ഇന്ത്യയുടെ വമ്പന്‍ ക്രിക്കറ്റര്‍മാരെയെടുത്താല്‍ പലരും ആഡംബര കാറുകളോടും ബൈക്കുകളോടുമെല്ലാം പ്രിയമുള്ളവരാണെന്നു കാണാന്‍ സാധിക്കും. കോടികള്‍ വില മതിക്കുന്ന ആഡംബര വാഹനങ്ങള്‍ പലരും സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ വാഹനപ്രേമം എല്ലാവര്‍ക്കുമറിയാം. കാറുകളുടെയും ബൈക്കുകളുടെയുമെല്ലാം വലിയൊരു ശേഖരം തന്നെ അദ്ദേഹത്തിന്റെ പക്കലുണ്ട്.
മറ്റൊരു മുന്‍ നായകന്‍ വിരാട് കോലി, ഭാവി ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ എന്നിവരും ആഡംബര കാറുകളെ പ്രണയിക്കുന്നവരാണ്. ബിഎംഡബ്ല്യു, റോള്‍സ് റോയ്‌സ്, റേഞ്ച് റോവര്‍ തുടങ്ങി ആഡംബര കാറുകളുടെ കളക്ഷനുകള്‍ ഇവര്‍ക്കെല്ലാമുണ്ട്. എന്നാല്‍ ലംബോര്‍ഗിനിയുടെ ഉറൂസ് എസ് എന്ന ആഡംബര കാര്‍ ആദ്യമായി ഇന്ത്യയിലേക്കു കൊണ്ടുവന്നയാള്‍ ഇവരാരുമല്ല.

4.2 കോടിയോളം വില മതിക്കുന്ന സൂപ്പര്‍ കാറിന്റെ ആദ്യത്തെ അവകാശി ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. ഈ വര്‍ഷം ജൂണിലായിരുന്നു മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ഈ കാറിന്റെ അവകാശിയായി മാറിയത്. ലംബോര്‍ഗിനി ഉറൂസെന്ന തൊട്ടുമുമ്പത്തെ മോഡല്‍ ആദ്യമായി വാങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റര്‍ നിലവിലെ ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മയാണ്.
2022ലായിരുന്നു 3.15 കോടി രൂപ മുടക്കി ഈ കാര്‍ അദ്ദേഹം ഇന്ത്യയിലേക്കു കൊണ്ടുവന്നത്. എന്നാല്‍ ഈ വര്‍ഷം ഉറൂസ് എസ് (Urus S) എന്ന ലക്ഷ്വറി മോഡല്‍ വാങ്ങിയ സച്ചിന്‍ രോഹിത്തിനെ പിന്തള്ളുകയായിരുന്നു.
4.2 കോടിയോളം രൂപയാണ് ഉറൂസ് എസ് സ്വന്തമാക്കാന്‍ സച്ചിനു ചെലവഴിക്കേണ്ടി വന്നത്. ഇന്ത്യയില്‍ ലംബോര്‍ഗിനി ഉറൂസ് കാറുകളുള്ള ക്രിക്കറ്റര്‍മാര്‍ സച്ചിനും രോഹിത്തും മാത്രമാണെന്നതാണ് കൗതുകകരമായ കാര്യം. ലോകത്തിലെ ഏറ്റവും വില പിടിപ്പുള്ള ആഡംബര കാറുകളുടെ നിരയിലാണ് ലംബോര്‍ഗിനി ഉറൂസിന്റെ സ്ഥാനം.

വളരെ മികച്ച പെര്‍ഫോമന്‍സ് വാഗ്ദാനം ചെയ്യുന്ന ആഡംബര എഎസ്യുവിയാണ് ലംബോര്‍ഗിനി ഉറൂസ്. 0 മുതല്‍ 60 mph വേഗത കൈവരിക്കാന്‍ ഈ വാഹനത്തിനു വെറും 3.5 സെക്കന്റുകള്‍ മാത്രം മതി. ഈ കാറിന്റെ ഏറ്റവുമുയര്‍ന്ന വേഗത 190 mph വരെയാണ്.
ലംബോര്‍ഗിനി ഉറൂസ് എസ് മാത്രമല്ല വേറെയും ചില ആഡംബര കാറുകള്‍ സച്ചിന്റെ ഗ്യാരേജിലുണ്ട്. ബിഎംഡബ്ല്യു 18, ഫെരാരി 360 മൊഡേണ, ബിഎംഡബ്ല്യു എം6 ഗ്രാന്‍ കൂപ്പെ, ബിഎംഡബ്ല്യു എം5 30 ജാഹ്‌റെ എഡിഷന്‍ എന്നിവയടക്കമുള്ള ആഡംബര വാഹനങ്ങള്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്കു സ്വന്തമായുണ്ട്.
രോഹിത് ശര്‍മയുടെ കാര്യമെടുത്താല്‍ ലംബോര്‍ഗിനി ഉറൂസിനെക്കൂടാതെ മെഴ്‌സിഡസ് ബെന്‍സ് ജിഎല്‍എസ് 400 ഡി, ബിഎംഡബ്ല്യു എക്‌സ് 3, ബിഎംഡബ്ല്യു എം 5 (ഫോര്‍മുല വണ്‍ എഡിഷന്‍), ഔഡി എ 6 എന്നിവ ഹിറ്റ്മാന്റെ പക്കലുള്ള ആഡംബര കാറുകളാണ്.