മുംബൈ: ലോക ക്രിക്കറ്റിന്റെ ഇതിഹാസമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. നടന്ന വഴികളിലെല്ലാം റെക്കോഡുകള്‍ വാരിക്കൂട്ടിയ സച്ചിന്‍ ക്രിക്കറ്റിലെ ദൈവമെന്ന വിശേഷണം നേടിയ താരമാണ്. കാലമെത്ര കഴിഞ്ഞാലും സച്ചിന്റെ ബാറ്റിങ് മികവ് ആരാധകരുടെ മനസില്‍ മായാതെ നില്‍ക്കുന്നതാണ്. ഇന്ത്യയില്‍ മാത്രമല്ല വിദേശ മൈതാനങ്ങളിലും തൊട്ടതെല്ലാം പൊന്നാക്കിയ സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ്, സെഞ്ച്വറി തുടങ്ങിയ റെക്കോഡുകളെല്ലാം ഇപ്പോഴും സ്വന്തം പേരിലാക്കിയാണ് മുന്നോട്ട് പോകുന്നത്.
സച്ചിന്റെ പല റെക്കോഡുകളും വിരാട് കോലിയും ജോ റൂട്ടുമെല്ലാം തകര്‍ക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ സച്ചിന്റെ ഒരു വമ്പന്‍ റെക്കോഡ് ഡല്‍ഹിയുടെ ഒരു കംപ്യൂട്ടര്‍ ട്രയിനര്‍ തകര്‍ത്തിരിക്കുകയാണ്. ക്രിക്കറ്റിലൂടെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നേടിയത് 19 ഗിന്നസ് ബുക്ക് ഓഫ് ലോക റെക്കോഡുകളാണ്. ഇതിനെയാണ് ഡല്‍ഹിക്കാരനാനായ വിനോദ് കുമാര്‍ ചൗധരി തകര്‍ത്തത്. ടൈപ്പിങ്ങില്‍ 20 ലോക റെക്കോഡുകളാണ് വിനോദ് കുമാര്‍ സൃഷ്ടിച്ചിരിക്കുന്നത്.
കണ്ണുകെട്ടി പിന്നോട്ടേക്ക് അഞ്ച് സെക്കന്റുകള്‍ക്കൊണ്ട് ടൈപ്പ് ചെയ്യാന്‍ വിനോദ് കുമാറിന് കഴിവുണ്ട്. ഇംഗ്ലീഷ് അക്ഷരമാല 11.34 സെക്കന്റില്‍ പിന്നോട്ടെഴുതി വിനോദ് കുമാര്‍ റെക്കോഡില്‍ ഇടം നേടിയിട്ടുണ്ട്. ക്രിക്കറ്റ് ഗ്ലൗസ് ധരിച്ചാണ് അദ്ദേഹം ഇത്രയും വേഗം ടൈപ്പ് ചെയ്തത്. ഇന്ത്യയുടെ ടൈപ്പിങ് മാന്‍ എന്നാണ് വിനോദിനെ എല്ലാവരും വിശേഷിപ്പിച്ചിരുന്നത്. 'സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കളിക്കുന്നത് കണ്ടാണ് ഞാന്‍ വളര്‍ന്നത്.
അദ്ദേഹത്തെപ്പോലെ രാജ്യത്തിന് അഭിമാനിക്കാന്‍ സാധിക്കുന്ന എന്തെങ്കിലും ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കൈയില്‍ നിന്ന് 20ാം ഗിന്നസ് റെക്കോഡ് വാങ്ങണമെന്നാണ് ആഗ്രഹിക്കുന്നത്. ചെറുപ്പം മുതല്‍ പ്രചോദനമായത് സച്ചിനാണ്. അദ്ദേഹത്തിന്റെ ഈ റെക്കോഡ് മറികടന്നതില്‍ സച്ചിന്‍ അഭിമാനിക്കുന്നുണ്ടാവുമെന്ന് എനിക്കുറപ്പാണ്' വിനോദ് ചൗധരി പറഞ്ഞു.

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ക്രിക്കറ്റിലെ തകര്‍ക്കാന്‍ പറ്റാത്ത റെക്കോഡെന്ന് കരുതിയ 50 ഏകദിന സെഞ്ച്വറി റെക്കോഡ് വിരാട് കോലി തകര്‍ത്തിരുന്നു. എന്നാല്‍ സച്ചിന്റെ 100 അന്താരാഷ്ട്ര സെഞ്ച്വറിയെന്ന റെക്കോഡ് മറികടക്കാന്‍ ആര്‍ക്കും സാധിച്ചേക്കില്ല. കോലിക്ക് ആ റെക്കോഡ് മറികടക്കാനുള്ള ബാല്യമുണ്ടെന്ന് കരുതാനാവില്ല. സച്ചിന്റെ തകര്‍ക്കാന്‍ കെല്‍പ്പുള്ള റെക്കോഡ് എന്ന് വിശേഷിപ്പിക്കുന്ന മറ്റൊന്ന് ടെസ്റ്റ് റണ്‍സാണ്. ഇതിന് ഭീഷണി ഉയര്‍ത്താന്‍ ജോ റൂട്ടിനാവുന്നുണ്ട്.
15921 റണ്‍സാണ് സച്ചിന്റെ ടെസ്റ്റ് കരിയറിലുള്ളത്. 33കാരനായ ജോ റൂട്ടിന്റെ ടെസ്റ്റ് കരിയറില്‍ 12069 റണ്‍സാണുള്ളത്. കരിയറില്‍ അഞ്ച് വര്‍ഷമെങ്കിലും ശേഷിക്കുന്ന റൂട്ട് സച്ചിന്റെ ഈ വമ്പന്‍ റെക്കോഡ് തകര്‍ക്കാനാണ് സാധ്യത കൂടുതല്‍. പരിക്കും മറ്റ് ഫിറ്റ്‌നസ് പ്രശ്‌നങ്ങളും നേരിടാത്ത പക്ഷം ഈ റെക്കോഡ് സ്വന്തം പേരിലാക്കാന്‍ റൂട്ടിന് സാധിച്ചേക്കും. സച്ചിന്റെ ഏകദിന റണ്‍സ് റെക്കോഡിനെ മറികടക്കാന്‍ നിലവിലെ ആര്‍ക്കും സാധിച്ചേക്കില്ല.
18426 റണ്‍സാണ് സച്ചിന്റെ ഏകദിന കരിയറിലുള്ളത്. 16ാം വയസില്‍ ക്രിക്കറ്റിലേക്കെത്തി ലോകകപ്പ് കിരീടത്തിലടക്കം മുത്തമിടാന്‍ ഭാഗ്യം ലഭിച്ച താരമാണ് സച്ചിന്‍. വലിയ കാത്തിരിപ്പിന് ശേഷം 2011ലെ ഏകദിന ലോകകപ്പിലൂടെയാണ് സച്ചിന്‍ ലോകകപ്പ് കിരീടമെന്ന സ്വപ്‌ന സാക്ഷാത്കാരത്തിലേക്കെത്തിയത്. റെക്കോഡുകള്‍ക്കപ്പുറം സച്ചിന്‍ മറ്റെല്ലാവരെക്കാളും ആരാധക പിന്തുണ നേടാനുള്ള കാരണം അദ്ദേഹത്തിന്റെ സ്വഭാവമായിരുന്നു.
എതിരാളികളെപ്പോലും ആരാധകരാക്കിയ താരമാണ് സച്ചിന്‍. അതുകൊണ്ടുതന്നെ സച്ചിന്റെ ഏതൊക്കെ റെക്കോഡുകള്‍ തകര്‍ത്താലും ആരാധക മനസില്‍ എല്ലായ്‌പ്പോഴും സച്ചിന് ഇതിഹാസ സ്ഥാനമായിരിക്കും ഉണ്ടായിരിക്കുകയെന്ന് ഉറപ്പാണ്. വിരമിച്ച ശേഷം മുംബൈ ഇന്ത്യന്‍സിന്റെ പരിശീലക സംഘത്തിനൊപ്പം സച്ചിന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഭാവിയില്‍ ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് സച്ചിനെത്തുമോയെന്നത് കണ്ടറിയാം.