ദുബായ്: ഐസിസി ടെസ്റ്റ് ടീം റാങ്കിങിലെ ആശയക്കുഴപ്പം തീര്‍ത്ത് ഐസിസി രംഗത്ത്. വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരിയതോടെ ന്യൂസിലാന്‍ഡ് ഒന്നാംസ്ഥാനത്തേക്കു കയറിയതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്നും തലപ്പത്ത് ഇപ്പോഴും ഓസ്‌ട്രേലിയ തന്നെയാണെന്നും ഐസിസി അറിയിച്ചു.

വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്നിങ്‌സിനും 12 റണ്‍സിനുമായിരുന്നു കിവീസിന്റെ വിജയം. ഇതോടെ ഒന്നാംസ്ഥാനക്കാരായ ഓസീസിന്റെ റേറ്റിങ് പോയിന്റായ 116ല്‍ അവര്‍ എത്തുകയും ചെയ്തു. തുടര്‍ന്നായിരുന്നു ന്യൂസിലാന്‍ഡ് റാങ്കിങില്‍ ഓസീസിനൊപ്പം ഒന്നംസ്ഥാനം പങ്കിടുകയാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ ട്വിറ്ററിലൂടെ ഇതിനു വിശദീകരണം നല്‍കിയിരിക്കുകയാണ് ഐസിസി.
ഐസിസി ടെസ്റ്റ് ടീമുകളുടെ റാങ്കിങില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 116.461 റേറ്റിങ് പോയിന്റോടെ ഓസ്‌ട്രേലിയ തന്നെയാണ് ഇപ്പോഴും നമ്പര്‍ വണ്‍. 116.375 റേറ്റിങ് പോയിന്റുള്ള ന്യൂസിലാന്‍ഡ് തൊട്ടുപിറകില്‍ രണ്ടാംസ്ഥാനത്താണെന്നും ഐസിസി ട്വീറ്റ് യെ്തു.
നേരത്തേ ഓസീസിനു പിറകില്‍ രണ്ടാംസ്ഥാനത്തായിരുന്ന ഇന്ത്യ ന്യൂസിലാന്‍ഡിന്റെ മുന്നേറ്റത്തോടെ ഒരു സ്ഥാനം താഴേക്കിറങ്ങി മൂന്നാം റാങ്കിലേക്കു പിന്തള്ളപ്പെട്ടു. 114 പോയിന്റാണ് ഇന്ത്യക്കുള്ളത്. ഇംഗ്ലണ്ട്, ശ്രീലങ്ക എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്. ദക്ഷിണാഫ്രിക്ക (ആറ്), പാകിസ്താന്‍ (ഏഴ്), വെസ്റ്റ് ഇന്‍ഡീസ് (എട്ട്), ബംഗ്ലാദേശ് (ഒമ്പത്) എന്നിങ്ങനെയാണ് മറ്റു ടീമുകളുടെ റാങ്കുകള്‍.