മുംബൈ: ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനായുള്ള മുന്നൊരുക്കങ്ങളിലേക്ക് താരങ്ങള്‍ കടന്നിരിക്കുകയാണ്. ഇത്തവണ ഇന്ത്യന്‍ ടീമിലെ ഒട്ടുമിക്ക പ്രമുഖരും ദുലീപ് ട്രോഫി കളിക്കുന്നതിനാല്‍ ടൂര്‍ണമെന്റിലേക്ക് എല്ലാവരും ഉറ്റുനോക്കുകയാണ്. ഇതിലെ ഫോമിനെ അടിസ്ഥാനമാക്കിയാവും ബംഗ്ലാദേശ് പരമ്പരയ്ക്കുള്ള ടീമിനെയടക്കം തീരുമാനിക്കുകയെന്നാണ് വിവരം. റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ് എന്നിവരെല്ലാം ടൂര്‍ണമെന്റ് കളിക്കുന്നുണ്ട്.
പുതിയ പരിശീലകന്‍ ഗൗതം ഗംഭീറിന് കീഴിലാണ് ഈ പുതിയ പരിഷ്‌കാരങ്ങള്‍. എന്നാല്‍ ദുലീപ് ട്രോഫി ടീമില്‍ കളിക്കാന്‍ അര്‍ഹതയുണ്ടായിട്ടും ചില താരങ്ങള്‍ തഴയപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ ബിസിസി ഐ വഞ്ചിച്ച പ്രതിഭാശാലികളായ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം. ഒന്നാമത്തെ താരം സഞ്ജു സാംസണാണ്. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സഞ്ജു അവസാന ശ്രീലങ്കന്‍ ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു.
രണ്ട് മത്സരം കളിച്ച് ഡെക്കിന് പുറത്തായതോടെ താരം തഴയപ്പെട്ടു. എന്നാല്‍ തിരിച്ചുവരാന്‍ ദുലീപ് ട്രോഫിയില്‍ അവസരം അര്‍ഹിച്ചിരുന്നു. കേരള ക്രിക്കറ്റ് ലീഗില്‍ നിന്നടക്കം സഞ്ജു സാംസണ്‍ വിട്ടുനിന്നത് ദുലീപ് ട്രോഫി കളിക്കാമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍ ദുലീപ് ട്രോഫിയില്‍ നിന്ന് ഏകപക്ഷീയമായി സഞ്ജുവിനെ തഴയുകയായിരുന്നു. ഇതോടെ ബംഗ്ലാദേശ് പരമ്പരയില്‍ സഞ്ജു ഉണ്ടാകില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ഇന്ത്യന്‍ ടീമിലേക്കുള്ള ദുലീപിന്റെ മടങ്ങിവരവും പ്രയാസമായിരിക്കുമെന്ന് പറയാം.
രണ്ടാമത്തെ താരം റിങ്കു സിങ്ങാണ്. ഒരു സമയത്ത് എംഎസ് ധോണിക്ക് ശേഷം ഇന്ത്യ കണ്ട മികച്ച ഫിനിഷറെന്ന വിശേഷണം പോലും നേടിയെടുത്ത താരമാണ് റിങ്കു. എന്നാല്‍ താരത്തിന്റെ സമീപകാല പ്രകടനങ്ങളെല്ലാം നിരാശപ്പെടുത്തുന്നതാണ്. ടി20 ലോകകപ്പില്‍ റിസര്‍വ് താരമായി ഒതുക്കപ്പെട്ട റിങ്കുവിന് പിന്നീട് തുടര്‍ച്ചയായി അവസരം ലഭിച്ചിട്ടില്ല. ഗൗതം ഗംഭീര്‍ റിങ്കുവിന് കാര്യമായ പിന്തുണ നല്‍കുന്നില്ല. ദുലീപ് ട്രോഫിയില്‍ റിങ്കു ഇടം അര്‍ഹിച്ചിരുന്നു.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 54ന് മുകളില്‍ ശരാശരിയുള്ള താരമാണ് റിങ്കു സിങ്. എന്നിട്ടും നാല് ടീമിലൊന്നില്‍ പോലും റിങ്കുവിനെ പരിഗണിച്ചില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. മറ്റൊരു താരം പൃഥ്വി ഷായാണ്. വീരേന്ദര്‍ സെവാഗിന് ശേഷം ഇന്ത്യയുടെ അടുത്ത വെടിക്കെട്ട് ഓപ്പണര്‍ സ്ഥാനം പൃഥ്വിക്ക് ലഭിക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. ഇന്ത്യക്കായി അരങ്ങേറ്റ ടെസ്റ്റില്‍ത്തന്നെ സെഞ്ച്വറിയോടെ വരവറിയിക്കാന്‍ പൃഥ്വി ഷാക്ക് സാധിച്ചിരുന്നു.
പക്ഷെ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട് വിലക്ക് നേരിട്ടതോടെ താരത്തിന്റെ കരിയര്‍ മാറി. ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ ഏഴയലത്ത് താരമില്ല. എന്നാല്‍ മടങ്ങിവരവ് അര്‍ഹിക്കുന്ന താരമാണ് പൃഥ്വി. അതുകൊണ്ടുതന്നെ ദുലീപ് ട്രോഫിയില്‍ അവസരം അര്‍ഹിച്ചിരുന്നു. പക്ഷെ പരിഗണിക്കപ്പെട്ടില്ല. ഐപിഎല്ലില്‍ പൃഥ്വി ഡല്‍ഹി ക്യാപിറ്റല്‍സ് താരമാണ്. മറ്റൊരാള്‍ രവി ബിഷ്‌നോയിയാണ്. ഇന്ത്യയുടെ അടുത്ത സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി വളര്‍ന്നുവരുന്ന താരമാണ് രവി ബിഷ്‌നോയ്.
ഇതിനോടകം ഇന്ത്യക്കായി കളിക്കുകയും ഗംഭീര പ്രകടനം നടത്തുകയും ചെയ്തിട്ടുള്ള താരമാണ് ബിഷ്‌നോയി. എന്നാല്‍ താരത്തിന് ഇത്തവണത്തെ ദുലീപ് ട്രോഫിയില്‍ അവസരം ലഭിച്ചില്ല. ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരേണ്ട താരങ്ങളിലൊരാളാണ് ബിഷ്‌നോയിയെന്ന് പറയാം. അഭിഷേക് ശര്‍മയും തഴയപ്പെട്ടവരിലൊരാളാണ്. ഇന്ത്യ വലിയ ഭാവി കാണുന്ന യുവതാരങ്ങളിലൊരാളാണ് അഭിഷേക് ശര്‍മ. ടി20യില്‍ കടന്നാക്രമിക്കുന്ന താരമാണ് അഭിഷേക്. പന്തുകൊണ്ടും ടീമിന് ഉപകാരിയാണ്.
യുവരാജ് സിങ്ങിന്റെ ശിഷ്യനായ അഭിഷേകിന് ദുലീപ് ട്രോഫിയില്‍ ഇടം അര്‍ഹിച്ചിരുന്നു. മൂന്ന് ഫോര്‍മാറ്റിലും വലിയ ഭാവിയുള്ള താരങ്ങളിലൊരാളാണ് അഭിഷേക് ശര്‍മ. വളര്‍ന്നുവരാന്‍ കെല്‍പ്പുള്ള താരമെന്ന നിലയില്‍ അഭിഷേകിനെ ദുലീപ് ട്രോഫിക്ക് പരിഗണിക്കണമായിരുന്നു.