ക്രിക്കറ്റ് താരങ്ങളെപ്പോലെ തന്നെ അവര്‍ ഉപയോഗിക്കുന്ന ബാറ്റുകള്‍ക്കും വലിയ ആരാധക പിന്തുണ ലഭിക്കാറുണ്ട്. ഇതിഹാസ താരങ്ങള്‍ മാത്രം ഉപയോഗിക്കുന്ന ബാറ്റെന്ന നിലയിലാണ് എംആര്‍എഫിന്റെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള ബാറ്റുകള്‍ അറിയപ്പെടുന്നത്. കാരണം എംആര്‍എഫ് സ്‌പോണ്‍സര്‍ ചെയ്ത ബാറ്റുപയോഗിച്ചത് സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ബ്രയാന്‍ ലാറ, സ്റ്റീവ് വോ എന്നിവരെല്ലാമാണ്. ആധുനിക ക്രിക്കറ്റ് താരങ്ങളില്‍ എബി ഡിവില്ലിയേഴ്‌സ്, വിരാട് കോലി എന്നിവരും എംആര്‍എഫ് സ്‌പോണ്‍സര്‍ഷിപ്പിലുള്ള ബാറ്റ് ഉപയോഗിക്കുന്നു.
പൃഥ്വി ഷാക്കും എംആര്‍എഫ് സ്‌പോണ്‍സര്‍ഷിപ്പുണ്ടായിരുന്നെങ്കിലും പിന്നീടത് പിന്‍വലിച്ചു. സച്ചിന്‍ കരിയറിലെ ഭൂരിഭാഗം മത്സരങ്ങള്‍ക്കും ഉപയോഗിച്ചത് എംആര്‍എഫ് ബാറ്റാണ്. 100 അന്താരാഷ്ട്ര സെഞ്ച്വറിയും 34000ലധികം റണ്‍സും സച്ചിന്‍ നേടിയപ്പോള്‍ കൂട്ടിന് എംആര്‍എഫ് സ്‌പോണ്‍സര്‍ഷിപ്പിലുള്ള ബാറ്റുണ്ടായിരുന്നു. കോലി കരിയറിന്റെ തുടക്ക സമയത്ത് നൈക്കിന്റെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള ബാറ്റായിരുന്നു ഉപയോഗിച്ചിരുന്നത്. പിന്നീടാണ് എംആര്‍എഫിലേക്കെത്തുന്നത്.
പല പ്രമുഖ ബ്രാന്റുകളും ബാറ്റ് സ്‌പോണ്‍സര്‍ഷിപ്പ് നടത്താറുണ്ടെങ്കിലും 100 കോടിയുടെ കരാര്‍ ഉണ്ടാക്കിയിട്ടുള്ളത് ഒരു താരവുമായി മാത്രമാണ്. അത് ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസവുമായ വിരാട് കോലിയുമായിട്ടാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറുമായിട്ടുള്ള എംആര്‍എഫിന്റെ കരാറായിരുന്നു നേരത്തെ ഈ റെക്കോഡില്‍ തലപ്പത്തുണ്ടായിരുന്നത്. എട്ട് കോടി രൂപയാണ് എംആര്‍എഫിന്റെ ബാറ്റുപയോഗിച്ചിരുന്നപ്പോള്‍ സച്ചിന് പ്രതിവര്‍ഷം ലഭിച്ചിരുന്നത്.
എന്നാല്‍ വിരാട് കോലിയുമായി എംആര്‍എഫ് കരാറിലേക്കെത്തിയത് സച്ചിനെക്കാളും ഉയര്‍ന്ന തുകയ്ക്കാണ്. പ്രതിവര്‍ഷം 12.5 കോടിയാണ് കോലിയുമായുള്ള കരാര്‍ തുക. 2025വരെയാണ് കോലിയുമായി എംആര്‍എഫിന് കരാറുള്ളത്. 100 കോടിക്ക് മുകളിലാണ് കോലിക്ക് എംആര്‍എഫ് നല്‍കുന്ന തുക. 2025ല്‍ കോലിയുമായി എംആര്‍എഫ് കരാര്‍ പുതുക്കുമോയെന്നത് കണ്ടറിയാം. കാരണം 2025 ആകുമ്പോഴേക്കും കോലി കരിയറിന്റെ അവസാന സമയത്തിലേക്ക് കടന്നിരിക്കും.

ഈ സമയത്ത് വലിയൊരു തുകയുടെ കരാറുണ്ടാക്കുന്നത് എംആര്‍എഫിന് നഷ്ടമായേക്കും. അതുകൊണ്ടുതന്നെ വളര്‍ന്നുവരുന്ന യുവതാരവുമായി കരാറിലേക്കെത്താന്‍ എംആര്‍എഫ് ശ്രമിക്കാനാണ് സാധ്യത. വിരാട് കോലിക്ക് ശേഷം ആ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന ബാറ്റ്‌സ്മാനാണ് ശുബ്മാന്‍ ഗില്‍. നിലവില്‍ സിയറ്റുമായാണ് ഗില്ലിന്റെ കരാറുള്ളത്. ഭാവിയില്‍ സൂപ്പര്‍ താരമാകാന്‍ സാധ്യതയുള്ള ഗില്ലുമായി എംആര്‍എഫ് ബാറ്റു സ്‌പോണ്‍സര്‍ഷിപ്പിലേക്കെത്താന്‍ സാധ്യതയുണ്ട്.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കരിയറിന്റെ അവസാന സമയത്ത് എംആര്‍എഫുമായുള്ള കരാര്‍ അവസാനിപ്പിച്ചിരുന്നു. അഡിഡാസാണ് പിന്നീട് സച്ചിന്റെ ബാറ്റ് സ്‌പോണ്‍സര്‍മാരായത്. 2011ലെ ഏകദിന ലോകകപ്പില്‍ സച്ചിന്‍ കളിച്ചത് അഡിഡാസ് സ്‌പോണ്‍സര്‍ഷിപ്പുള്ള ബാറ്റുമായാണ്. സച്ചിന്‍ ഏകദിന ചരിത്രത്തിലെ ആദ്യ ഇരട്ട സെഞ്ച്വറി നേട്ടം സ്വന്തമാക്കിയതും അഡിഡാസ് ബാറ്റുപയോഗിച്ചാണ്. യുവതാരങ്ങളില്‍ മിക്കവരും എസ്ജിയുടെയോ എസ്എസിന്റെയോ ബാറ്റ് സ്‌പോണ്‍സര്‍ഷിപ്പില്‍ കളിക്കുന്നവരാണ്.
എംഎസ് ധോണി കരിയറിന്റെ തുടക്ക സമയത്ത് ബാസ് ബ്രാന്റിന്റെ സ്‌പോണ്‍സര്‍ഷിപ്പുള്ള ബാറ്റുപയോഗിച്ചിരുന്നു. നീളന്‍ മുടിയുമായി ധോണി വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ചതോടെ ബാസ് ബാറ്റ് ട്രന്റായി മാറുകയും ചെയ്തിരുന്നു. പിന്നീടാണ് റീബോക്കിന്റെ കടന്നുവരുന്നത്. രോഹിത് ശര്‍മ, യുവരാജ് സിങ്, എംഎസ് ധോണി, റോബിന്‍ ഉത്തപ്പ, ഗൗതം ഗംഭീര്‍ തുടങ്ങിയവരെല്ലാം റീബോക്കിന്റെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള ബാറ്റുപയോഗിച്ചിട്ടുണ്ട്.
നേരത്തെ 2000 കാലഘട്ടങ്ങളിലെല്ലാം ബ്രിട്ടാനിയയുടെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള ബാറ്റായി ട്രന്റായിരുന്നത്. വീരേന്ദര്‍ സെവാഗും രാഹുല്‍ ദ്രാവിഡും വിവിഎസ് ലക്ഷ്മണും സൗരവ് ഗാംഗുലിയും മുഹമ്മദ് കൈഫുമെല്ലാം ബ്രിട്ടാനിയ ബാറ്റുപയോഗിച്ച് കളിച്ചിട്ടുണ്ട്. പിന്നീട് ഹീറോ ഹോണ്ടയുടെ സ്‌പോണ്‍സര്‍ഷിപ്പ് ബാറ്റുകളും സജീവമായി. സൗരവ് ഗാംഗുലിയും യുവരാജ് സിങ്ങും ഉപയോഗിച്ചതോടെയാണ് ഹീറോ ഹോണ്ടയുടെ ബാറ്റ് ശ്രദ്ധ നേടിയത്. പിന്നീട് സെവാഗ് ഹോണ്ടയുടെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള ബാറ്റും ഉപയോഗിച്ചിട്ടുണ്ട്.