ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ബാറ്ററെന്നു വിശേഷിപ്പിക്കപ്പെടുന്നയാളാണ് ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നത് ഹോബിയാക്കിയ അദ്ദേഹം ഒട്ടുമിക്ക ബാറ്റിങ് റെക്കോര്‍ഡുകളും തന്റെ പേരിലാക്കിയതിനു ശേഷമാണ് ക്രിക്കറ്റില്‍ നിന്നും പടിയിറങ്ങിയത്. ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സെന്ന ലോക റെക്കോര്‍ഡ് സച്ചിന്റെ പേരില്‍ ഭദ്രമാണ്. 15,921 റണ്‍സാണ് മാസ്റ്റര്‍ ബ്ലാസ്റ്ററുടെ സമ്പാദ്യം. 49 സെഞ്ച്വറികളും ഈ ഫോര്‍ ഫോര്‍മാറ്റില്‍ അദ്ദേഹം വാരിക്കൂട്ടി.
പക്ഷെ ഏകദിനത്തിലെ എക്കാലത്തയും ബെസ്റ്റ് സച്ചിനല്ലെന്നാണ് ഇംഗ്ലണ്ട് ബാറ്റിങ് സെന്‍സേഷനും യുവതാരവുമായ ഹാരി ബ്രൂക്കിന്റെ അിപ്രായം. മറ്റൊരാളെയാണ് അദ്ദേഹം ഏകദിനത്തിലെ ഓള്‍ടൈം ബെസ്റ്റായി തിരഞ്ഞെടുത്തിരിക്കുന്നത്. ആധുനിക ക്രിക്കറ്റിലെ ഇതിഹാസമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയുടെ തന്നെ വിരാട് കോലിയെയാണ് നമ്പര്‍ വണ്ണായി ബ്രൂക്ക് ചൂണ്ടിക്കാട്ടുന്നത്. ദി ടെലഗ്രാഫുമായി സംസാരിക്കവെയായിരുന്നു കോലിയാണ് ഏകദിന ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്ററെന്നു ബ്രൂക്ക് അഭിപ്രായപ്പെട്ടത്.

ഏകദിന ക്രിക്കറ്റിലെ എക്കാലത്തയും മഹാനായ താരം വിരാട് കോലിയാണ്. വലിയൊരു ഇന്നിങ്‌സിനെ അദ്ദേഹം പടുത്തുയര്‍ത്തുന്ന രീതിയും റണ്ണിനായി വിക്കറ്റുകള്‍ക്കിടയിലൂടെയുള്ള ഓട്ടവുമെല്ലാമാണ് ഇതിനു കാരണം. ലോകത്തിലെ ബെസ്റ്റ് കോലി തന്നെയാണെന്നു ഞാന്‍ കരുതുന്നു. അദ്ദേഹം ഇന്നിങ്‌സ് പടുത്തുയര്‍ത്തുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാവും. കോലി കളിച്ചിട്ടുള്ള ചില ഇന്നിങ്‌സുകള്‍ അതിശയിപ്പിക്കുന്നതാണെന്നും ബ്രൂക്ക് വ്യക്തമാക്കി.
കോലിയെ സംബന്ധിച്ച് സ്വപ്‌നതുല്യമായ ടൂര്‍ണമെന്റായിരുന്നു കഴിഞ്ഞ ഏകദിന ലോകകപ്പ്. പല ബാറ്റിങ് റെക്കാര്‍ഡുകളും ടൂര്‍ണമെന്റില്‍ അദ്ദേഹം കടപുഴക്കിയിരുന്നു. 765 റണ്‍സാണ് ലോകകപ്പില്‍ കോലി വാരിക്കൂട്ടിയത്. ലോകകകപ്പിന്റെ ഒരു എഡിഷനില്‍ കൂടുതല്‍ റണ്ണെടുത്ത താരമെന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ലോക റെക്കോര്‍ഡും ഇതോടെ പഴങ്കഥയായിരുന്നു.
ന്യൂസിലാന്‍ഡിനെതിരേ മുംബൈയിലെ വാംഖഡെയില്‍ നടന്ന സെമി ഫൈനലില്‍ കരിയറിലെ 50ാം സെഞ്ച്വറി കണ്ടെത്തിയ കോലി ദീര്‍ഘകാലം ഇളക്കം തട്ടാതെ നിന്ന സച്ചിന്റെ (49 സെഞ്ച്വറി) ലോക റെക്കോര്‍ഡും തിരുത്തിയിരുന്നു.

തന്റെ റെക്കോര്‍ഡ് തിരുത്തിയ കോലിയെ സച്ചിന്‍ പ്രശംസിക്കുകയും ചെയ്തിരുന്നു. ആദ്യമായി ഇന്ത്യന്‍ ടീമിന്റെ ഡ്രസിങ് റൂമില്‍ വച്ച് നീ എന്നെ കണ്ടപ്പോള്‍ ടീമംഗങ്ങള്‍ നിന്നെ പറ്റിച്ചിരുന്നു. എന്റെ കാല്‍ തൊട്ടുവന്ദിക്കണമെന്ന അവരുടെ തമാശ നീ അന്നു അനുസരിക്കുകയും ചെയ്തു. ആ ദിവസം എനിക്കു ചിരിയടക്കാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷെ പെട്ടെന്നു തന്നെ പാഷനും കഴിവും കൊണ്ട് നീ എന്റെ ഹൃദയത്തെ സ്പര്‍ശിച്ചു. അന്നത്തെ ആ ചെറുപ്പക്കാരന്‍ വിരാടെന്ന താരമായി വളര്‍ന്നതില്‍ ഞാന്‍ വളരെയേറെ സന്തോഷവാനാണ്.
ഒരു ഇന്ത്യന്‍ താരമല്ല എന്റെ റെക്കോര്‍ഡ് തിരുത്തിയതെങ്കില്‍ എനിക്കു സന്തോഷമുണ്ടാവില്ലായിരുന്നു. ലോകകപ്പിന്റെ സെമി ഫൈനല്‍ പോലെ വലിയൊരു വേദിയില്‍, അതും എന്റെ ഗ്രൗണ്ടില്‍ നീ അതു സാധിച്ചപ്പോള്‍ ആഹ്ലാദം ഇരട്ടിയാണെന്നുമായിരുന്നു കോലിയെ പ്രശംസിച്ചുകൊണ്ട് സച്ചിന്‍ എക്‌സില്‍ കുറിച്ചത്.
അതേസമയം, കോലിയുടെ കരിയര്‍ ബെസ്റ്റ് പ്രകടനത്തിനും ലോകകപ്പില്‍ ഇന്ത്യയെ വിജയിപ്പിക്കാനായില്ല. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടന്ന ഏറെക്കുറെ ഏകപക്ഷീയമായ ഫൈനലില്‍ ഓസ്‌ട്രേലിയക്കു മുന്നില്‍ ഇന്ത്യ കിരീടം അടിയറവയ്ക്കുകയായിരുന്നു. പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി കോലി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ലോക കിരീടം കൈവിട്ടതിന്റെ കടുത്ത നിരാശയും ദുഖവുമെല്ലാം അദ്ദേഹത്തിന്റെ മുഖത്തു കാണാമായിരുന്നു.