ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ സുവര്‍ണ ലിപികള്‍ എഴുതപ്പെട്ട വര്‍ഷങ്ങളിലൊന്നാണ് 2024. കാരണം 2007നു ശേഷം ആദ്യമായി ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യ കിരീടമുയര്‍ത്തിയ വര്‍ഷമാണിത്. കൂടാതെ 11 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ആദ്യമായി ഒരു ഐസിസി ട്രോഫിയില്‍ മുത്തമിട്ടുവെന്നതു മറ്റൊരു പ്രത്യേകതയുമാണ്. വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന കലാശപ്പോരില്‍ സൗത്താഫ്രിക്കയെ ത്രില്ലറില്‍ അഞ്ചു റണ്‍സിനു വീഴ്ത്തിയായിരുന്നു ഇന്ത്യയുടെ കിരീടധാരണം.
തോല്‍വിയുടെ വക്കില്‍ വരെയെത്തിയ ശേഷമാണ് അവസാന ഓവറുകളില്‍ ഗംഭീര തിരിച്ചുവരവ് നടത്തി സൗത്താഫ്രിക്കയെ രോഹിത് ശര്‍മയും സംഘവും പൂട്ടിയത്. ഫൈനലില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായത് ഇതിഹാസ ബാറ്റര്‍ കൂടിയായ വിരാട് കോലിയാണ്. ബാറ്റിങ് തകര്‍ച്ച നേരിട്ട ടീമിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത് അദ്ദേഹമണ്. 59 ബോളില്‍ 76 റണ്‍സുമായാണ് കോലി ടീമിന്റെ അമരക്കാരനായത്.

അവസാന അഞ്ചോവറില്‍ ആറു വിക്കറ്റ് ശേഷിക്കെ സൗത്താഫ്രിക്കയ്ക്കു ജയിക്കാന്‍ വെറും 30 റണ്‍സ് മതിയായിരുന്നു. പക്ഷെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും (നാലോവറില്‍ 18/2) അര്‍ഷ്ദീപ് സിങും (നാലോവറില്‍ 20/2) അവരെ വരിഞ്ഞുകെട്ടി. കൂടാതെ നാലോറില്‍ 20ന് മൂന്നു വിക്കറ്റകളെടുത്ത ഹാര്‍ദിക് പാണ്ഡ്യയും ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.
പക്ഷെ ഫൈനലില്‍ ഇന്ത്യയുടെ യഥാര്‍ഥ ഗെയിം ചേഞ്ചര്‍ കോലിയോ, ഹാര്‍ദിക്കോ, ബുറയോ അല്ലെന്നു പറഞ്ഞിരിക്കുകയാണ് രോഹിത്. ജിയോസ്റ്റാറിന്റെ പുതിയ ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് ടി20 ലോകകപ്പ് ഫൈനലില്‍ കളി മാറ്റിയത് ആരാണെന്നു അദ്ദേഹം പറഞ്ഞത്.
അവനാണ് ഗെയിം ചേഞ്ചര്‍
ഇടംകൈയന്‍ ബാറ്ററും സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറുമായ അക്ഷര്‍ പട്ടേലാണ് ടി20 ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യയുടെ യഥാര്‍ഥ ഗെയിം ചേഞ്ചറെന്നു രോഹിത് ശര്‍മ വ്യക്തമാക്കി. ടീമിനു തുടക്കത്തില്‍ തന്നെ ബാറ്റിങ് തകര്‍ച്ച നേരിട്ടതോടെ അക്ഷറിനെ അഞ്ചാം നമ്പറിലേക്കു ഇന്ത്യ പ്രൊമോട്ട് ചെയ്തിരുന്നു. ഈ തീരുമാനം വളരെ നിര്‍ണായകമായി മാറുകയും ചെയ്തു.
സ്‌കോര്‍ ചെയ്യാനാവാതെ പാടുപെട്ട ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിനു ജീവന്‍ വന്നതും ഇതോടെയാണ്. 31 ബോളില്‍ 47 റണ്‍സ് നേടിയാണ് അക്ഷര്‍ പുറത്തായത്. കോലിക്കൊപ്പം 72 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. കളിയില്‍ കൂടുതല്‍ റണ്ണെടുത്തത് വിരാട് കോലിയായിരുന്നെങ്കിലും ഇംപാക്ടുണ്ടാക്കിയ ഇന്നിങ്‌സ് അക്ഷറിന്റേതായിരുന്നു.
ആ ബാറ്റിങ് തകര്‍ച്ചയ്ക്കു ശേഷം താന്‍ വളരെയധികം പരിഭ്രാന്തനായിരുന്നതായി രോഹിത് വെളിപ്പെടുത്തി. ഞാന്‍ ശരിക്കും ഭയപ്പെട്ട നിമിഷങ്ങളായിരുന്നു അത്. എന്നെ സംബന്ധിച്ച് അതു ഒട്ടും തന്നെ സുഖകരമായ സമയമായിരുന്നില്ല. നമ്മള്‍ അവരെ ഗെയിമിലേക്കു വരാന്‍ അനുവദിച്ചതു പോലെ എനിക്കു തോന്നി.

പക്ഷെ എന്റെ മനസ്സിനകത്ത് അപ്പോഴും പ്രതീക്ഷയുണ്ടായിരുന്നു. ടൂര്‍ണമെന്റില്‍ അധികം ബാറ്റ് ചെയ്തിട്ടില്ലെങ്കിലും നമ്മുടെ മധ്യനിരയിലും ലോവര്‍ ഓര്‍ഡറിലും എനിക്കു വിശ്വാസവുമുണ്ടായിരുന്നു. അവസരം ലഭിച്ചപ്പോഴെല്ലാം ഇംപാക്ടുണ്ടാക്കാനും അവര്‍ക്കായിട്ടുണ്ട്.
അക്ഷറിന്റെ ആ ഇന്നിങ്‌സിനെക്കുറിച്ച് അധികമാളുകള്‍ സംസാരിക്കാറില്ല. പക്ഷെ അതായിരുന്നു ഗെയിം ചേഞ്ചര്‍. കളിയുടെ ആ ഘട്ടത്തില്‍ 31 ബോളില്‍ 47 റണ്‍സ് നേടിയത് നിര്‍ണായകമായിരുന്നു.
ഒരു ബാറ്റര്‍ ഇന്നിങ്‌സ് മുഴുവനായി ബാറ്റ് ചെയ്യേണ്ടത് നമുക്ക് ആവശ്യമായിരുന്നു. വിരാട് അതു മികച്ച രീതിയില്‍ തന്നെ ചെയ്തുവെന്നും രോഹിത് വിശദമാക്കി. ബാറ്റിങില്‍ തിളങ്ങുന്നതിനൊപ്പം നാലോവറില്‍ 49 റണ്‍സിനു ട്രിസ്റ്റണ്‍ സ്റ്റബ്‌സിന്റെ വിക്കറ്റും അക്ഷര്‍ സ്വന്തമാക്കിയിരുന്നു.