ടെസ്റ്റില്‍ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും അപകടകാരിയായ ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളാണ് ഓസ്‌ട്രേലിയന്‍ താരം സ്‌കോട്ട് ബോളണ്ട്. റെഡ് ബോള്‍ ക്രിക്കറ്റില്‍ ഓസീസിനായി പല മാച്ച് വിന്നിങ് പ്രകടനങ്ങളും അദ്ദേഹം കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട്. അധികം ദൈര്‍ഘ്യമില്ലാത്ത ടെസ്റ്റ് കരിയറില്‍ പല ലോകോത്തര താരങ്ങള്‍ക്കെതിരേയും ബൗള്‍ ചെയ്യാനും ബോളണ്ടിന് അവസരം ലഭിച്ചു.
ഇക്കൂട്ടത്തില്‍ താന്‍ ഏറ്റവുമധികം ബുദ്ധിമുട്ടിയത് ആര്‍ക്കെതിരേയാണെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം. ഇംഗ്ലണ്ടുമായുള്ള ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിനു മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യത്തെ മൂന്നു ടെസ്റ്റുകളിലും ജയിച്ച ഓസീസ് ഇതിനകം അഞ്ചു മല്‍സരങ്ങളുടെ പരമ്പര 3-0ന് വരുതിയിലാക്കി കഴിഞ്ഞു.

റിഷഭിനെതിരേ കടുപ്പം
ടെസ്റ്റില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വീക്കറ്റ് കീപ്പറും വൈസ് ക്യാപ്റ്റനുമായ റിഷഭ് പന്തിനെയാണ് ഏറ്റവും ബുദ്ധിമുട്ടേറിയ ബാറ്ററായി സ്‌കോട്ട് ബോളണ്ട് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇതിന്റെ കാരണവും ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ തുറന്നു പറഞ്ഞിരിക്കുകയാണ്, ഗ്രാസ്‌റൂട്ട് ക്രിക്കറ്റ് ബൗണ്ട് സംഘടിപ്പിച്ച റാപ്പിഡ് ഫയര്‍ റൗണ്ടില്‍ ഒരു ജൂനിയര്‍ വനിതാ ക്രിക്കറ്ററുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ബോളണ്ട്.
ഇന്ത്യന്‍ താരം റിഷഭ് പന്തിനെതിരേ ബൗള്‍ ചെയ്യാനാണ് എനിക്കു ഏറ്റവുമധികം ബുദ്ധിമുട്ട് തോന്നിയത്. അദ്ദേഹം വളരെയധികം അപ്രവചനീയമായി ഷോട്ടുകള്‍ കൡക്കുന്നായാളാണ്. ചില സമയങ്ങളില്‍ ഒരു സ്ലോഗിലൂടെ റിഷഭ് സിക്‌സറടിക്കും. പക്ഷെ ഇതേ ബോള്‍ വീണ്ടുമെറിഞ്ഞാല്‍ അതു അദ്ദേഹം ബ്ലോക്കും ചെയ്യും. അതുകൊണ്ടു തന്നെ റിഷഭിനെതിരേ ബൗള്‍ ചെയ്യുക വളരെ കടുപ്പമാണെന്നും ബോളണ്ട് വിശദമാക്കി.
ഇതേ ഷോയില്‍ ഇതുവരെ നേടിയതില്‍ ഏറ്റവും പ്രിയപ്പെട്ട വിക്കറ്റ് ആരുടേതാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇന്ത്യയുടെ ഇതിഹാസ ബാറ്റര്‍ വിരാട് കോലിയുടേതാണ് അതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സിഡ്‌നി ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ കോലിയെ പുറത്താക്കിയതാണ് ബോളണ്ടിന്റെ ഫേവഫിറ്റ് വിക്കറ്റ്.
2024ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലാണ് ബോളണ്ടിനെ റിഷഭ് ആദ്യമായി നേരിട്ടത്. ഇന്നു റിഷഭിനെ രണ്ടു തവണ പുറത്താക്കിയ അദ്ദേഹം ഓസീസ് വിജയത്തില്‍ നിര്‍ണായക പങ്കു വഹിക്കുകയും ചെയ്തു.

അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ മൂന്നെണ്ണത്തില്‍ മാത്രമേ ബോളണ്ട് കളിച്ചുള്ളൂ. എന്നിട്ടും 21 വിക്കറ്റുകളുമായി പരമ്പരയിലെ മൂന്നാമത്തെ വിക്കറ്റ് വേട്ടക്കാരനായും അദ്ദേഹം മാറി. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ഓസീസിന് തിരികെ നേടിക്കൊടുക്കുന്നതിലും ബോളണ്ട് നിര്‍ണായക പങ്കുവഹിച്ചിരുന്നു.
അതേസമയം, 36കാരനായ ബോളണ്ടിന്റെ ടെസ്റ്റ് കരിയറിലേക്കു വന്നാല്‍ വെറും 17 ടെസ്റ്റുകളില്‍ മാത്രമേ അദ്ദേഹം കളിച്ചിട്ടുള്ളൂ. 2.88 എന്ന തകര്‍പ്പന്‍ ഇക്കോണമി റേറ്റില്‍ 73 വിക്കറ്റുകള്‍ സ്വന്തമാക്കാന്‍ സാധിക്കുകയും ചെയ്തു. ഒരു പത്തു വിക്കറ്റ് നേട്ടവും രണ്ടു അഞ്ചു വിക്കറ്റ് നേട്ടവും ഇതിലുള്‍പ്പെടും. വെറും ഏഴു റണ്‍സിന് ആറു പേരെ പുറത്താക്കിയതാണ് ഒരിന്നിങ്‌സില്‍ ബോളണ്ടിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം.