For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിയല്ല യുവിയുടെ യഥാര്‍ഥ വില്ലന്‍! കരിയര്‍ തകര്‍ത്തത് മറ്റൊന്ന്, അറിയാം

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും വലിയ മാച്ച് വിന്നര്‍മാരില്‍ ഒരാളായാണ് മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് വിശേഷിപ്പിക്കപ്പെടുന്നത്. വൈറ്റ് ബോള്‍ സ്‌പെഷ്യലിസ്റ്റായിരുന്ന അദ്ദേഹം ലോകകപ്പുകളിലടക്കം പല നിര്‍ണാടക മല്‍സരങ്ങളിലും ടീമിനായി മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിച്ചിട്ടുണ്ട്. 2011ല്‍ അവസാനമായി ഏകദിന ലോകകപ്പില്‍ ഇന്ത്യ മുത്തമിട്ടപ്പോള്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായത് യുവിയായിരുന്നു. പക്ഷെ ഈ ലോകകപ്പിനു ശേഷം അദ്ദേഹത്തിന്റെ കരിയര്‍ ഗ്രാഫ് താഴേക്കാണ് പോയത്.

പിന്നീട് ദേശീയ ടീമിനു അകത്തും പുറത്തുമായി തുടര്‍ന്ന യുവി 2019ലെ ലോകകപ്പില്‍ കളിച്ചു വിരമിക്കണമെന്നു അതിയായി ആഗ്രഹിച്ചിരുന്നെങ്കിലും ആ മോഹം നടന്നില്ല. ഒടുവില്‍ ക്രിക്കറ്റില്‍ നിന്നും അദ്ദേഹം വിരമിക്കലും പ്രഖ്യാപിക്കുകയയിരുന്നു. യുവരാജിന്റെ കരിയറിനു എല്ലാവരും പ്രതീക്ഷിച്ചതു പോലെ ശുഭകരമായ ഒരു ക്ലൈമാക്‌സ് ഇല്ലാതെ പോയതിനു പലരും പഴിക്കുന്നത് മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയെയാണ്.

YUVRAJ DHONI

യുവിയുടെ കരിയര്‍ തകര്‍ത്തത് ധോണിയാണെന്നാണ് പലരുടെയും ആരോപണം. യുവിയുടെ അച്ഛനും മുന്‍ ക്രിക്കറ്ററുമായ യോഗ്‌രാജ് സിങ് പല തവണ ധോണിക്കെതിരേ ഗുരുതര ആരോപണങ്ങളുമുന്നയിച്ചിട്ടുണ്ട്. ധോണിയല്ല, മറിച്ച് യുവിയായിരുന്നു ഇന്ത്യന്‍ ടീമിന്റെ നായകനായി വരേണ്ടിയിരുന്നതെന്നും പക്ഷെ തന്റെ മകന്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പല അഭിമുഖങ്ങളിലും തുറന്നടിച്ചു.

യഥാര്‍ഥത്തില്‍ യോഗ്‌രാജുള്‍പ്പെടെ യുവിയുടെ പല ആരാധകരും ആരോപിക്കുന്നതു പോലെ ധോണിയാണോ യഥാര്‍ഥ വില്ലന്‍? അല്ലെന്നു തന്നെയാണ് ഇതിനുള്ള ഉത്തരം. മറ്റൊരു കാരണത്താലാണ് യുവിയുടെ കരിയര്‍ തകര്‍ന്നത്. ഇതു എന്താണെന്നു നമുക്കു പരിശോധിക്കാം.

2011ലെ ലോകകപ്പിനിടെ യുവിക്കു അര്‍ബുദം പിടിപെട്ടിരുന്നു. ശാരീരികമായ പല ബുദ്ധിമുട്ടുകളും ഈ സമയത്തു അദ്ദേഹത്തിനുണ്ടായിരുന്നു. ലോകകപ്പിനു പിന്നാലെ യുവി ചികില്‍സയ്ക്കായി ക്രിക്കറ്റില്‍ നിന്നും മാറി നിന്നിരുന്നു. പിന്നീട് ഒരു വര്‍ഷത്തിലേറെ കഴിഞ്ഞ് 2012ന്റെ അവസാനത്തോടെയാണ് അദ്ദേഹം അര്‍ബുദത്തെ തോല്‍പ്പിച്ച് ക്രിക്കറ്റിലേക്കു മടങ്ങിയെത്തിയത്. പക്ഷെ രോഗം പിടിപെടുന്നതിനു മുമ്പുള്ള യുവിയെയല്ല മടങ്ങിവരവില്‍ നമുക്കു കാണാന്‍ കഴിഞ്ഞത്.

ക്രിക്കറ്ററെന്ന നിലയില്‍ അദ്ദേഹത്തിന്റെ കളി മികവ് ഏറെ താഴേക്കു പോയിരുന്നതായി കണക്കുകള്‍ അടിവരയിടുന്നു. അസുഖം ഭേദമായ ശേഷം കളിച്ച പല പരമ്പരകളിലും യുവിയുടെ പ്രകടനം തീര്‍ത്തും നിരാശാജനകമായിരുന്നു. 2012-13ല്‍ പാകിസ്താനുമായുള്ള ഏകദിന പരമ്പരയില്‍ യുവി ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. പക്ഷെ 2, 9, 23, എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍. പരമ്പര ഇന്ത്യ 1-2നു കൈവിടുകയും ചെയ്തു.

YUVRAJ SINGH

2013ല്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ 61, 32, 30, 3, 0 എന്നിങ്ങനെ സ്‌കോറുകളാണ് യുവി കുറിച്ചത്. ഒരു ഫിഫ്റ്റി മാറ്റിനിര്‍ത്തിയാല്‍ അദ്ദേഹം വീണ്ടും നിരാശപ്പെടുത്തി. മോശം ഫോം കാരണം ഇതേ വര്‍ഷത്തെ ഐസിസി ചാംപ്യന്‍സ് ട്രോഫി ടീമിലേക്കു യുവിയെ പരിഗണിച്ചതുമില്ല. അതിനു ശേഷം ഓസ്‌ട്രേലിയയുമായുള്ള പരമ്പരയില്‍ 7, 0, 0, 12 എങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. യുവിയുടെ എക്കാലത്തെയും മോശം പ്രകടനമായിരുന്നു ഈ പരമ്പരയിലേത്.

പിന്നാലെ വെസ്റ്റ് ഇന്‍ഡീസുയുള്ള ഏകദിന പരമ്പരയിലും അദ്ദേഹം ക്ലിക്കായില്ല. 16*, 28, 55 എന്നിങ്ങനെ സ്‌കോറുകളാണ് യുവി കുറിച്ചത്. ഈ പരമ്പരകളിലെല്ലാം ധോണിയായിരുന്നു ഇന്ത്യയെ നയിച്ചത്. യുവി തുടര്‍ച്ചയായി ഫ്‌ളോപ്പായിക്കൊണ്ടിരുന്നിട്ടും ധോണി തുടരെ അവസരങ്ങള്‍ നല്‍കിയതായി കാണാം. അധികം വൈകാതെ തന്നെ ടീം മാനേജ്‌മെന്റിനു യുവിയില്‍ വിശ്വാസം നഷ്ടപ്പെടുകയും ടീമില്‍ നിന്നും ഒഴിവാക്കപ്പെടുകയുമായിരുന്നു.

ടി20യിലെ മോശമല്ലാത്ത പ്രകടനങ്ങളെ തുടര്‍ന്നു 2014ലെ ടി20 ലോകകപ്പില്‍ യുവിക്കു ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചിരുന്നു. പക്ഷെ ഫൈനലില്‍ യുവിയുടെ സ്ലോ ബാറ്റിങ് ഇന്ത്യന്‍ പരാജയത്തിനു വഴിയൊരുക്കി. ഇതിന്റെ പേരില്‍ അദ്ദേഹം ഏറെ പഴിയും കേട്ടിരുന്നു. ഇതിനു ശേഷം 2016ലെ ടി20 ലോകകപ്പില്‍ കൂടി യുവി കളിച്ചെങ്കിലും തിളങ്ങിയില്ല. ഇവയെല്ലാം പരിഗണിക്കുമ്പോള്‍ ധോണിയല്ല, ടീമിലേക്കുള്ള രണ്ടാം വരവിലെ മോശം പ്രകടനങ്ങളാണ് യുവിയുടെ കരിയറിന്റെ തകര്‍ച്ചയ്ക്കു പ്രധാന കാരണമെന്നു വ്യക്തമാണ്.

Story first published: Monday, February 5, 2024, 15:59 [IST]
Other articles published on Feb 5, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+