ലണ്ടന്‍: ബ്രിട്ടണ്‍ പ്രധാനമന്ത്രിയും ഇന്ത്യന്‍ വംശജനുമായ ഋഷി സുനക് കായിക മേഖലയോട് വളരെ താല്‍പര്യമുള്ളയാളുകളിലൊരാളാണ്. ടെന്നിസ്, ക്രിക്കറ്റ്, ഫുട്‌ബോള്‍ മത്സരങ്ങളെല്ലാം കാണാന്‍ അദ്ദേഹം സമയം കണ്ടെത്താറുണ്ട്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ആഷസ് ടെസ്റ്റ് കാണാനും അദ്ദേഹം എത്തിയിരുന്നു. കായിക മേഖലയുടെ വളര്‍ച്ചക്ക് വലിയ പിന്തുണ നല്‍കുന്ന അദ്ദേഹം ക്രിക്കറ്റിലെ തന്റെ ഇഷ്ട താരത്തെ വെളിപ്പെടുത്തിയിരിക്കുകയാണ്.
അത് എംഎസ് ധോണി, വിരാട് കോലി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരാരുമല്ല. മുന്‍ ഇന്ത്യന്‍ നായകനും വിക്കറ്റ് കീപ്പറും നിലവിലെ പരിശീലകനുമായ രാഹുല്‍ ദ്രാവിഡിനെയാണ് സുനക് തന്റെ ഇഷ്ട താരമായി തിരഞ്ഞെടുത്തത്. ദ്രാവിഡിനെ ഇഷ്ടപ്പെടാനുള്ള കാരണവും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. 'രാഹുല്‍ ദ്രാവിഡ് എന്റെ ഇഷ്ട താരങ്ങളിലൊരാളാണ്. അദ്ദേഹത്തിന്റെ സാങ്കേതികതയെ ഞാന്‍ ഇഷ്ടപ്പെടുന്നു. അവന്റെ സ്വഭാവവും മനോഭാവവും ആകര്‍ഷണം തോന്നിക്കുന്നതാണ്.
2008ല്‍ ഞാന്‍ ഇന്ത്യയിലുള്ള സമയത്ത് ഇംഗ്ലണ്ട് ഇന്ത്യന്‍ പര്യടനം നടത്തിയിരുന്നു. ചെന്നൈയില്‍ നടന്ന ടെസ്റ്റില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മാസ്മരിക ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. ദൗര്‍ഭാഗ്യവശാല്‍ ഇംഗ്ലണ്ട് തോല്‍ക്കുകയും ഇന്ത്യ വിജയിക്കുകയും ചെയ്തു. ഹാംഷെയര്‍ സൂപ്പര്‍ താരമായ റോബിന്‍ സ്മിത്തിന്റെയും മാല്‍ക്കോം മാര്‍ഷലിന്റെയും പ്രകടനങ്ങള്‍ കണ്ടാണ് വളര്‍ന്നത്. ഇവരുടെയെല്ലാം മത്സരങ്ങള്‍ കാണാന്‍ സാധിച്ചതിനെ ഭാഗ്യമായി കരുതുന്നു.
സ്‌പോര്‍ട്‌സ് മത്സരങ്ങളെ നന്നായി ആസ്വദിക്കുന്നയാളാണ് ഞാന്‍. ഇംഗ്ലണ്ടിന്റെ മികച്ച പ്രകടനങ്ങള്‍ കണ്ട് അഭിമാനത്തോടെ ആര്‍പ്പുവിളിച്ചിട്ടുണ്ട്'-സുനക് പറഞ്ഞു. ലോര്‍ഡ്‌സില്‍ നടക്കുന്ന ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ രണ്ടാം ആഷസ് ടെസ്റ്റ് കാണാനായി സുനക് എത്തിയിരുന്നു. ഇപ്പോള്‍ പ്രധാന മന്ത്രിയായതിനാല്‍ പഴയതുപോലെ ആവേശംകൊണ്ട് തുള്ളിച്ചാടി ആഘോഷിക്കാനാവില്ലെന്ന പരിഭവവും അദ്ദേഹം പങ്കുവെച്ചു. കായിക മത്സരങ്ങള്‍ എല്ലാ വേര്‍തിരിവുകളെയും ഒന്നിപ്പിക്കുന്നതാണെന്നും സുനക് പറഞ്ഞു.

ഇന്ത്യക്ക് പുറത്തുള്ള പല പ്രമുഖരും ഇഷ്ട താരങ്ങളിലൊരാളായി രാഹുല്‍ ദ്രാവിഡിന്റെ പേരുപറഞ്ഞിട്ടുണ്ട്. അതിന്റെ കാരണം ദ്രാവിഡിന്റെ വ്യത്യസ്തമായ ശൈലി തന്നെയാണ്. ക്രിക്കറ്റിന്റെ ഏറ്റവും മികച്ച രൂപമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ടെസ്റ്റില്‍ മികച്ച കരിയര്‍ സൃഷ്ടിക്കാന്‍ ദ്രാവിഡിനായി. പ്രധാനമായും ദ്രാവിഡിന്റെ ക്ഷമയും മനസുറപ്പുമാണ് എടുത്തു പറയേണ്ടത്. എതിരാളികളുടെ എല്ലാ പ്രകോപനങ്ങളെയും അതിജീവിച്ച് ടെസ്റ്റില്‍ മികച്ച കരിയര്‍ സൃഷ്ടിക്കുകയെന്നത് എളുപ്പമല്ല.
ഇന്ത്യയുടെ ബാറ്റിങ് വന്മതിലെന്ന വിശേഷണം നേടിയ ദ്രാവിഡ് മറ്റെല്ലാവരെക്കാളും വിശ്വസ്തനായ ബാറ്റ്‌സ്മാനായിരുന്നു. സാങ്കേതികമായ മികവും മികച്ച ക്രിക്കറ്റ് ബുദ്ധിയും ചേര്‍ന്ന അതുല്യ പ്രതിഭകളിലൊരാളാണ് ദ്രാവിഡ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ദ്രാവിഡ് ഇന്ത്യയുടെ അണ്ടര്‍ 19 ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കുകയും കിരീടത്തിലേക്കെത്തിക്കുകയും ചെയ്തു. അതിന് ശേഷം ഇന്ത്യ എ ടീമിനെയും ദ്രാവിഡ് പരിശീലിപ്പിച്ചു.
ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനായി പ്രവര്‍ത്തിക്കവെയാണ് ഇന്ത്യയുടെ സീനിയര്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനാവുന്നത്. ദ്രാവിഡ് ഇന്ത്യയുടെ പരിശീലകനായി എത്തിയപ്പോള്‍ വലിയ പ്രതീക്ഷകളുണ്ടായിരുന്നെങ്കിലും ടീമിന്റെ പ്രകടനം ശരാശരി മാത്രമാണ്. ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് എന്നീ രണ്ടു വലിയ കടമ്പകള്‍ ദ്രാവിഡിന് മുന്നിലുണ്ട്. ഇതില്‍ ഇന്ത്യയെ വിജയിപ്പിക്കാനാവാതെ പോയാല്‍ ദ്രാവിഡിന്റെ സീറ്റ് തെറിക്കാനാണ് സാധ്യത.
നിലവില്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. ലോകകപ്പ് യോഗ്യത നേടാനാവാതെ പോയ വെസ്റ്റ് ഇന്‍ഡീസിനെതിരേ ശക്തമായ ടീമിനെയാണ് ഇന്ത്യ ഇറക്കുന്നത്. ഏഷ്യാ കപ്പും ലോകകപ്പും വരാനിരിക്കെ മികച്ച മുന്നൊരുക്കമായാണ് വിന്‍ഡീസ് പരമ്പരയെ ഇന്ത്യ കാണുന്നത്. ദ്രാവിഡിന്റെ പരിശീലനത്തിന് കീഴില്‍ ഏഷ്യാ കപ്പും ഏകദിന ലോകകപ്പും ഇന്ത്യ നേടുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.