മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഇതിഹാസ പേസറാണ് ജസ്പ്രീത് ബുംറ. അതിവേഗ പന്തുകള്‍ക്കൊന്നും മിന്നല്‍ യോര്‍ക്കറുകള്‍ക്കൊണ്ടും ആരാധക മനസില്‍ ഇടം പിടിച്ച ബുംറ ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസ് ബൗളര്‍മാരിലൊരാളാണ്. മുംബൈ ഇന്ത്യന്‍സില്‍ രോഹിത് ശര്‍മക്ക് കീഴില്‍ കളിച്ചാണ് ജസ്പ്രീത് ബുംറ വളര്‍ന്നത്. രോഹിത് ശര്‍മയുടെ പിന്തുണ ബുംറയെ സൂപ്പര്‍ താരമാക്കി മാറ്റുന്നതില്‍ നിര്‍ണ്ണായകമായിട്ടുണ്ടെന്ന് പറയാം.
രോഹിത്തുമായി അടുത്ത ബന്ധമുള്ള ബുംറ വിരാട് കോലിക്കും എംഎസ് ധോണിക്കും കീഴില്‍ കളിക്കാന്‍ ഭാഗ്യം ലഭിച്ചവരിലൊരാളാണ്. ഇപ്പോഴിതാ നായകനെന്ന നിലയില്‍ തനിക്ക് ഏറ്റവും സുരക്ഷിതത്വം നല്‍കിയത് ആരാണെന്ന് ബുംറ തുറന്ന് പറഞ്ഞിരിക്കുകയാണ്. അത് രോഹിത് ശര്‍മയോ വിരാട് കോലിയോ അല്ലെന്നും എംഎസ് ധോണിയാണെന്നുമാണ് ബുംറ പറയുന്നത്. 'ധോണി എനിക്ക് വലിയ സുരക്ഷിതത്വമാണ് നല്‍കിയത്. എന്നില്‍ വലിയ വിശ്വാസം അര്‍പ്പിക്കാന്‍ ധോണി ഭായി തയ്യാറായി.
വലിയ പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കാതെ പന്തെറിയാന്‍ അദ്ദേഹം സ്വാതന്ത്ര്യം തന്നു' ബുംറ പറഞ്ഞു. ധോണിക്ക് കീഴിലാണ് ബുംറ ടീമിലേക്കെത്തുന്നത്. ഡെത്തോവറില്‍ ബുംറയെ ഇന്ത്യയുടെ വജ്രായുധമാക്കി മാറ്റിയത് ധോണിയാണെന്ന് പറയാം. ധോണിയുടെ പദ്ധതികള്‍ക്കനുസരിച്ച് പന്തെറിയാന്‍ ബുംറക്ക് സാധിച്ചിരുന്നു. മൂന്ന് ഫോര്‍മാറ്റിലും ബുംറ ഇന്ന് സൂപ്പര്‍ താരമായി മാറിയതിന് പിന്നാലെ ധോണിക്കും വലിയ പങ്ക് അവകാശപ്പെടാം.
വിരാട് കോലി ക്യാപ്റ്റനായി വന്നപ്പോഴും ബുംറക്ക് ടീമിലെ നിര്‍ണ്ണായക സ്ഥാനം നല്‍കിയിരുന്നു. കോലിയുടെ ആക്രമണോത്സകതയും ക്രിക്കറ്റിനോടുള്ള സ്‌നേഹവും ടീമില്‍ വരുത്തിയ മാറ്റത്തെക്കുറിച്ചും ബുംറ പറഞ്ഞു. 'വിരാട് കോലിയുടെ ഊര്‍ജ്ജ സ്വലതയാണ് ടീമിനെ മുന്നോട്ട് നയിച്ചിരുന്നത്. ടീമിന്റെ ഫിറ്റ്‌നസ് നിലവാരത്തെ ഉന്നതിയിലേക്ക് വളര്‍ത്തിയത് കോലിയാണ്. ടീമിന്റെ ഘടനയെ ഫിറ്റ്‌നസിന്റെ അടിസ്ഥാനത്തിലേക്ക് അദ്ദേഹം മാറ്റി. കോലി ഇപ്പോള്‍ ക്യാപ്റ്റനല്ല.

എന്നാല്‍ ഇപ്പോഴും അവന്‍ നായകനാണ്. നായകനാവുകയെന്നത് ഒരു സ്ഥാനമാണ്. ടീമിനെ മുന്നോട്ട് കൊണ്ടുപോവുക 11 പേര്‍ ചേര്‍ന്നാണ്. ബുംറ പറഞ്ഞു. എന്നാല്‍ യുവതാരമായി മുംബൈയിലേക്കെത്തിയ ബുംറക്ക് തുടര്‍ അവസരങ്ങള്‍ നല്‍കിയതും പിന്തുണച്ച് വളര്‍ത്തിയതുമെല്ലാം രോഹിത് ശര്‍മയാണ്. നായകനെന്ന നിലയില്‍ രോഹിത്താണ് ബുംറയെ ഏറ്റവും കൂടുതല്‍ സഹായിച്ചത്. രോഹിത്തുമായുള്ള സൗഹൃദത്തെക്കുറിച്ചും ബുംറ പറഞ്ഞു.
'ബൗളര്‍മാരോട് കൂടുതല്‍ അടുപ്പം കാട്ടുന്ന ചുരുക്കം ചില നായകന്മാരിലൊരാളാണ് രോഹിത്. ബാറ്റ്‌സ്മാനായിട്ടും ബൗളര്‍മാരെക്കുറിച്ചാണ് അദ്ദേഹം കൂടുതല്‍ ആലോചിക്കുന്നത്. താരങ്ങളുടെ വൈകാരികത മനസിലാക്കാന്‍ കഴിവുള്ള നായകനാണ് രോഹിത്. ഏത് മനോനിലയിലാണ് ബൗളറുള്ളതെന്ന് രോഹിത് വേഗത്തില്‍ മനസിലാക്കുന്നു. രോഹിത് ഏകാധിപത്യത്തോടെ തീരുമാനമെടുക്കുകയല്ല. ബൗളറുടെ മറുപടിയും കേള്‍ക്കാന്‍ ശ്രമിക്കുന്ന നായകനാണ്' ബുംറ പറഞ്ഞു.
ടി20 ലോകകപ്പ് കിരീടം ഇന്ത്യയുടെ അലമാരയിലേക്കെത്തിക്കുന്നതില്‍ ഏറ്റവും നിര്‍ണ്ണായക പ്രകടനം കാഴ്ചവെച്ച താരമാണ് ബുംറ. അതിന് ശേഷം അദ്ദേഹം വിശ്രമത്തിലാണ്. സിംബാബ്‌വെ, ശ്രീലങ്ക പരമ്പരകള്‍ അദ്ദേഹം കളിച്ചിട്ടില്ല. ഇനി ബംഗ്ലാദേശിനെതിരായ ടെസ്റ്റ്, ടി20 പരമ്പരയാണ് വരാനിരിക്കുന്നത്. ഇതിലും ബുംറ കളിച്ചേക്കില്ല. ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി വരാനിരിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ച് അഭിമാന പരമ്പരയാണിത്.
അതുകൊണ്ടുതന്നെ ബുംറക്ക് പൂര്‍ണ്ണ വിശ്രമം നല്‍കി ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് മുമ്പ് ഫോമിലേക്കെത്തിക്കാനാണ് ഇന്ത്യയുടെ നീക്കം. ബുംറയുടെ ഫോമും ഫിറ്റ്‌നസും ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമായതിനാലാണ് താരത്തിന് ഇപ്പോള്‍ വിശ്രമം നല്‍കിയിരിക്കുന്നത്. വ്യത്യസ്തമായ മാച്ച് വിന്നിങ് പ്രകടനങ്ങളുമായി ബുംറ ഇനിയും ഇന്ത്യന്‍ ടീമിനൊപ്പം ഏറെക്കാലം തുടരുമെന്ന് പ്രതീക്ഷിക്കാം.