
കുല്‍ദീപിനെ തഴഞ്ഞത് ആദ്യ അബദ്ധം
യുവ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ പ്ലെയിങ് ഇലവനിലേക്കു പരിഗണിക്കാതിരുന്നതാണ് ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള ആദ്യത്തെ അബദ്ധമെന്നു പറഞ്ഞാല്‍ തെറ്റില്ല. കുല്‍ദീപ് ടീമിലുണ്ടായിട്ടും ഷഹബാസ് നദീമിനെ മൂന്നാം സ്പിന്നറായി കളിപ്പിച്ച ഇന്ത്യയുടെ നീക്കം അമ്പെ പാളി. അതും ആദ്യം ടീമില്‍ ഇല്ലാതിരുന്ന താരമാണ് നദീം. ചെന്നൈ ടെസ്റ്റില്‍ കളിക്കാനിരുന്ന അക്ഷര്‍ പട്ടേല്‍ പരിക്കേറ്റു പിന്‍മാറിയതോടെയായിരുന്നു പകരം നദീം ടീമിലെത്തിയത്. താരത്തെ ഇന്ത്യ കളിപ്പിക്കുകയും ചെയ്തു.
കുല്‍ദീപിനെ ഒഴിവാക്കിയ തീരുമാനം വലിയ വിഡ്ഢിത്തമായിപ്പോയെന്നായിരുന്നു മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോന്‍ വിമര്‍ശിച്ചത്. അവസാനമായി കളിച്ച ടെസ്റ്റില്‍ അഞ്ചു വിക്കറ്റെടുത്ത ബൗളര്‍ കൂടിയാണ് കുല്‍ദീപ്. 2019ല്‍ ഓസ്‌ട്രേലിയക്കെതിരേയായിരുന്നു ഇത്. റിസ്റ്റ് സ്പിന്നര്‍ കൂടിയായ അദ്ദേഹത്തിന് ചെന്നൈ ടെസ്റ്റില്‍ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുമായിരുന്നു. പക്ഷെ കുല്‍ദീപില്‍ ടീം മാനേജ്‌മെന്റ് വിശ്വാസമര്‍പ്പിക്കാതിരുന്നത് ഇന്ത്യക്കു തിരിച്ചടിയായി മാറി.

സിറാജിനെ തഴഞ്ഞത് രണ്ടാമത്തെ അബദ്ധം
ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളറായിരുന്ന യുവ പേസര്‍ മുഹമ്മദ് സിറാജിനെ ഒഴിവാക്കിയതാണ് ചെന്നൈ ടെസ്റ്റില്‍ ഇന്ത്യയുടെ മറ്റൊരു വീഴ്ച. ഓസ്‌ട്രേലിയയില്‍ മൂന്നു ടെസ്റ്റുകളില്‍ നിന്നും ഒരു അഞ്ചു വിക്കറ്റ് നേട്ടമടക്കം സിറാജ് 13 വിക്കറ്റുകളെടുത്തിരുന്നു. താരത്തിന്റെ അരങ്ങേറ്റ പരമ്പര കൂടിയായിരുന്നു ഇത്. ഇങ്ങനെയൊരാള്‍ തീര്‍ച്ചയായും ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ സ്ഥാനം അര്‍ഹിച്ചിരുന്നു. പക്ഷെ പരിക്കു മാറി തിരിച്ചെത്തിയ പരിചയസമ്പന്നനായ ഇഷാന്ത് ശര്‍മയില്‍ വിശ്വാസമര്‍പ്പിക്കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിച്ചപ്പോള്‍ സിറാജ് കാഴ്ചക്കാരനായി മാറി.
ഇഷാന്തിനു പകരം സിറാജാണ് കളിക്കേണ്ടിയിരുന്നതെന്ന മുന്‍ താരം മദന്‍ ലാല്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയുടെ ബൗളിങ് ലൈനപ്പ് സന്തുലിതമല്ലെന്നും മൂന്നു പേസര്‍മാരും രണ്ടു സ്പിന്നര്‍മാരുമടങ്ങുന്ന കോമ്പിനേഷനായിരുന്നു ഇന്ത്യ പരീക്ഷിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. പരിക്ക് മാറി തിരിച്ചെത്തിയ ഇഷാന്തിനെ ഒന്നോ, രണ്ടോ ടെസ്റ്റുകള്‍ക്കു ശേഷം കളിപ്പിക്കുന്നകായിരുന്നു ഉചിതമെന്നും ലാല്‍ പറഞ്ഞിരുന്നു.
ചെന്നൈ ടെസ്റ്റില്‍ ഇഷാന്തിന്റെ ബൗളിങിന് വേണ്ടത്ര മൂര്‍ച്ചയില്ലായിരുന്നു. ഇത് ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാരെ അനായാസം റണ്‍സെടുക്കാന്‍ സഹായിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു ശേഷം ഒരു ടെസ്റ്റ് പോലും ഇഷാന്ത് കളിച്ചിരുന്നില്ല. നീണ്ട ബ്രേക്ക് പേസറുടെ ബൗളിങിലും പ്രതിഫലിക്കുന്നുണ്ട്.

ഇംഗ്ലണ്ടിനു വമ്പന്‍ സ്‌കോര്‍
ചെന്നൈ ടെസ്റ്റില്‍ ജയിക്കാന്‍ സാധിക്കുന്ന സ്‌കോര്‍ ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് ഇതിനകം പടുത്തുയര്‍ത്തിക്കഴിഞ്ഞു. രണ്ടാംദിനം 155 ഓവര്‍ കഴിഞ്ഞപ്പോള്‍ ഇംഗ്ലണ്ട് ആറു വിക്കറ്റിന് 479 റണ്‍സെടുത്തിട്ടുണ്ട്. ശക്തമായ ബൗളിങ് ലൈനപ്പുള്ള ഇംഗ്ലണ്ടിനെതിരേ ഈ സ്‌കോര്‍ ഇന്ത്യക്കു വെല്ലുവിളിയുയര്‍ത്തും.
ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ (218) തകര്‍പ്പന്‍ ഡബിള്‍ സെഞ്ച്വറിയാണ് ഇംഗ്ലണ്ട് ഇന്നിങ്‌സിനു കരുത്തായത്. 377 ബോളുകള്‍ നേരിട്ട അദ്ദേഹം 19 ബൗണ്ടറികളും രണ്ടു സിക്‌സറും നേടി. ഇന്ത്യയില്‍ ഡബിള്‍ സെഞ്ച്വറിയടിച്ച ആദ്യ ഇംഗ്ലീഷ് ക്യാപ്റ്റനും നൂറാം ടെസ്റ്റില്‍ ഡബിള്‍ നേടിയ ആദ്യ താരമായും റൂട്ട് മാറിയിരുന്നു. ഡൊമിനിക്ക് സിബ്ലി (87), ബെന്‍ സ്റ്റോക്‌സ് (82) എന്നിവരാണ് ഇംഗ്ലണ്ടിന്റെ മറ്റു പ്രധാനപ്പെട്ട സ്‌കോറര്‍മാര്‍.


Click it and Unblock the Notifications












