Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയും സച്ചിനും രോഹിത്തുമല്ല, ഇന്ത്യയുടെ 1ാം നമ്പര്‍ താരം അവന്‍! തിരഞ്ഞെടുത്ത് മോയിന്‍

ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരമാരാണെന്ന ചോദ്യത്തിന് പലര്‍ക്കും പല ഉത്തരമാവും ഉണ്ടാവുക. ചിലര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന് പറയുമ്പോള്‍ മറ്റ് ചിലര്‍ക്ക് വിരാട് കോലിയാണ് ഇഷ്ട താരം. രോഹിത് ശര്‍മ, എംഎസ് ധോണി, സൗരവ് ഗാംഗുലി തുടങ്ങിയ പല സൂപ്പര്‍ താരങ്ങളേയും ഈ പട്ടികയില്‍ ഉള്‍പ്പെടുത്താനാവും. ഇവരെല്ലാം ഇന്ത്യന്‍ ക്രിക്കറ്റിന് വലിയ സംഭാവന ചെയ്തവരും വലിയ ആരാധക പിന്തുണയുള്ളവരുമാണ്.

ഇപ്പോഴിതാ ഇന്ത്യയുടെ ഒന്നാം നമ്പര്‍ താരത്തെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇംഗ്ലണ്ട് സ്പിന്‍ ഓള്‍റൗണ്ടറായ മോയിന്‍ അലി. സച്ചിന്‍ ടെണ്ടുല്‍ക്കറും വിരാട് കോലിയും രോഹിത് ശര്‍മയുമല്ലെന്നും ഒന്നാം നമ്പര്‍ താരം എംഎസ് ധോണിയാണെന്നുമാണ് മോയിന്‍ അലി പറയുന്നത്. സിഎസ്‌കെയില്‍ എംഎസ് ധോണിക്ക് കീഴില്‍ കളിച്ചിട്ടുള്ള താരമാണ് മോയിന്‍ അലി. അതുകൊണ്ടുതന്നെ ധോണിയെ നന്നായി മോയിന്‍ അലിക്കറിയാം.

ആര്‍സിബിയില്‍ വിരാട് കോലിക്കൊപ്പവും മോയിന്‍ കളിച്ചിട്ടുണ്ടെങ്കിലും മോയിന്റെ ഫേവേറ്റ് താരം ധോണിയാണ്. ' എന്നെ സംബന്ധിച്ച് ഒന്നാം നമ്പര്‍ താരം എംഎസ് ധോണിയാണ്. വളരെ മികച്ച താരമാണവന്‍. എന്നാല്‍ അവന്‍ എത്രത്തോളം മികച്ചവനാണെന്ന് ആളുകള്‍ മറക്കുന്നു. നായകനെന്ന നിലയില്‍ ഇന്ത്യക്കായി അവന്‍ എല്ലാം നേടിക്കൊടുത്തു. മികച്ച രണ്ടാമത്തെ താരം വിരാട് കോലിയാണ്. പ്രതിഭാശാലിയും മികച്ച താരങ്ങളിലൊരാളുമാണ് കോലി.

പറയാന്‍ അല്‍പ്പം പ്രയാസമുണ്ടെങ്കിലും സച്ചിന്‍ ടെണ്ടുല്‍ക്കറാണ് മൂന്നാം നമ്പറില്‍. ബാറ്റിങ്ങിന്റെ ശരിയായ ക്ലാസിക് രൂപം കൊണ്ടുവന്നത് സച്ചിനാണ്. സുനില്‍ ഗവാസ്‌കറുണ്ടായിരുന്നെങ്കിലും എന്റെ കാലഘട്ടത്തിന് മുമ്പായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ ബാറ്റിങ് ഞാന്‍ അധികം കണ്ടിട്ടില്ല. എന്നാല്‍ സച്ചിന്‍ മറ്റൊരു തലത്തിലുള്ള ബാറ്റ്‌സ്മാനാണ്. എന്റെ ഇഷ്ട ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സെവാഗാണ്. കാരണം മറ്റുള്ളവരില്‍ നിന്ന് തികച്ചും വ്യത്യസ്തനായ താരമാണ് സെവാഗ്.

ms dhoni

മൂന്ന് ഫോര്‍മാറ്റിലും അവന്‍ തല്ലിത്തകര്‍ക്കുന്നു. ബൗളര്‍മാരുടെ അന്തകനായിരുന്നു സെവാഗ്. അഞ്ചാമത്തെ താരം യുവരാജ് സിങ്ങാണ്. ബാറ്റ്‌സ്മാനെന്ന നിലയില്‍ ഞാന്‍ പിന്തുടരാന്‍ ആഗ്രഹിക്കുന്ന താരമാണ് യുവരാജ്. പല ആരാധകരും എന്നെ യുവരാജുമായി താരതമ്യം ചെയ്യുന്നു. യുവരാജിന്റെ ബാറ്റ് സ്വിങ് ചെയ്യുന്നത് കാണാന്‍ മനോഹരമാണ്. ഫോമിലേക്കെത്തിയാല്‍ കണ്ടിരിക്കാന്‍ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ യുവരാജാണ്'- മോയിന്‍ അലി പറഞ്ഞു.

ഇംഗ്ലണ്ടിനായി മൂന്ന് ഫോര്‍മാറ്റിലും കസറിയിട്ടുള്ള വെടിക്കെട്ട് താരമാണ് മോയിന്‍ അലി. ഐപിഎല്ലില്‍ സിഎസ്‌കെയ്‌ക്കൊപ്പം മോയിന്‍ സജീവമാണ്. ഇന്ത്യയുടെ ക്രിക്കറ്റിന് നല്‍കിയ സംഭാവന പരിഗണിക്കുമ്പോള്‍ ധോണിയുടെ സ്ഥാനം മുന്‍ നിരയിലാണ്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയിട്ടുള്ള ധോണി മൂന്ന് ഐസിസി കിരീടങ്ങളാണ് വിരമിക്കുന്നതിന് മുമ്പ് ഇന്ത്യക്ക് നേടിക്കൊടുത്തത്. 2013ല്‍ ധോണിക്ക് കീഴില്‍ ഇന്ത്യ ഐസിസി ചാമ്പ്യന്‍സ് ട്രോഫി നേടിയിരുന്നു.

അതിന് ശേഷം ഇന്ത്യക്കൊരു ഐസിസി ട്രോഫി നേടാനായിട്ടില്ല. വിരാട് കോലിയും രോഹിത് ശര്‍മയും ഇന്ത്യയെ നയിച്ചെങ്കിലും ഐസിസി കിരീടം അകന്നുനിന്നു. 2023ല്‍ ഇന്ത്യയിലാണ് ഏകദിന ലോകകപ്പ് നടന്നത്. ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് തോല്‍ക്കുകയായിരുന്നു. വരാനിരിക്കുന്ന ടി20 ലോകകപ്പ് കിരീടം നേടുകയെന്നതും ഇന്ത്യയെ സംബന്ധിച്ച് ദുഷ്‌കരമാണ്. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമാണ് ടി20 ലോകകപ്പ് നടക്കുന്നത്.

മോയിന്‍ അലി ഒന്നാം നമ്പര്‍ താരമായി ധോണിയെ തിരഞ്ഞെടുത്തെങ്കിലും കൂടുതല്‍ ആരാധകര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിനാണെന്നതില്‍ തര്‍ക്കമില്ല. ക്രിക്കറ്റിനെ ജനപ്രിയമാക്കുന്നതില്‍ സച്ചിന്റെ പങ്ക് വളരെ വലുതാണ്. വിദേശ താരങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്ന ഇന്ത്യന്‍ താരം സച്ചിനാണെന്ന് പറയാം. സച്ചിന് ദൈവമെന്ന വിശേഷണം ചാര്‍ത്തിനല്‍കിയത് പോലും ഓസ്‌ട്രേലിയയുടെ മാത്യു ഹെയ്ഡനാണ്. ഇന്ത്യയുടെ ഏറ്റവും മികച്ച താരമെന്ന വിശേഷണത്തിന് ഏറ്റവും യോഗ്യന്‍ സച്ചിനാണെന്ന് പറയാം.

Story first published: Wednesday, January 10, 2024, 14:11 [IST]
Other articles published on Jan 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+