ഇന്ത്യന്‍ ക്രിക്കറ്റിലെ താരാരാധനയ്‌ക്കെതിരേ പലപ്പോഴും രംഗത്തു വന്നിട്ടുള്ളയാളാണ് മുന്‍ ഇടംകൈയന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. 2011ലെ ഏകദിന ലോകകപ്പ് വിജയങ്ങളിലടക്കം മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയെ മാത്രം ഹീറോയായി ഉയര്‍ത്തിക്കാണിക്കുന്ന പ്രവണതയ്‌ക്കെതിരേ അദ്ദേഹം തുറന്നടിക്കുകയും ചെയ്തിട്ടുണ്ട്. ധോണിയല്ല, മറിച്ച് ഇന്ത്യന്‍ ടീമാണ് ലോകകപ്പ് നേടിയതെന്നും ഗംഭീര്‍ പലപ്പോഴും ചൂണ്ടിക്കാണിക്കുന്ന കാര്യവുമാണ്.
ഇപ്പോഴിതാ സമാനമായ അഭിപ്രായപ്രകടനം നടത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഫാസ്റ്റ് ബൗളര്‍ പ്രവീണ്‍ കുമാര്‍. ഏതെങ്കിലുമൊരു താരം മാത്രം മനസ്സുവച്ചാല്‍ ക്രിക്കറ്റില്‍ ജയിക്കാന്‍ കഴിയില്ലെന്നും ഒരുപാട് കളിക്കാര്‍ നന്നായി പെഫോം ചെയ്‌തെങ്കില്‍ മാത്രമേ അതു സാധ്യമാവുകയുള്ളൂവെന്നുമാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.

2011ല്‍ ശ്രീലങ്കയുമായുള്ള കലാശക്കളിയില്‍ റണ്‍ചേസില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോററായത് ഗംഭീറാണെങ്കിലും 90 പ്ലസ് സ്‌കോര്‍ ചെയ്യുകയും സിക്‌സറിലൂടെ വിജയ റണ്‍സ് കുറിക്കുകയും ചെയ്ത ധോണിയാണ് വാഴ്തപ്പെട്ടത്. പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അദ്ദേഹത്തിനു തന്നെയായിരുന്നു.
ശുഭാന്‍കര്‍ മിശ്രയുടെ യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ധോണിയെ വിമര്‍ശിച്ചും ഗംഭീറിനെ പിന്തുണച്ചും പ്രവീണ്‍ സംസാരിച്ചത്. ഇതു ഗുസ്തിയോ, മറ്റേതെങ്കിലും വ്യക്തിഗത ഗെയിമോയല്ല. ഒരാള്‍ക്കു നിങ്ങളെ കളി ജയിപ്പിക്കാന്‍ സാധിക്കില്ലെന്നും ധോണിയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് പ്രവീണ്‍ തുറന്നടിക്കുന്നു.
2011ലെ ലോകകപ്പില്‍ യുവരാജ് സിങ് ഇന്ത്യക്കു വേണ്ടി 15 വിക്കറ്റുകള്‍ വീഴ്ത്തുകയും ഒരുപാട് റണ്‍സ് സ്‌കോര്‍ ചെയ്യുകയും ചെയ്തു. 2011 ലെ ഫൈനലിലും 2007ലെ ടി20 ലോകകപ്പ് ഫൈനലിലും ഗൗതം ഗംഭീറും നന്നായി സ്‌കോര്‍ ചെയ്തിട്ടുണ്ട്. 2011ലെ ഫൈനലില്‍ എംഎസ് ധോണി ടീമിനായി സ്‌കോര്‍ ചെയ്തിരുന്നു.
ചുരുങ്ങിയത് മൂന്നു ബാറ്റര്‍മാര്‍ ഫോമിലാവുകയും കുറഞ്ഞത് രണ്ടു ബൗളര്‍മാരെങ്കിലും വിക്കറ്റുകളെടുക്കുകയും ചെയ്‌തെങ്കില്‍ മാത്രമേ ഒരു ടീം ജയിക്കുകയുള്ളൂ. അതു ടെസ്റ്റോ, ടി20യോ, ഏകദിനമോ എന്തുമാവട്ടെ. ഒരു കളിക്കാരന്‍ നിങ്ങളെ ടൂര്‍ണമെന്റ് ജയിപ്പിക്കില്ലെന്നും പ്രവീണ്‍ വ്യക്തമാക്കി.
2011ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനു വേണ്ടി ഉറപ്പായും കളിക്കേണ്ടിയിരുന്ന താരമായിരുന്നു പ്രവീണ്‍. പക്ഷെ അപ്രതീക്ഷിതമായെത്തിയ പരിക്ക് അദ്ദേഹത്തിനു ടൂര്‍ണമെന്റ് നഷ്ടപ്പെടുത്തുകയായിരുന്നു.
ഇതോടെ ലോകകപ്പില്‍ നിന്നും പ്രവീണിനു പിന്‍മാറേണ്ടി വന്നതോടെ പകരക്കാരനായി ഇന്ത്യന്‍ ടീമിലെടുത്തത് മലയാളി ഫാസ്റ്റ് ബൗളര്‍ ശ്രീശാന്തിനെയാണ്. അതോടെ 2007ലെ പ്രഥമ ടി20 ലോകകപ്പിനോടൊപ്പം 2011ല്‍ ഏകദിന ലോകകപ്പിലും വിജയത്തില്‍ പങ്കാളിയാവാനുള്ള ഭാഗ്യം അദ്ദേഹത്തിനു ലഭിക്കുകയും ചെയ്തു.

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഹീറോ സംസ്‌കാരം എല്ലായ്‌പ്പോഴും ഉണ്ടായിട്ടുണ്ടെന്നു പ്രവീണ്‍ അഭിപ്രായപ്പെട്ടു. 1980കള്‍ മുതല്‍ ഇവിടെ അതുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ഇതൊരു തെറ്റായ പ്രവണത തന്നെയാണ്. ചില സമയങ്ങങ്ങളില്‍ ക്രിക്കറ്റെന്ന ഗെയിമിനേക്കാള്‍ വലുതായി ക്രിക്കറ്റര്‍മാര്‍ മാറുന്നു. കൂടുതല്‍ ബ്രാന്‍ഡ് സപ്പോര്‍ട്ടുള്ള ക്രിക്കറ്റര്‍ക്കു കൂടുതല്‍ പ്രശസ്തിയും ലഭിക്കുന്നതായി പ്രവീണ്‍ ചൂണ്ടിക്കാട്ടി.
കളിച്ചിരുന്ന കാലത്തു ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്വിങ് ബൗളര്‍മാരില്‍ ഒരാളായാണ് പ്രവീണ്‍ വിലയിരുത്തപ്പെട്ടിരുന്നത്. ദേശീയ ടീമിനു വേണ്ടി മൂന്നു ഫോര്‍മാറ്റുകളിലും അദ്ദേഹം കളിക്കുകയും ചെയ്തു. ഏകദിനത്തില്‍ 68ഉം ടി20യില്‍ 10ഉം ടെസ്റ്റില്‍ ആറും മല്‍സരങ്ങളിലാണ് പ്രവീണ്‍ ഇന്ത്യയുടെ കുപ്പായമണിഞ്ഞത്. മൂന്നു ഫോമാറ്റുകളില്‍ നിന്നുമായി 112 വിക്കറ്റുകളും അദ്ദേഹം വീഴ്ത്തി.