Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിനെതിരേ കളിക്കുന്നത് ദ്രാവിഡല്ല! എല്ലാം രോഹിത്തിന്റെ പ്ലാന്‍? ദ്രാവിഡ് അതു ചെയ്യില്ല

ലോക ക്രിക്കറ്റിലെ സൂപ്പര്‍ താരമായി മാറാനുള്ള പ്രതിഭയുണ്ടായിട്ടും ഇന്ത്യന്‍ ടീമിനൊപ്പം അതു പ്രദര്‍ശിപ്പിക്കാന്‍ മതിയായ അവസരം ലഭിക്കാത്ത താരമാണ് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. ഇപ്പോള്‍ നടക്കുന്ന ഏഷ്യാ കപ്പില്‍ നിന്നും തഴയപ്പെട്ട അദ്ദേഹത്തിനു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഐസിസിയുടെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിലും ഇടം ലഭിച്ചിട്ടില്ല. സഞ്ജുവിനു ടീമില്‍ വേണ്ടത്ര അവസരങ്ങള്‍ ലഭിക്കാത്തതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങള്‍ കോച്ച് രാഹുല്‍ ദ്രാവിഡ് നേരിടാറുണ്ട്.

പക്ഷെ ഇതേ ദ്രാവിഡ് തന്നെയാണ് സഞ്ജുവിനെ ഇന്നു കാണുന്ന തരത്തിലേക്കു വളര്‍ത്തിക്കൊണ്ടുവരാന്‍ മുന്‍കൈ എടുത്തതെന്നു പലര്‍ക്കും അറിയാന്‍ സാധ്യതയില്ല. 10 വര്‍ഷങ്ങള്‍ക്കു മുമ്പ്, 2013ല്‍ സഞ്ജുവിന്റെ കരിയറിലെ ഏറ്റവും വലിയ ടേണിങ് പോയിന്റുണ്ടാക്കിയത് ദ്രാവിഡായിരുന്നു. അന്നു തുടക്കക്കാരന്‍ മാത്രമായിരുന്ന സഞ്ജുവിന് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ ഇടം നേടിക്കൊടുത്തത് അദ്ദേഹമാണ്.

SANJU SAMSON

കരിയറിന്റെ തുടക്കം മുതല്‍ സഞ്ജുവിന്റെ വഴികാട്ടിയായ ദ്രാവിഡിനു അദ്ദേഹത്തിന്റെ കഴിവിനെക്കുറിച്ച് വ്യക്തമായ ധാരണയുമുണ്ട്. അതുകൊണ്ടു തന്നെ ദേശീയ ടീമില്‍ നിന്നും സഞ്ജുവിനെ അദ്ദേഹം തഴയാനുള്ള സാധ്യതയും വളരെ കുറവാണ്. അതുകൊണ്ടു തന്നെ സഞ്ജു തഴയപ്പെടുമ്പോള്‍ സംശയങ്ങളുയരുക നായകന്‍ രോഹിത് ശര്‍മയിലേക്കു തന്നെയാവും.

ഐപിഎല്ലില്‍ താന്‍ നയിക്കുന്ന മുംബൈ ഇന്ത്യന്‍സിലെ താരങ്ങള്‍ക്കു രോഹിത് കൂടുതല്‍ മുന്‍തൂക്കം നല്‍കുന്നതായി വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്ന പ്രധാന ആരോപണങ്ങളിലൊന്നാണ്. ഏകദിനത്തില്‍ സഞ്ജുവിനേക്കാള്‍ മോശം റെക്കോര്‍ഡുണ്ടായിട്ടും സൂര്യകുമാര്‍ യാദവിനെ ലോകകപ്പ് ടീമിലുള്‍പ്പെടുത്തിയത് ഇതിനു ഏറ്റവും വലി യ തെളിവാണെന്നും ആരോപിക്കപ്പെടുന്നു.

അതേസമയം, ഹോം ടീമായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിലൂടെയാണ് ദ്രാവിഡ് ഐപിഎല്‍ കരിയറിനു തുടക്കമിട്ടതെങ്കിലും പിന്നീട് റോയല്‍സിലേക്കു ചേക്കേറുകയായിരുന്നു. 2013ല്‍ റോയല്‍സിനൊപ്പം അവസാന സീസണ്‍ കളിക്കവെയായിരുന്നു ടീമിന്‍റെ നായകന്‍ കൂടിയായ അദ്ദേഹം സഞ്ജുവിന്റെ കഴിവ് തിരിച്ചറിയുകയും ടീമിലേക്കു കൊണ്ടു വരികയും ചെയ്തത്.

റോയല്‍സ് സംഘടിപ്പിച്ച ട്രയല്‍ ക്യാംപില്‍ സഞ്ജുവുമുണ്ടായിരുന്നു. നെറ്റ്‌സില്‍ താരത്തിന്റെ ബാറ്റിങ് കണ്ട് ആകൃഷ്ടനായ ദ്രാവിഡ് അദ്ദേഹത്തെ ടീമിന്റെ ഭാഗമാക്കുകയായിരുന്നു. തന്റെ കരിയറില്‍ ദ്രാവിഡ് ഉണ്ടാക്കിയിട്ടുള്ള സ്വാധീനത്തെക്കുറിച്ച് പല അഭിമുഖങ്ങളിലും സഞ്ജു പിന്നീട് തുറന്നു പറയുകയും ചെയ്തിട്ടുണ്ട്.

റോയല്‍സിലെത്തിയ ശേഷം പിന്നീട് കരിയറില്‍ അദ്ദേഹത്തിനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ടീമിനൊപ്പം പടിപടിയായി ഉയര്‍ന്നു വന്ന അദ്ദേഹം പിന്നീട് ഫ്രാഞ്ചൈസിയുടെ ഏറ്റവും വിശ്വസ്തനായ താരങ്ങളിലൊരാളായി മാറുകയും 2021ല്‍ ക്യാപ്റ്റന്‍ സ്ഥാനത്തു വരെയെത്തുകയും ചെയ്തു. 2022ല്‍ റോയല്‍സ് ഫൈനലില്‍ കളിച്ചത് സഞ്ജുവിന് കീഴിലായിരുന്നു.

DRAVID ROHIT

2013 മുതല്‍ 15 വരെ റോയല്‍സിലുണ്ടായിരുന്ന അദ്ദേഹത്തിന് രണ്ടു സീസണില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായി കളിക്കേണ്ടി വന്നിരുന്നു. 2016, 17 സീസണുകളിായിരുന്നു ഇത്. റോയല്‍സിനു രണ്ടു വര്‍ഷം വിലക്ക് നേരിട്ടപ്പോള്‍ അദ്ദേഹത്തിനു തട്ടകം മാറേണ്ടി വരികയായിരുന്നു. എന്നാല്‍ 2018ല്‍ റോയല്‍സ് ലീഗിലേക്കു തിരികെ വന്നപ്പോള്‍ ആദ്യം ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ട താരങ്ങളിലൊരാള്‍ സഞ്ജുവായിരുന്നു.

2021ലെ ടി20 ലോകകപ്പിനു ശേഷം ദ്രാവിഡ് ഇന്ത്യയുടെ മുഖ്യ കോച്ചായി വന്നപ്പോള്‍ സഞ്ജുവിന്റെ സമയം തെളിയുമെന്നും കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്നുമായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. പക്ഷെ അതു ഇനിയും സംഭവിച്ചിട്ടില്ലെന്നു കാണാം. മുഖ്യ കോച്ചാവും മുമ്പ് 2021ല്‍ ഇന്ത്യയുടെ രണ്ടാം നിര ടീം ലങ്കയില്‍ പര്യടനം നടത്തിയപ്പോള്‍ ദ്രാവിഡായിരുന്നു പരിശീലിപ്പിച്ചത്.

അന്നു ടി20, ഏകദിന പരമ്പരകള്‍ക്കുള്ള സംഘത്തില്‍ സഞ്ജുവും ഉണ്ടായിരുന്നു. പക്ഷെ തന്റെ കഴിവിനൊത്ത പ്രകടനം ഈ പര്യടനത്തില്‍ പുറത്തെടുക്കാന്‍ അദ്ദേഹത്തിനായില്ല. ഏകദിനത്തില്‍ കളിച്ച ഒരു മല്‍സരത്തില്‍ 46 റണ്‍സെടുത്തെങ്കിലും ടി20 പരമ്പരയില്‍ സഞ്ജു നിറംമങ്ങി. മൂന്നു കളിയില്‍ നിന്നു 34 റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായുള്ളൂ. അതിനു ശേഷം സഞ്ജു ഇന്ത്യക്കായി 14 ടി20 കളും 12 ഏകദിനങ്ങളുമാണ് കളിച്ചിട്ടുള്ളത്.

Story first published: Wednesday, September 6, 2023, 9:18 [IST]
Other articles published on Sep 6, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+