ഐസിസി ചാംപ്യന്‍സ് ട്രോഫിക്കു പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റില്‍ പല വമ്പന്‍ വിരമിക്കല്‍ പ്രഖ്യാപനങ്ങളും ഉണ്ടായേക്കുമെന്നായിരുന്നു നേരത്തേ പുറത്തുവന്ന അഭ്യൂഹങ്ങള്‍. സീനിയര്‍ താരങ്ങളായ ചില താരങ്ങള്‍ ടൂര്‍ണമെന്റിനു ശേഷം വിരമിച്ചേക്കുമെന്നായിരുന്നു സൂചനകള്‍. എന്നാല്‍ ഒന്നും സംഭവിച്ചില്ല.
ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ഇന്ത്യന്‍ ടീം മൂന്നാമത്തെ ചാംപ്യന്‍സ് ട്രോഫിയും സ്വന്തമാക്കിയ ശേഷം ഇപ്പോള്‍ വിരമിക്കാന്‍ മനസ്സില്ലെന്നാണ് സീനിയര്‍ താരങ്ങള്‍ പ്രതികരിച്ചത്. 2027ലെ അടുത്ത ഐസിസി ഏകദിന ലോകകപ്പില്‍ കൂടി കളിച്ച് ക്രിക്കറ്റില്‍ നിന്നും പടിയിറങ്ങാനാണ് നായകന്‍ രോഹിത് ശര്‍മയടക്കമുള്ള സീനിയര്‍ താരങ്ങളുടെ നീക്കമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.
അതുവരെ ഫിറ്റ്‌നസും ഫോമും നിലനിര്‍ത്താനുള്ള പ്ലാനുകളും ഹിറ്റ്മാന്‍ തയ്യാറാക്കുകയാണ്. 2027ലെ ലോകകപ്പ് രോഹിത്തിന്റെ മാത്രമല്ല, ഇന്ത്യയുടെ മറ്റു പല വമ്പന്‍ താരങ്ങളുടെയും അവസാനത്തേത് കൂടിയാവും. ടൂര്‍ണമെന്റിനുശേഷം വിരമിക്കാനിടയുള്ള കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.

ആറു പേര്‍ വിരമിച്ചേക്കും
ഇന്ത്യന്‍ ക്രിക്കറ്റിലെ നിര്‍ണായക സാന്നിധ്യമായ ആറു കളിക്കാര്‍ 2027ലെ ഐസിസി ഏകദിന ലോകകപ്പോടെ വിരമിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. നായകനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ, ഇതിഹാസ ബാറ്റര്‍ വിരാട് കോലി, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, ക്ലാസിക്ക് ബാറ്ററും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുല്‍, പേസ് ബൗളിങിലെ മിന്നും താരം മുഹമ്മദ് ഷമി, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവരായിരിക്കും 2027ലെ ലോകകപ്പില്‍ കളിച്ച ശേഷം ഇന്ത്യന്‍ കുപ്പായമഴിച്ചേക്കുക.
അടുത്ത ലോകകപ്പ് ആവുമ്പോഴേക്കും രോഹിത്തിന്റെ പ്രായം 40 കടക്കും. നിലവില്‍ ഫിറ്റ്‌നസ് പ്രശനങ്ങളുണ്ടെങ്കിലും അവയെല്ലാം മറികടന്നാണ് 2027ലെ ലോകകപ്പ് കൂടി ഹിറ്റ്മാന്റെ സ്വപ്‌നം കാണുന്നത്. ബാറ്റിങില്‍ അദ്ദേഹത്തിന്റെ പ്രഹരശേഷിക്കു ഇപ്പോഴും കുറവൊന്നുമുണ്ടായിട്ടില്ല. ഫിറ്റ്‌നസിനെ കുറിച്ച് മാത്രമാണ് രോഹിത്തിന് പ്രധാന ആശങ്കയുള്ളത്.
2027ലെ ലോകകപ്പ് വരെ ഫിറ്റ്‌നസും ഫോമുമെല്ലാം നിലനിര്‍ത്താന്‍ രോഹിത്തിനെ സഹായിക്കുക ടീമിന്റെ അസിസ്റ്റന്റെ കോച്ച് കൂടിയായ മറുനാടന്‍ മലയാളി അഭിഷേക് നായരാണ്. അടുത്ത ലോകകപ്പിനായി ഹിറ്റ്മാനെ തയ്യാറാക്കി നിര്‍ത്തുകയാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ പ്രധാന ദൗത്യം. ടി20 ലോകകപ്പ്, ചാംപ്യന്‍സ് ട്രോഫി എന്നിവ നേടിക്കഴിഞ്ഞ രോഹിത്തിന് ഇനി ഏകദിന ലോകകപ്പ് കൂടി സ്വന്തമാക്കാനായാല്‍ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ ഓള്‍ടൈം റെക്കോര്‍ഡിനൊപ്പമെത്താം.
അടുത്ത ലോകകപ്പാവുമ്പോഴേക്കും കോലിയുടെ വയസ് 39 കടക്കും. ഫിറ്റ്‌നസ് പ്രശ്‌നങ്ങളൊന്നും നിലവില്‍ അദ്ദേഹത്തിനില്ല. അതുകൊണ്ടു തന്നെ 2027ലെ ടൂര്‍ണമെന്റിലും ടീമിന വേണ്ടി മികച്ച സംഭാവനകള്‍ നല്‍കി വിരമിക്കുകയെന്നതായിരിക്കും കോലിയുടെ പ്ലാന്‍. ടി20യില്‍ നിന്നും കഴിഞ്ഞ വര്‍ഷം തന്നെ അദ്ദേഹം വിരമിച്ചു കഴിഞ്ഞു.

ജഡേജയുടെ കാര്യമെടുത്താല്‍ അദ്ദേഹത്തിനു അടുത്ത ലോകകപ്പാവുമ്പോള്‍ 38 വയസ്സാവും. കോലിയെപ്പോലെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ അദ്ദേഹത്തിനു ഇപ്പോളം പ്രശ്‌നങ്ങളൊന്നുമില്ല. ബാറ്റിങിലും ബൗളിങിലും തന്റെ ഫോം അടുത്ത രണ്ടു വര്‍ഷത്തേക്കു കൂടി കാത്തുസൂക്ഷിക്കുകയെന്നതു മാത്രമാണ് ഇനി ജഡ്ഡു ചെയ്യേണ്ടത്. ലോകകപ്പുമായി ഒരു യാത്രയയപ്പ് തന്നെയാവും അദ്ദേഹവും സ്വപ്‌നം കാണുന്നത്.
അടുത്ത ലോകകപ്പിനു ഷമിയുടെ പ്രായം 37 ആയിരിക്കും. ഫാസ്റ്റ് ബൗളറെന്ന നിലയില്‍ അതു വരെ ഫിറ്റ്‌നസ് നിലനിര്‍ത്തുക അദ്ദേഹത്തിനു വലിയ വെല്ലുവിളിയാലും. അതിനു സാധിക്കുകയാണെങ്കില്‍ ഷമിയെ ഉറപ്പായും ലോകകപ്പില്‍ നമുക്കു കാണാം. രാഹുലിനു അടുത്ത ലോകകപ്പ് ആവുമ്പോഴേക്കും പ്രായം 35 ആവും. അദ്ദേഹവും ഈ ടൂര്‍ണമെന്റില്‍ കളിച്ച് കളി മതിയാക്കാനായിരിക്കും ആലോചിക്കുന്നത്.
ബുംറയുടെ കാര്യമെടുത്താല്‍ അദ്ദേഹത്തിനു 2027ലെ ലോകകപ്പ് സമയത്തെ പ്രായം 33 ആയിരിക്കും. ഇതു വിരമിക്കല്‍ പ്രായമല്ലെങ്കിലും അദ്ദേഹത്തിന്റെ ദുഷ്‌കരമായ ബൗളിങ് ആക്ഷന്‍ കാരണം പരിക്കുകളേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ അടുത്ത ലോകകപ്പിനുമപ്പുറം ബുംറ കളിക്കളത്തില്‍ തുടരാനിടയില്ല. അതു വരെയെങ്കിലും ഫിറ്റ്‌നസ് നിലനിര്‍ത്തി ദേശീയ ടീമിനൊപ്പം തുടരാനായിരിക്കും അദ്ദേഹത്തിന്റെ ആഗ്രഹം.