ടി20ക്കു പിന്നാലെ ഇന്ത്യയുടെ ടെസ്റ്റ് ടീമിലും തന്റെ സാന്നിധ്യമറിയിച്ചിരിക്കുകയാണ് യുവ ഓള്‍റൗണ്ടര്‍ നിതീഷ് റെഡ്ഡി. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലൂടെ റെഡ് ബോള്‍ ക്രിക്കറ്റില്‍ അരങ്ങേറിയ അദ്ദേഹം തന്റെ നാലാം ടെസ്റ്റില്‍ ആദ്യത്തെ സെഞ്ച്വറിയും കുറിച്ചിരിക്കുകയാണ്. എല്ലാ ഫോര്‍മാറ്റുകളിലും ടീമിനു മുതല്‍ക്കൂട്ടായി മാറുന്ന ഒരു സീം ബൗളിങ് ഓള്‍റൗണ്ടര്‍ക്കു വേണ്ടിയുള്ള ഇന്ത്യയുടെ കാത്തിരിപ്പ് കൂടിയാണ് നിതീഷ് ഇപ്പോള്‍ അവസാനിപ്പിച്ചിരിക്കുന്നത്.
ഓസീസുമായി മെല്‍ബണില്‍ നടക്കുന്ന നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയെ വലിയ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയിരിക്കുകയാണ് ഈ 21 കാരന്‍. എട്ടാം നമ്പറില്‍ ഇറങ്ങിയ നിതീഷ് പുറത്താവാതെ 105 റണ്‍സുമായി മൂന്നാംദിനത്തിലെ കളി അവസാനിക്കുമ്പോള്‍ ക്രീസിലുണ്ട്. ഇത്തവണത്തെ ഓസീസ് പര്യടനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ കണ്ടെത്തല്‍ കൂടിയാണ് നിതീഷ്.
ടീമെന്ന നിലയില്‍ വലിയ തിരിച്ചടികളുണ്ടായെങ്കിലും അദ്ദേഹത്തിന്റെ പ്രകടനം ഇന്ത്യക്കു സന്തോഷിക്കാനും അഭിമാനിക്കാനും വക നല്‍കുന്നുണ്ട്. കഴിഞ്ഞ ഐപിഎല്ലിലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി മികച്ച പ്രകടനം നടത്തി എമേര്‍ജിങ് താരമായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് നിതീഷ് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. തന്റെ ആരാധനാ പാത്രമായ ക്രിക്കറ്ററെയും ഇഷ്ടപ്പെട്ട ഐപിഎല്‍ ടീമിനെക്കുറിച്ചും പിന്നീട് താരം വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

സ്വാധീനിച്ച ഓള്‍റൗണ്ടര്‍
ഓള്‍റൗണ്ടറായി മാറാന്‍ ഏറ്റവുമധികം തന്നെ പ്രചോദിപ്പിച്ചിട്ടുള്ളത് രണ്ടു പേരാണെന്നായിരുന്നു നിതീഷ് റെഡ്ഡി തുറന്നു പറഞ്ഞത്. ഇതില്‍ ഒരാള്‍ ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യയാണെങ്കില്‍ മറ്റൊരാള്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരം ബെന്‍ സ്റ്റോക്‌സുമാണ്. ഹാര്‍ദിക്കില്‍ നിന്നും തനിക്കു ലഭിച്ച സന്ദേശക്കെക്കുറിച്ചും നിതീഷ് വെളിപ്പെടുത്തിയിരുന്നു.
കളിക്കളത്തില്‍ ഞാന്‍ നല്‍കാറുള്ള ഊര്‍ജവും ദൃഢനിശ്ചയവും നല്ലതാണെന്നും ഗെയിമിനെ ബഹുമാനിക്കുന്നത് തുടരണമെന്നുമായിരുന്നു ഹാര്‍ദിക് ഭായിയുടെ സന്ദേശം. നമ്മള്‍ക്കു ഉടനെ സംസാരിക്കാമെന്നും അദ്ദേഹം ഇതില്‍ കുറിച്ചു. ഈ സന്ദേശം കണ്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോവുകയും ചെയ്തുവെന്നായിരുന്നു ദേശീയ ടീമിനായി അരങ്ങേറുന്നതിനു മുമ്പ് ഒരു അഭിമുഖത്തില്‍ നിതീഷ് പറഞ്ഞത്.
ഫേവറിറ്റ് താരവും ടീമും
രണ്ടു ക്രിക്കറ്റര്‍മാരെയാണ് താന്‍ ഏറ്റവുമധികം ആരാധിക്കുന്നതെന്നാണ് നിതീഷ് റെഡ്ഡി വെളിപ്പെടുത്തിയത്. ഇതില്‍ ഒരാള്‍ ഇന്ത്യന്‍ ബാറ്റിങിലെ സൂപ്പര്‍ താരമായ വിരാട് കോലിയാണെങ്കില്‍ മറ്റൊരാള്‍ സൗത്താഫ്രിക്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സുമാണ്.
വിരാട് കോലിയെയും എബി ഡിവില്ലിയേഴ്‌സിനെയും ഞാന്‍ ഒരുപാട് ആരാധിക്കുന്നു. കഴിഞ്ഞ 10 വര്‍ഷത്തോളമായി ആര്‍സിബിയുടെ കടുത്ത ആരാധകനുമാണ് ഞാന്‍. 2023ല്‍ എനിക്കു വിരാട് കോലിയെ നേരിട്ടു കാണാന്‍ അവസരം ലഭിച്ചിരുന്നു. എനിക്കു അദ്ദേഹത്തോടു അധികമൊന്നും ചോദിക്കാന്‍ ഇല്ലായിരുന്നു. അദ്ദേഹവുമായി ഹസ്തദാനം ചെയ്യാനും ഓട്ടോഗ്രാഫ് വാങ്ങാനും മാത്രമാണ് അന്നു ആഗ്രഹിച്ചത്.
2024ല്‍ ആര്‍സിബിക്കെതിരേ ഐപിഎല്ലില്‍ നന്നായി കളിക്കണമെന്നു ഞാന്‍ ആഗ്രഹിച്ചിരുന്നു. അങ്ങനെ വന്നാല്‍ വിരാട് കോലി എന്റെ ഗെയിമിനെ ശ്രദ്ധിക്കുകയും ചെയ്യും. ആ മല്‍സരത്തില്‍ എനിക്കു ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ലെങ്കിലും കളിക്കു ശേഷമുള്ള ഹസ്തദാനത്തില്‍ അദ്ദേഹം എന്റെ പേര് ഓര്‍മിക്കുകയും ചെയ്തിരുന്നു. എന്നെ സംബന്ധിച്ച് ഇതു വലിയ കാര്യമായിരുന്നുവെന്നുമാണ് നിതീഷ് കഴിഞ്ഞ ഐപിഎല്ലിനു ശേഷം വെളിപ്പെടുത്തിയത്.

വിഹാരിയുടെ പിന്തുണ
ക്രിക്കറ്റ് കരിയറിന്റെ തുടക്കത്തില്‍ ഇന്ത്യയുടെ മുന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ ഹനുമാ വിഹാരിയില്‍ നിന്നും ലഭിച്ചിട്ടുള്ള മികച്ച പിന്തുണയെക്കുറിച്ചും നിതീഷ് റെഡ്ഡി തുറന്നു പറഞ്ഞിരുന്നു. ഹനുമാ വിഹാരി എനിക്കു മികച്ച പിന്തുണയാണ് നല്‍കിയിട്ടുള്ളത്. അണ്ടര്‍ 16 തലത്തില്‍ മികച്ച പ്രകടനം നടത്തിയ എന്നെ രഞ്ജി ട്രോഫി ടീമിലേക്കു കൊണ്ടുവന്നത് അദ്ദേഹമാണ്. ആദ്യത്തെ ഒരു വര്‍ഷം ഞാന്‍ എല്ലാ കാര്യങ്ങളും പഠിച്ച് മനസിലാക്കുകയും ചെയ്തു.
അടുത്ത വര്‍ഷം വിഹാരി എന്നെ രഞ്ജി ടീമിലും ഉള്‍പ്പെടുത്തി. എനിക്കൊപ്പം ഇല്ലായിരുന്നെങ്കിലും അനുഭവസമ്പത്ത് നേടാന്‍ അദ്ദേഹം എന്നെ സഹായിച്ചിരുന്നു. ഇതൊരു തുടക്കം മാത്രമാണെന്നും സാഹചര്യങ്ങളുമായി ഞാന്‍ പൊരുത്തപ്പെടേണ്ടത് ആവശ്യമാണെന്നു അദ്ദേഹം ഉപദേശിക്കുകയും ചെയ്തിരുന്നതായി നിതീഷ് കൂട്ടിച്ചേര്‍ത്തു.