ബംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് ടീം എക്കാലത്തും താരസമ്പന്നമാണ്. ഓരോ കാലഘട്ടത്തിലും ഇന്ത്യന്‍ ടീമിന്റെ മുഖമായി എടുത്തു പറയാന്‍ സാധിക്കുന്ന താരങ്ങള്‍ ടീമിനൊപ്പം ഉണ്ടായിട്ടുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കളമൊഴിഞ്ഞപ്പോള്‍ പകരം ആ സീറ്റിലേക്ക് വിരാട് കോലിയെത്തി. കോലി കളമൊഴിയുമ്പോഴേക്കും ആ റോളിലേക്കെത്താന്‍ ശുബ്മാന്‍ ഗില്‍ കാത്തിരിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സമീപകാലത്തെ വളര്‍ച്ച എല്ലാ ടീമുകളേയും അത്ഭുതപ്പെടുത്തുന്നതാണ്.
ഇന്ത്യന്‍ ടീമിന്റെ സമീപകാലത്തെ വളര്‍ച്ച പരിഗണിക്കുമ്പോള്‍ ഇതിന് തിരികൊളുത്തിയത് വിരാട് കോലിയാണെന്ന് പറയാം. നായകനെന്ന നിലയില്‍ കോലി ഇന്ത്യന്‍ ടീമില്‍ വരുത്തിയ മാറ്റങ്ങളാണ് ടീമിന്റെ മുഖം മാറ്റിയതും ഇന്നത്തെ ആക്രമണോത്സകതയിലേക്ക് ഇന്ത്യന്‍ ടീം എത്താന്‍ കാരണമായതും. ആധുനിക ക്രിക്കറ്റിലെ പകരംവെക്കാനാവാത്ത ബാറ്റിങ് പ്രതിഭ കൂടിയാണ് വിരാട് കോലിയെന്ന് പറയാം. ഇപ്പോഴിതാ തന്റെ കൂടെ കളിച്ചവരില്‍ ഏറ്റവും പ്രതിഭാശാലി ആരാണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് വിരാട് കോലി.
ഏറ്റവും മികച്ച പ്രതിഭ ഡിവില്ലിയേഴ്‌സ്
ഹാള്‍ ഓഫ് ഫെയിമിലേക്ക് എബി ഡിവില്ലിയേഴ്‌സിനേയും അലസ്റ്റര്‍ കുക്കിനേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഡിവില്ലിയേഴ്‌സിനെ പ്രശംസിച്ചപ്പോഴാണ് ഇത്തരത്തില്‍ ഏറ്റവും പ്രതിഭയുള്ളവനെന്ന് കോലി പ്രശംസിച്ചത്. ദക്ഷിണാഫ്രിക്കന്‍ താരമായ എബി ഡിവില്ലിയേഴ്‌സുമായി ഐപിഎല്ലിലാണ് കോലി ഒരുമിച്ച് കളിച്ചത്. ആര്‍സിബിയില്‍ കോലിയും എബിഡിയും ചേര്‍ന്ന് സൃഷ്ടിച്ച റെക്കോഡുകള്‍ നിരവധിയാണ്. ഇരുവരും തമ്മില്‍ അടുത്ത സൗഹൃദവുമുണ്ട്.
'നീ ഈ സ്ഥാനം അര്‍ഹിക്കുന്നു. ഹാള്‍ ഓഫ് ഫെയിമില്‍ നീ ഉള്‍പ്പെട്ടത് നീ സൃഷ്ടിച്ച ഇംപാക്ട് എത്രത്തോളമെന്ന് വ്യക്തമാക്കുന്നതാണ്. നീ സത്യമായും അപൂര്‍വ്വമായ താരങ്ങളിലൊരാളാണ്. ആളുകള്‍ എപ്പോഴും നിന്റെ പ്രതിഭയെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നു. ഞാന്‍ ഒപ്പം കളിച്ചിട്ടുള്ളതില്‍വെച്ച് ഏറ്റവും പ്രതിഭാശാലിയായ താരമാണ് നീ. തീര്‍ച്ചയായും ഒന്നാം നമ്പര്‍ താരമാണ്' കോലി പ്രശംസിച്ചു. സച്ചിനേയും രോഹിത്തിനേയുമെല്ലാം തഴഞ്ഞാണ് ഡിവില്ലിയേഴ്‌സിനെ കോലി തിരഞ്ഞെടുത്തത്.

എതിരിടാന്‍ പ്രയാസമുള്ള താരം
എതിര്‍ത്ത് തോല്‍പ്പിക്കാന്‍ ഏറ്റവും പ്രയാസമുള്ള താരമാണ് ഡിവില്ലിയേഴ്‌സെന്നും കോലി പറഞ്ഞു. 'ടീമിനുവേണ്ടി അവസരത്തിനൊത്ത് ഉയരുന്ന താരമാണ് ഡിവില്ലിയേഴ്‌സ്. എതിരാളികളായി അന്താരാഷ്ട്ര ക്രിക്കറ്റിലെത്തുമ്പോള്‍ പ്രത്യേക പദ്ധതി അവനുവേണ്ടി തയ്യാറാക്കുമായിരുന്നു. എല്ലാവരും നിന്റെ ആക്രമണോത്സകത ക്രിക്കറ്റിനെയാണ് ഓര്‍ക്കുന്നത്. എന്നാല്‍ സാഹചര്യത്തിനൊത്ത് നീ ഏത് ക്രിക്കറ്റും കളിക്കും. 2015ല്‍ ഡല്‍ഹിയില്‍ 297 പന്ത് നേരിട്ട് 43 റണ്‍സെടുത്ത് ടീമിനെ രക്ഷിച്ചത്.
ഏതൊരു താരവും 200 പന്തൊക്കെ നേരിടുമ്പോള്‍ ചിലപ്പോള്‍ ബൗണ്ടറി നേടാനുള്ള തോന്നലുണ്ടാവുകയും ശ്രമം നടത്തുകയും ചെയ്യും. എന്നാല്‍ അതിന് പോലും ശ്രമിക്കാതെ ലക്ഷ്യ ബോധത്തോടെ എത്ര മികച്ച പ്രകടനമാണ് നീ നടത്തിയത്. പന്തിനെ പ്രതിരോധിച്ച് കളിക്കാനും മികവ് കാട്ടാന്‍ സാധിക്കുന്നു. ടീം പ്ലെയര്‍ എന്നതിന്റെ ക്ലാസിക് ഉദാഹരണമാണ് നീ' വിരാട് കോലി പറഞ്ഞു. ആര്‍സിബിയിലൂടെയാണ് ഇരുവരും തമ്മില്‍ വലിയ സൗഹൃദത്തിലേക്കെത്തുന്നത്. ഇപ്പോള്‍ കോലിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളാണ് എബിഡി.
ബൗളര്‍മാരുടെ പേടി സ്വപ്‌നം
എതിര്‍ ബൗളര്‍മാരുടെ പേടി സ്വപ്‌നമായിരുന്ന താരമാണ് ഡിവില്ലിയേഴ്‌സ് എന്ന് പറയാം. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ ശേഷിയുള്ള ഡിവില്ലിയേഴ്‌സിന്റെ പല ഷോട്ടുകളും ലോക ക്രിക്കറ്റിന് വിസ്മയിപ്പിക്കുന്നതാണ്. ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ ശേഷിയുള്ള ഡിവില്ലിയേഴ്‌സിന്റെ പേരിലാണ് ഏകദിനത്തിലെ വേഗ സെഞ്ച്വറി. ആക്രമിക്കാന്‍ തുടങ്ങിയാല്‍ തടുത്ത് നിര്‍ത്താന്‍ പ്രയാസമുള്ള ബാറ്റ്‌സ്മാനാണ് ഡിവില്ലിയേഴ്‌സ്. ഇന്ത്യക്കെതിരേയും മോശമല്ലാത്ത ബാറ്റിങ് റെക്കോഡ് ഡിവില്ലിയേഴ്‌സിന് അവകാശപ്പെടാനാവും.