ലോക ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍ ആരാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ദിനേശ് കാര്‍ത്തിക്. ഹേസ് സിബി വിത്ത് ഡിക്കെയെന്ന ഷോയില്‍ സംസാരിക്കവെയാണ് നിലവിലെ നമ്പര്‍ വണ്‍ ക്യാപ്റ്റന്‍ ആരാണെന്നു അദ്ദേഹം പറഞ്ഞിരിക്കുന്നത്.
ഇതു ഇന്ത്യന്‍ നായകന്‍രോഹിത് ശര്‍മയോ, ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലറോയല്ലെന്നതാണ് ശ്രദ്ധേയം. ഓസ്‌ട്രേലിയന്‍ നായകനും സ്റ്റാര്‍ പേസറുമായ പാറ്റ് കമ്മിന്‍സിനെയാണ് നമ്പര്‍ വണ്‍ ക്യാപ്റ്റനായി ഡിക്കെ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. ഇതിന്റെ കാരണമെന്താണെന്നു അദ്ദേഹം തുറന്നു പറയുകയും ചെയ്തു.

കമ്മിന്‍സാണ് ബെസ്റ്റ്
പാറ്റ് കമ്മിന്‍സാണ് നിലവില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ക്യാപ്റ്റനെന്നു തനിക്കു തോന്നുന്നതായി ദിനേശ് കാര്‍ത്തിക് വ്യക്കമാക്കി. ഇപ്പോഴുള്ളവരില്‍ ലോകത്തിലെ ഏറ്റവും അഗ്രസീവായിട്ടുള്ള ക്രിക്കറ്റര്‍ പാറ്റ് കമ്മിന്‍സാണെന്നാണ് ഞാന്‍ കരുതുന്നത്. സംസാരിക്കുകയോ, എതിര്‍ താരങ്ങളെ അധിക്ഷേപിക്കുകയോ ചെയ്തിട്ടല്ല അദ്ദേഹം ഇതു പ്രകടിപ്പിക്കുന്നത്. മറിച്ച് ശരീരഭാഷ കൊണ്ടാണ് കമ്മിന്‍സ് ഇതു കാണിക്കുന്നത്.
മല്‍സരശേഷവും മല്‍സരങ്ങള്‍ക്കു മുമ്പുമെല്ലാം അദ്ദേഹം മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്ന രീതി എടുത്തു പറയേണ്ടതാണ്. കമ്മിന്‍സില്‍ ആ കഴിവുണ്ട്. ഒരു കൂട്ടം ആളുകളെ നയിക്കാനുള്ള ശേഷി അദ്ദേഹത്തിനുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം നിലവില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ക്യാപ്റ്റന്‍ കമ്മിന്‍സാണെന്നും കാര്‍ത്തിക് വ്യക്തമാക്കി.
Champions Trophy 2025: രോഹിത്തടക്കം 4 പേര്‍ ഔട്ട്!! ഫോമില്ലാത്തവര്‍ വേണ്ട, ഈ 11 സൂപ്പര്‍
നായകനായത് 2021ല്‍
ഓസ്‌ട്രേലിയന്‍ ടീമിന്റെ സ്ഥിരം ക്യാപ്റ്റനായി പാറ്റ് കമ്മിന്‍സ് നിയമിക്കപ്പെടുന്നത് 2021ലായിരുന്നു. ഫാസ്റ്റ് ബൗളറായ അദ്ദേഹത്തെ നായകസ്ഥാനമേല്‍പ്പിച്ചപ്പോള്‍ പലരും സംശയവും പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഗംഭീര ക്യാപ്റ്റന്‍സിയിലൂടെയാണ് കമ്മിന്‍സ് ഇവര്‍ക്കെല്ലാം മറുപടി നല്‍കിയത്.
2023ലെ ഐസിസി ലോക ടെസ്റ്റ് ചാപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ തകര്‍ത്ത് ഓസ്‌ട്രേലിയ കന്നിക്കിരീടം സ്വന്തമാക്കിയത് അദ്ദേഹത്തിനു കീഴിലായിരുന്നു. ഇതേ വര്‍ഷം ഇന്ത്യയെ സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ കെട്ടുകെട്ടിച്ച് ഐസിസിയുടെ ഏകദിന ലോകകപ്പും ഓസീസിന് കമ്മിന്‍സ് സമ്മാനിച്ചു. കംഗാരുപ്പടയുടെ ആറാമത്തെ ലോകകപ്പ് നേട്ടമായിരുന്നു ഇത്.
ഏറ്റവും അവസാനായി ഇന്ത്യയെ 3-1ന് കെട്ടുകെടിച്ച് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയും ഓസ്‌ട്രേലിയക്കു കമ്മിന്‍സ് സമ്മാനിച്ചിരിക്കുകയാണ്. 10 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്ത്യയുടെ അപ്രമാദിത്വം അവസാനിപ്പിച്ച് ഈ ട്രോഫി ഓസീസ് തിരിച്ചുപിടിച്ചത്. ഈ പരമ്പര നേട്ടത്തോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലേക്കും കംഗാരുപ്പട യോഗ്യത നേടിയിരുന്നു.

എസ്ംഎ20 കളിക്കാന്‍ ഡിക്കെ
ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും കഴിഞ്ഞ വര്‍ഷം വിരമിച്ച ദിനേശ് കാര്‍ത്തിക് സൗത്താഫ്രിക്കയില്‍ നടക്കുന്ന ടി20 ഫ്രാഞ്ചൈസി ലീഗായ എസ്എ20യില്‍ കളിക്കാനൊരുങ്ങുകയാണ്. ഐപിഎല്‍ മാതൃകയിലുള്ള ഈ ടൂര്‍ണമെന്റില്‍ ഇത്തവണ കളിക്കുന്ന ഏക ഇന്ത്യന്‍ താരവും അദ്ദേഹമാണ്. രാജസ്ഥാന്‍ റോയല്‍സ് ടീമുടകളുടെ കീഴിലുള്ള മറ്റൊരു ഫ്രാഞ്ചൈസിയായ പാള്‍ റോയല്‍സിന്റെ ഭാഗമാണ് ഡിക്കെ.
എസ്എ20യുടെ മൂന്നാമത്തെ എഡിഷനാണ് ഇത്തവണ നടക്കാനിരിക്കുന്നത്. ആദ്യ രണ്ടു എഡിഷനിലും ഒരു ഇന്ത്യന്‍ താരം പോലും കളിച്ചിരുന്നില്ല. ഈ കാത്തിരിപ്പാണ് ഡിക്കെ അവസാനിപ്പിച്ചത്. നാളെ (ശനി) നിലവിലെ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ്പുമായിട്ടാണ് പാള്‍ റോയല്‍സിന്റെ ആദ്യ പോരാട്ടം.