മുംബൈ: ലോക ക്രിക്കറ്റുകണ്ട എക്കാലത്തെയും മികച്ച നായകന്മാരിലൊരാളാണ് എംഎസ് ധോണി. ഇന്ത്യയെ മൂന്ന് ഐസിസി കിരീടത്തിലേക്കെത്തിച്ച ശേഷമാണ് ധോണി കളമൊഴിഞ്ഞത്. ശാന്തനായെത്തി തന്റെ ജോലി നന്നായി ചെയ്ത് മടങ്ങുന്ന ധോണി ക്യാപ്റ്റനെന്ന നിലയില്‍ നടന്ന വഴികള്‍ക്ക് പിന്നാലെ നടക്കുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. തന്റെ ശാന്തമായ ശൈലികൊണ്ടുതന്നെ ക്യാപ്റ്റന്‍ കൂളെന്ന വിശേഷണവും ധോണി നേടിയെടുത്തു. അധികമാര്‍ക്കും അവകാശപ്പെടാനാവാത്ത നേട്ടമാണിത്.
സമ്മര്‍ദ്ദ സാഹചര്യങ്ങളില്‍ മിക്കവര്‍ക്കും അടിപതറുമെങ്കിലും ധോണി കുലുങ്ങാത്ത നായകനാണ്. അതുകൊണ്ടുതന്നെ ക്യാപ്റ്റന്‍ കൂളെന്ന വിശേഷണം ധോണിക്ക് ചേരുകയും ചെയ്യും. ഇപ്പോഴിതാ ധോണി മാത്രമല്ല ക്യാപ്റ്റന്‍ കൂളെന്നും മറ്റൊരാള്‍ കൂടിയുണ്ടെന്നും അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ വീരേന്ദര്‍ സെവാഗ്. അത് ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സാണെന്നാണ് സെവാഗ് പറയുന്നത്.
ഒന്നാം ആഷസ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ ഓസ്‌ട്രേലിയയെ വിജയത്തിലെത്തിക്കാന്‍ നായകമായ കമ്മിന്‍സിന് സാധിച്ചിരുന്നു. ഇതിനെ പ്രശംസിച്ചപ്പോഴാണ് സെവാഗ് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. 'എന്തൊരു ടെസ്റ്റ് മത്സരമായിരുന്നു ഇത്. അടുത്തുകാലത്തുകണ്ടതില്‍ ഏറ്റവും മികച്ചത്. ടെസ്റ്റ് ക്രിക്കറ്റാണ് ബെസ്റ്റ് ക്രിക്കറ്റ്. പാറ്റ് കമ്മിന്‍സ് ടെസ്റ്റിലെ ക്യാപ്റ്റന്‍ കൂളാണ്. സമ്മര്‍ദ്ദ സമയത്ത് എന്തൊരു ബാറ്റിങ് പ്രകടനവും കൂട്ടുകെട്ടുമാണ് അവന്‍ സൃഷ്ടിച്ചത്. എക്കാലത്തും ഓര്‍മിക്കപ്പെടുന്ന ഇന്നിങ്‌സാണത്'-സെവാഗ് ട്വീറ്റ് ചെയ്തു.
ഒന്നാം ടെസ്റ്റില്‍ ഓസീസിനെ ജയിപ്പിക്കുന്നതില്‍ കമ്മിന്‍സിന്റെ പ്രകടനം നിര്‍ണ്ണായകമായിരുന്നുവെന്നതില്‍ തര്‍ക്കമില്ല. ചിരവൈരികളുടെ പോരാട്ടത്തില്‍ അവസരത്തിനൊത്ത് ബാറ്റുചെയ്യാന്‍ കമ്മിന്‍സിനാണ്. ഇംഗ്ലണ്ടിന്റെ ശക്തമായ ബൗളിങ് നിരയെ അതിജീവിച്ചാണ് കമ്മിന്‍സിന്റെ തകര്‍പ്പന്‍ പ്രകടനം. 73 പന്തില്‍ 44 റണ്‍സാണ് കമ്മിന്‍സ് നേടിയത്. നാല് ഫോറും 2 സിക്‌സും ഉള്‍പ്പെടെ പുറത്താവാതെ നിന്ന കമ്മിന്‍സ് ജയം പിടിച്ചെടുക്കുകയായിരുന്നു.
വലിയ പ്രശംസ നല്‍കേണ്ട പ്രകടനം തന്നെയാണിത്. എന്നാല്‍ ധോണിയുമായി കമ്മിന്‍സിനെ താരതമ്യം ചെയ്ത് ക്യാപ്റ്റന്‍ കൂളെന്ന് വിളിക്കാം എന്ന സെവാഗിന്റെ അഭിപ്രായത്തോട് ആരാധകര്‍ക്ക് യോജിപ്പില്ല. ഒറ്റ മത്സരം ജയിപ്പിച്ചതുകൊണ്ട് ക്യാപ്റ്റന്‍ കൂള്‍ വിശേഷണം നേടിയെടുത്ത താരമല്ല എംഎസ് ധോണി. അദ്ദേഹം കരിയറിലുടെനീളം കാട്ടിയ മികവിനാണ് ആ വിശേഷണം ലഭിച്ചത്. ഒറ്റ മത്സരംകൊണ്ട് കമ്മിന്‍സിന് ഈ വിശേഷണം നല്‍കാന്‍ സാധിക്കില്ലെന്നാണ് ആരാധക പക്ഷം.

എന്നാല്‍ കമ്മിന്‍സിന്റെ പ്രകടന മികവിനെ കുറച്ചുകാണാനാവില്ല. പക്ഷെ ധോണിയോടൊപ്പം താരതമ്യം ചെയ്യാനുള്ള നായക മികവൊന്നും കമ്മിന്‍സിനില്ല. അവസാന ഇന്ത്യന്‍ പര്യടനത്തില്‍ ഓസീസിനെ നയിച്ചപ്പോള്‍ കമ്മിന്‍സ് ഒന്നും ചെയ്യാനാവാതെ നാണംകെട്ടതാണ്. ഒന്നാം ആഷസ് ടെസ്റ്റിലെ ജയം കമ്മിന്‍സിന്റെ ഭാഗ്യ ദിവസമായി വേണം കണക്കാക്കാന്‍. ഈ പ്രകടനംകൊണ്ടുമാത്രം ധോണിയുമായി കമ്മിന്‍സിനെ താരതമ്യം ചെയ്യുന്നത് നീതിയല്ല.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയ കിരീടം നേടിയത് കമ്മിന്‍സിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലായിരുന്നു. ഇത്തവണത്തെ ആഷസ് ടെസ്റ്റില്‍ ഓസീസിനെ കിരീടത്തിലേക്കെത്തിക്കാന്‍ സാധിച്ചാല്‍ നായകനെന്ന നിലയില്‍ കമ്മിന്‍സിന്റെ കരിയറിലും അത് വലിയ നേട്ടമാവും. ഈ വര്‍ഷം ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കാന്‍ പോവുകയാണ്. കമ്മിന്‍സാവും ഓസീസ് നായകന്‍. ഇതിലും ഓസീസിനെ കിരീടത്തിലേക്കെത്തിക്കാന്‍ കമ്മിന്‍സിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.
ടെസ്റ്റിലെ കമ്മിന്‍സിന്റെ അതിവേഗ പന്തുകള്‍ ബാറ്റ്‌സ്മാനെ കുഴപ്പിക്കുന്നതാണ്. എന്നാല്‍ പരിമിത ഓവറില്‍ കമ്മിന്‍സ് തല്ലുകൊള്ളി ബൗളറാണ്. പ്രത്യേകിച്ച് ഇന്ത്യന്‍ പിച്ചുകളില്‍ നന്നായി റണ്‍സ് വഴങ്ങുന്നവനാണ് കമ്മിന്‍സ്. ഐപിഎല്ലിലും അദ്ദേഹം റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടാറില്ല. തന്ത്രശാലിയെന്ന നായകനെന്ന് വിളിക്കാനാവില്ലെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ ഓസീസിന് പ്രതീക്ഷ നല്‍കാന്‍ കമ്മിന്‍സിന് സാധിക്കുന്നുണ്ട്.