മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചരിത്രത്തില്‍ ഐസിസി ട്രോഫി നേടിക്കൊടുത്ത ചുരുക്കം ചില പരിശീലകരിലൊരാളാണ് രാഹുല്‍ ദ്രാവിഡ്. മുന്‍ ഇന്ത്യന്‍ നായകനും വിക്കറ്റ് കീപ്പറുമായിരുന്ന ദ്രാവിഡ് പരിശീലകനെന്ന നിലയിലും തകര്‍പ്പന്‍ റെക്കോഡോടെ തലയുയര്‍ത്തിയാണ് ഇന്ത്യന്‍ ടീമിന്റെ പടി ഇറങ്ങിയത്. കരിയറില്‍ കളിച്ചുകൊണ്ടിരുന്നപ്പോള്‍ ഐസിസി ട്രോഫി നേടാന്‍ ദ്രാവിഡിന് സാധിച്ചിരുന്നില്ല. എന്നാല്‍ പരിശീലകനായി ഇന്ത്യയെ ടി20 ലോകകപ്പ് കിരീടം ചൂടിക്കാന്‍ ദ്രാവിഡിന് സാധിച്ചു.
ഇന്ത്യ ആതിഥേയരായ ഏകദിന ലോകകപ്പ് കിരീടം നേടിക്കൊടുക്കുന്നതില്‍ ദ്രാവിഡ് പരാജയപ്പെട്ടെങ്കിലും ടി20 ലോകകപ്പില്‍ തോല്‍വി അറിയാതെ ഇന്ത്യ കപ്പിലേക്കെത്തുകയായിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ദ്രാവിഡിന് കീഴില്‍ ഇന്ത്യ തോറ്റിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്റെ പരിശീലക കരിയറിലെ തന്നെ ഏറ്റവും നിരാശപ്പെടുത്തിയ കാര്യം എന്താണെന്ന് ദ്രാവിഡ് തുറന്ന് പറഞ്ഞിരിക്കുകയാണ്. അത് ഇന്ത്യയില്‍ ഏകദിന ലോകകപ്പ് തോറ്റതല്ല.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ തോറ്റതുമല്ല. ദക്ഷിണാഫ്രിക്കയില്‍ കന്നി ടെസ്റ്റ് പരമ്പര നേടാനുള്ള അവസരം നഷ്ടപ്പെടുത്തിയതാണെന്നാണ് ദ്രാവിഡ് പറയുന്നത്. 'ഇന്ത്യയുടെ പരിശീലകനായി ഏറ്റവും നിരാശപ്പെടുത്തിയത് എന്താണെന്ന് ചോദിച്ചാല്‍ ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് പരമ്പര നേടാന്‍ സാധിക്കാത്തതാണെന്ന് ഞാന്‍ പറയും. സെഞ്ച്വൂറിയനില്‍ ആദ്യ മത്സരം ജയിക്കാന്‍ ഇന്ത്യക്കായി. എന്നാല്‍ രണ്ടാമത്തേയും മൂന്നാമത്തേയും മത്സരം തോറ്റ് പരമ്പര കൈവിട്ടു.
ദക്ഷിണാഫ്രിക്കയില്‍ ഇതുവരെ ടെസ്റ്റ് പരമ്പര ഇന്ത്യ നേടിയിട്ടില്ല. അതുകൊണ്ടുതന്നെ സുവര്‍ണ്ണാവസരമായിരുന്നു മുന്നിലുണ്ടായിരുന്നത്. ചില സീനിയര്‍ താരങ്ങള്‍ അന്ന് ടീമിലില്ലായിരുന്നു. രോഹിത് ശര്‍മക്ക് പരിക്കായിരുന്നു. ചില പ്രധാന സീനിയര്‍ താരങ്ങളും അന്നത്തെ പരമ്പരയില്‍ ഉണ്ടായിരുന്നില്ല. ഇന്ത്യ ജയിക്കാവുന്ന സാഹചര്യത്തില്‍ നിന്നാണ് അന്ന് പിന്നോട്ട് പോയത്. ഇന്ത്യയുടെ പരിശീലകനെന്ന നിലയില്‍ ഇപ്പോഴും നിരാശപ്പെടുത്തുന്നത് ഇതാണ്' ദ്രാവിഡ് പറഞ്ഞു.

ദ്രാവിഡ് ഇന്ത്യയുടെ പരിശീലകനായപ്പോള്‍ ടെസ്റ്റില്‍ വമ്പന്‍ കുതിച്ചുചാട്ടം പ്രതീക്ഷിച്ചിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പടക്കം ഇന്ത്യക്ക് നേടിക്കൊടുക്കാന്‍ ദ്രാവിഡിന് സാധിക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ ഇതിന് ദ്രാവിഡിന് സാധിക്കാതെ പോയി. ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നേടിക്കൊടുക്കാന്‍ ദ്രാവിഡിന് സാധിക്കാതെ പോയതും അദ്ദേഹത്തെ വേട്ടയാടുന്ന സംഭവമാണെന്ന് പറയാം. തോല്‍ക്കാതെ ഫൈനലിലെത്തിയ ഇന്ത്യ ഓസ്‌ട്രേലിയയോട് തോറ്റു.
സ്വന്തം മണ്ണില്‍ ഏകദിന ലോകകപ്പ് നേടിയെടുക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഇന്ത്യക്ക് നഷ്ടമായത്. ഇത് എല്ലാ ആരാധകരേയും ഒരുപോലെ നിരാശപ്പെടുത്തിയ സംഭവമാണെന്ന് പറയാം. പരിശീലകനെന്ന നിലയില്‍ മോശമല്ലാത്ത റെക്കോഡുകളോടെയാണ് ദ്രാവിഡ് പടിയിറങ്ങിയത്. ടി20 ലോകകപ്പ് നേട്ടത്തോടെ പടിയിറങ്ങാന്‍ ഭാഗ്യം ലഭിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. അധികമാര്‍ക്കും ലഭിക്കാത്ത ഭാഗ്യമാണ് ദ്രാവിഡിന് ലഭിച്ചത്.
ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ തോല്‍വി വലിയ പാഠം നല്‍കിയെന്നും ദ്രാവിഡ് പറഞ്ഞു. 'ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ തോല്‍വി വലിയ പാഠമാണ് നല്‍കിയത്. ആ തോല്‍വിയില്‍ നിന്ന് നിരവധി കാര്യങ്ങള്‍ പഠിക്കാനാവും. എന്തൊക്കെയാണ് ഇനി ടീമില്‍ ചെയ്യേണ്ടതെന്ന് മനസിലാക്കിത്തന്നു. ഉയര്‍ച്ചയും താഴ്ച്ചയും എങ്ങനെ ടീമിനെ ബാധിക്കാതെ മുന്നോട്ട് പോകണമെന്ന് തിരിച്ചറിഞ്ഞു. ടീമിന്റെ സംതുലിതാവസ്ഥ വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് തിരിച്ചറിഞ്ഞു.
എതിര്‍ ടീമും ജയിക്കാനായി വരുന്നവരാണ്. അവരും ലോകോത്തര ടീമായിരിക്കും. എപ്പോഴും ജയിക്കണമെന്ന് കരുതിയാലും അത് നടക്കില്ല. മികച്ചതും കൃത്യമായതുമായ മുന്നൊരുക്കവും ടീം തിരഞ്ഞെടുപ്പും വളരെ പ്രധാനപ്പെട്ട കാര്യമാണ്. എന്നാല്‍ എത്രയൊക്കെ നന്നായി മുന്നൊരുക്കം നടത്തിയാലും ചിലപ്പോള്‍ തോല്‍ക്കും. അപ്പോഴും ടീമിനൊപ്പം തലയുയര്‍ത്തി നില്‍ക്കാനാണ് ആഗ്രഹം' ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.