ഐപിഎൽ 2026-ന് കൊടികയറാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് (MI) ക്യാമ്പിൽ നിന്ന് വിസ്മയിപ്പിക്കുന്ന പ്രവചനവുമായി ഇന്ത്യൻ ഇതിഹാസ താരം ആർ. അശ്വിൻ. മുംബൈയുടെ ബാറ്റിംഗ് നിരയിൽ ഹിറ്റ്മാൻ രോഹിത് ശർമ്മയോ ലോക ഒന്നാം നമ്പർ ടി20 താരമായിരുന്ന സൂര്യകുമാർ യാദവോ ആയിരിക്കില്ല ഇത്തവണ മിന്നും പ്രകടനം കാഴ്ചവെക്കുകയെന്നും, പകരം യുവതാരം തിലക് വർമ്മയായിരിക്കും ടീമിന്റെ നെടുംതൂണാവുകയെന്നും അശ്വിൻ പറഞ്ഞു. തന്റെ യൂട്യൂബ് ഷോയായ 'അശ് കി ബാത്തിൽ' സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാറ്റിംഗിൽ തിലക് വർമ്മ; ബൗളിംഗിൽ പതിവ് പോലെ ബുംറ!
മുംബൈ ഇന്ത്യൻസിന്റെ ബാറ്റിംഗ് കരുത്ത് എപ്പോഴും രോഹിതിലും സൂര്യയിലുമാണ് കേന്ദ്രീകൃതമാകാറാണ് പതിവ്. എന്നാൽ കഴിഞ്ഞ കുറച്ച് സീസണുകളായി ടീമിന് സ്ഥിരതയാർന്ന പ്രകടനം നൽകുന്നത് തിലക് വർമ്മയാണെന്ന് അശ്വിൻ ഓർമ്മിപ്പിച്ചു. "എന്റെ അഭിപ്രായത്തിൽ, ഇത്തവണ മുംബൈയുടെ ഏറ്റവും മികച്ച ബാറ്റർ തിലക് വർമ്മയായിരിക്കും. ബൗളിംഗിന്റെ കാര്യത്തിൽ ജസ്പ്രീത് ബുംറയല്ലാതെ മറ്റൊരു പേരും ചിന്തിക്കാൻ പോലും കഴിയില്ല," അശ്വിൻ വ്യക്തമാക്കി.

മുംബൈയുടെ 'രഹസ്യായുധം' അള്ളാ ഗസൻഫർ!
ഈ സീസണിലെ മുംബൈയുടെ 'ഡാർക്ക് ഹോഴ്സ്' (Dark Horse) ആരായിരിക്കും എന്ന ചോദ്യത്തിന് അഫ്ഗാനിസ്ഥാൻ സ്പിന്നർ അള്ളാ ഗസൻഫറിന്റെ പേരാണ് അശ്വിൻ നിർദ്ദേശിച്ചത്. "ഗസൻഫർ ഇത്തവണ മുംബൈയ്ക്കായി അത്ഭുതങ്ങൾ കാണിക്കും. പുതിയ പന്തിൽ ബൗൾ ചെയ്യാനും പന്തിന് ഡ്രിഫ്റ്റ് നൽകാനും അദ്ദേഹത്തിന് കഴിയും. വേഗത കുറച്ച് പന്തെറിയാനുള്ള കഴിവും അദ്ദേഹത്തിനുണ്ട്. മുംബൈയുടെ പ്ലേയിംഗ് ഇലവനിൽ അദ്ദേഹം നിർണ്ണായക സ്വാധീനം ചെലുത്തും," അശ്വിൻ നിരീക്ഷിച്ചു.
തിരിച്ചുവരവിനൊരുങ്ങി മുംബൈ ഇന്ത്യൻസ്; വാംഖഡെയിൽ തീപാറും!
2020-ൽ രോഹിത് ശർമ്മയ്ക്ക് കീഴിൽ അവസാനമായി കിരീടം നേടിയ ശേഷം മുംബൈയ്ക്ക് പിന്നീട് പഴയ പ്രതാപത്തിലേക്ക് ഉയരാൻ സാധിച്ചിട്ടില്ല. 2022-ലും 2024-ലും പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തായിരുന്നു അവർ. കഴിഞ്ഞ വർഷം ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ ക്വാളിഫയർ 2 വരെ എത്തിയെങ്കിലും പഞ്ചാബ് കിംഗ്‌സിനോട് തോറ്റ് പുറത്താവുകയായിരുന്നു. മാർച്ച് 29-ന് വാംഖഡെ സ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് മുംബൈയുടെ ആദ്യ മത്സരം.
ഹാർദിക് പാണ്ഡ്യ നയിക്കുന്ന ടീമിൽ രോഹിത്, സൂര്യ, തിലക്, ബുംറ എന്നിവരെ കൂടാതെ ട്രെന്റ് ബോൾട്ട്, വിൽ ജാക്സ് തുടങ്ങിയ വമ്പൻ താരങ്ങളുമുണ്ട്. ലേലത്തിൽ ദക്ഷിണാഫ്രിക്കൻ താരം ക്വിന്റൺ ഡി കോക്കിനെ തിരികെ എത്തിച്ചത് ടീമിന് കരുത്ത് പകരും. ഗുജറാത്തിൽ നിന്നും മുംബൈയിലേക്ക് വന്നതിന് ശേഷം ഹാർദിക്കിന് ടീമിനെ വിജയത്തിലേക്ക് എത്തിക്കാൻ സാധിച്ചിട്ടില്ല എന്നത് ഇപ്പോഴും ഒരു പോരായ്മയായി തുടരുകയാണ്. അതിനൊരു അറുതി വരുത്താനാകും ഹാർദികിന്റെ ശ്രമം. രണ്ട് ടി20 ലോകകപ്പ് വിന്നിങ് ക്യാപ്റ്റന്മാരെ ഹാർദിക് നയിക്കാൻ യോഗ്യനാണോ എന്ന ചോദ്യം കഴിഞ്ഞ ദിവസം മുൻ ഇന്ത്യൻ താരം കൃഷ്ണമചാരി ശ്രീകാന്ത് ചോദിക്കുകയുണ്ടായി. അതിനും ഹാർദിക്കിന് മറുപടി നൽകിയേ മതിയാകൂ.