ഇന്ത്യന്‍ ക്രിക്കറ്റ് ടീം എക്കാലത്തും വമ്പന്മാരുടെ നിരയാണ്. സൂപ്പര്‍ താരങ്ങളായ നിരവധി പേരെ ഓരോ കാലഘട്ടത്തിലും ഇന്ത്യന്‍ ടീമിനൊപ്പം കാണാനാവും. സുനില്‍ ഗവാസ്‌ക്കറിനും കപില്‍ ദേവിനും ശേഷം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യന്‍ ടീമിന്റെ മുഖമായി. ഇപ്പോള്‍ വിരാട് കോലിയിലും രോഹിത് ശര്‍മയിലും വരെ ഇത് എത്തി നില്‍ക്കുന്നു. ഭാവിയില്‍ ഈ സ്ഥാനത്തേക്ക് ശുബ്മാന്‍ ഗില്‍, യശ്വസി ജയ്‌സ്വാള്‍ തുടങ്ങിയവരെല്ലാം വരാന്‍ തയ്യാറെടുക്കുകയാണ്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചരിത്രത്തിലേക്ക് നോക്കുമ്പോള്‍ എല്ലാ കാലത്തും മികച്ച ഫീല്‍ഡര്‍മാര്‍ ടീമിനൊപ്പം ഉണ്ടായിട്ടുണ്ട്. ഓരോ കാലഘട്ടത്തിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഫീല്‍ഡര്‍മാര്‍ ഇന്ത്യക്ക് എടുത്തു പറയാനുണ്ടായിരുന്നു. ഇപ്പോഴിതാ ഇന്ത്യയുടെ എക്കാലത്തെയും മികച്ച മൂന്ന് ഫീല്‍ഡര്‍മാരെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വെങ്കടേഷ് പ്രസാദ്. ആരാധകരുമായുള്ള ചോദ്യത്തോത്തര വേളയിലാണ് വെങ്കടേഷ് പ്രതികരിച്ചത്.
യുവരാജ് സിങ്, മുഹമ്മദ് കൈഫ്, വിരാട് കോലി എന്നിവരെ ഒഴിവാക്കിയ വെങ്കടേഷ് മുഹമ്മദ് അസ്ഹറുദ്ദീന്‍, സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ എന്നിവരെയാണ് മികച്ച ഫീല്‍ഡര്‍മാരായി തിരഞ്ഞെടുത്തത്. ഇതിന് പിന്നാലെ വെങ്കടേഷിനെതിരേ വിമര്‍ശനവും പരിഹാസവുമെല്ലാം ആരാധകര്‍ ഉയര്‍ത്തുകയാണ്. അസ്ഹറുദ്ദീനെക്കാള്‍ മികച്ച ഫീല്‍ഡര്‍മാരാണ് യുവരാജും കൈഫും കോലിയുമെന്നുമാണ് ആരാധകര്‍ പറയുന്നത്. യുവരാജ് സിങ്ങും മുഹമ്മദ് െൈകഫും ഇന്ത്യയുടെ ഫീല്‍ഡിങ് ആവേശമായിരുന്നു.
സൗരവ് ഗാംഗുലിക്ക് കീഴില്‍ കളിക്കുമ്പോള്‍ ഇരുവരുമായിരുന്നു ഇന്ത്യയുടെ പ്രധാന ഫീല്‍ഡര്‍മാര്‍. മറക്കാനാവാത്ത നിരവധി ക്യാച്ചുകള്‍ ഇവര്‍ നേടിയിട്ടുണ്ട്. എംഎസ് ധോണിക്ക് കീഴിലായിരുന്നു സുരേഷ് റെയ്‌ന കൂടുതല്‍ കളിച്ചത്. റെയ്‌നയുടെ ക്യാച്ചിങ് മികവും എടുത്തു പറയേണ്ടതാണ്. അത്ഭുതകരമായ പല ക്യാച്ചുകളും റെയ്‌ന നേടിയിട്ടുണ്ട്. എന്നാല്‍ കൈഫ്, യുവരാജ് എന്നിവരെക്കാള്‍ മികച്ച ഫീല്‍ഡറാണോ റെയ്‌നയെന്നതിലും രണ്ട് അഭിപ്രായമുണ്ടാവും.

ഇന്നത്തെ ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍ വിരാട് കോലിയാണെന്നതില്‍ തര്‍ക്കമില്ല. സാഹസികമായ പല ക്യാച്ചുകളും അദ്ദേഹം നേടി. രവീന്ദ്ര ജഡേജയാണ് കോലിയെക്കാള്‍ മികച്ച ഫീല്‍ഡറെന്നാണ് വെങ്കടേഷ് പറയുന്നത്. ജഡേജയും ഡൈവിങ് ക്യാച്ചുകള്‍ നേടാന്‍ മിടുക്കനാണ്. ഡയറക്ട് ത്രോയിലൂടെ റണ്ണൗട്ടാക്കാന്‍ ജഡേജക്ക് അസാധ്യ മികവാണുള്ളത്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ബെസ്റ്റ് ഫീല്‍ഡര്‍മാരിലൊരാളായി ജഡേജയെ പറയാം.
എന്നാല്‍ 2023ലെ ഇന്ത്യയുടെ ക്യാച്ചിങ് മികവ് പ്രതീക്ഷിച്ച നിലവാരത്തിനൊത്തുള്ളതല്ല. ഇന്ത്യയുടെ ഫീല്‍ഡിങ് നിരയുടെ പ്രകടനം ശരാശരി മാത്രമാണ്. പല താരങ്ങളും ക്യാച്ചിങ് നിലവാരത്തില്‍ വളരെ പിന്നിലാണ്. പ്രധാന മത്സരങ്ങളില്‍ ഇന്ത്യ മോശം ഫീല്‍ഡിങ് പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഈ പ്രശ്‌നം സമീപകാലത്തായി ഇന്ത്യയെ വേട്ടയാടുന്ന കാരണമാണ്. ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യ ഫീല്‍ഡിങ് നിലവാരം ഉയര്‍ത്തേണ്ടതായുണ്ട്.
നിലവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര കളിക്കുകയാണ് ഇന്ത്യ. ഒന്നാം ടെസ്റ്റില്‍ ഇന്നിങ്‌സിനും 32 റണ്‍സിനും തോറ്റത് ഇന്ത്യക്ക് വലിയ നാണക്കേടായിരിക്കുകയാണ്. വലിയ വിമര്‍ശനമാണ് ഇന്ത്യന്‍ ടീമിനെതിരേ ഉയരുന്നത്. എന്നാല്‍ ഇന്ത്യയെ പിന്തുണച്ചാണ് വെങ്കടേഷ് പ്രതികരിക്കുന്നത്. 'ഇന്ത്യ കോമാളികളുടെ നിരയല്ല. ഓസ്‌ട്രേലിയക്കെതിരേ ഓസ്‌ട്രേലിയയില്‍ രണ്ട് ടെസ്റ്റ് പരമ്പര നേടിയ ടീമാണ്. പ്രധാന താരങ്ങളില്ലാതെ പോലും ഇന്ത്യക്ക് പരമ്പര നേടാനായി.
എന്നാല്‍ 11 വര്‍ഷത്തോളമായി ഐസിസി കിരീടം നേടാന്‍ സാധിക്കാത്ത എന്തോ ഒരു പ്രശ്‌നം ഇന്ത്യയെ വേട്ടയാടുന്നുണ്ട്'- വെങ്കടേഷ് പറഞ്ഞു. ഇന്ത്യയുടെ സൂപ്പര്‍ പേസര്‍മാരിലൊരാളായ വെങ്കടേഷ് നിലവില്‍ പരിശീലക റോളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1994ല്‍ ഇന്ത്യന്‍ ടീമിലേക്കെത്തിയ അദ്ദേഹം 2001ലാണ് അവസാനമായി ഇന്ത്യക്കായി കളിച്ചത്.