേറിയ താരം ഏഴിന്നിങ്‌സുകളില്‍ നിന്നും 36 ശരാശരിയില്‍ 206 സ്‌ട്രൈക്ക് റേറ്റില്‍ 252 റണ്‍സും അടിച്ചെടുത്തു.
ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയും ഇതിലുള്‍പ്പെടുന്നു. രണ്ടാമത്തെ മല്‍സരത്തില്‍ തന്നെ വൈഭവ് കന്നി സെഞ്ച്വറി കുറിച്ചുവെന്നതാണ് ശ്രദ്ധേയമായ കാര്യം. ഇതിനായി താരത്തിനു വേണ്ടി വന്നതാവട്ടെ വെറും 35 ബോളുകള്‍ മാത്രവുമാണ്.
നിലവില്‍ ഐസിസി അണ്ടര്‍ 19 ലോകകപ്പില്‍ കളിച്ചുകൊണ്ടിരിക്കുകയാണ് താരം. അമേരിക്കയുമായുള്ള ആദ്യ കളിയില്‍ രണ്ടു റണ്‍സോടെ നിരാശപ്പെടുത്തിയെങ്കിലും രണ്ടാമങ്കത്തില്‍ തനിനിറം പുറത്തെടുത്തു. 67 ബോളില്‍ 72 റണ്‍സാണ് വൈഭവ് നേടിയത്. ആറു ഫോറുകളും മൂന്നു സിക്‌സറും ഇതിലുള്‍പ്പെടും.