ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്ററെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യന്‍ ടി20 സ്‌പെഷ്യലിസ്റ്റും വിക്കറ്റ് കീപ്പറുമായ ജിതേഷ് ശര്‍മ. സ്‌പോര്‍ട്‌സ് യാരിക്കു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് ചില വമ്പന്‍ താരങ്ങളെ ഓപ്ഷനുകളായി നല്‍കിയപ്പോള്‍ അതില്‍ ബെസ്റ്റ് ആരാണെന്നും ഇതിന്റെ കാരണമെന്താണെന്നും അദ്ദേഹം തുറന്നു പറഞ്ഞത്.
നിലവില്‍ യുഎഇയില്‍ നടന്ന എമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ എ ടീമിനെ നയിക്കാനൊരുങ്ങുകയാണ് ജിതേഷ്. മുന്‍ ചാംപ്യന്‍മാര്‍ കൂടിയായ ഇന്ത്യ ടി20 സ്‌പെഷ്യലിസ്റ്റുകളടങ്ങുന്ന ശക്തമായ ടീമിനെയാണ് ടൂര്‍ണമെന്റില്‍ അണിനിരത്തുന്നത്.

ആരാണ് ബെസ്റ്റ്?
ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ, സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ് എന്നിവരില്‍ ആരെ ബെസ്റ്റായി തിരഞ്ഞെടുക്കുമെന്നതായിരുന്നു ജിതേഷ് ശര്‍മയോടുള്ള ആദ്യത്തെ ചോദ്യം.
രോഹിത് ഭായി എന്നായിരുന്നു ജിതേഷിന്റെ മറുപടി.
തുടര്‍ന്നുള്ള ചോദ്യം രോഹിത്, വിരാട് കോലി ഇവരില്‍ നിന്നും ബെസ്റ്റായി ആരെ തിരഞ്ഞെടുക്കുമെന്നായിരുന്നു. കുഴപ്പിക്കുന്ന ഈ ചോദ്യത്തിനു മുന്നില്‍ ജിതേഷ് അല്‍പ്പസമയം ഒന്നും പറയാതെ ആലോചിച്ചു നിന്നു. വീണ്ടും ഉത്തരം രോഹിത് ഭായ് എന്നു തന്നെ. അതിനു പിന്നിലെ കാരണവും ജിതേഷ് വെളിപ്പെടുത്തുകയും ചെയ്തു.
രോഹിത് ഭായിയുമായി എനിക്കു ഇമോഷണലായ അടുപ്പുമുണ്ട്. ഐപിഎല്ലിന്റെ 2017-18 സീസണിനിടെ എനിക്കു അദ്ദേഹവുമായി സംസാരിക്കാനുള്ള അവസരം ലഭിച്ചിരുന്നു. അന്നു മുതല്‍ ഞാന്‍ രോഹിത് ഭായിയുയുടെ ആരാധകനുമാണ്. 22-23 വയസ്സ് മാത്രമായിരുന്നു അന്നു എന്റെ പ്രായം.
മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലില്‍ ആദ്യമായി എന്നെ ടീമിലെടുത്തപ്പോള്‍ അദ്ദേഹത്തിന്റെ ബാറ്റിങ് കാണാനുള്ള അവസരം എനിക്കു ലഭിക്കുകയും ചെയ്തു. അതെല്ലാം ഇപ്പോഴും എന്റെ മനസ്സിലുമുണ്ട്. അദ്ദേഹത്തിനു വളരെ വ്യത്യസ്തമായ ചില കഴിവുകളുണ്ടെന്നും ജിതേഷ് വിശദമാക്കി.
ജിതേഷിനു നല്ല കാലം
ക്രിക്കറ്ററെന്ന നിലയില്‍ ഇതു തീര്‍ച്ചയായും ജിതേഷ് ശര്‍മയുടെ നല്ല കാലം തന്നെയാണെന്നു നിസംശയം പറയാം. പഞ്ചാബ് കിങ്‌സ് ഒഴിവാക്കിയ ശേഷം കഴിഞ്ഞ മെഗാ ലേലത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിലെത്തിയതോടെയാണ് അദ്ദേഹത്തിന്റെ തലവര മാറിയത്. ടീമിന്റെ ഫസ്റ്റ് ചോയ്‌സ് കീപ്പര്‍ റോളിനൊപ്പം ഫിനിഷിങ് ചുമതലയും ജിതേഷിനു ലഭിക്കുകയായിരുന്നു.

രണ്ടു റോളിലും മിന്നിച്ച അദ്ദേഹം ആര്‍സിബിയുടെ കന്നി ഐപിഎല്‍ കിരീട വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. 15 മല്‍സരങ്ങളില്‍ നിന്നും 157.05 സ്‌ട്രൈക്ക് റേറ്റില്‍ 261 റണ്‍സാണ് ജിതേഷ് അടിച്ചെടുത്തത്.
ഒരു ഫിഫ്റ്റി പ്ലസ് സ്‌കോറും ഇതിലുള്‍പ്പെടുന്നു. ഉയര്‍ന്ന സ്‌കോറാവട്ടെ പുറത്താവാതെ നേടിയ 85 റണ്‍സുമാണ്. ഐപിഎല്ലിലെ മിന്നും പ്രകടനം ഇന്ത്യന്‍ ടി20 ടീമിലേക്കും ജിതേഷിന്റെ മടങ്ങിവരവിനു വഴിയൊരുക്കി.
ഏഷ്യാ കപ്പിലടക്കം സഞ്ജു സാംസണിനു പിന്നില്‍ ബാക്കപ്പ് കീപ്പറുമായിരുന്നു അദ്ദേഹം. ഏറ്റവും അവസാനമായി ഓസ്‌ട്രേലിയക്കെതിരേ സമാപിച്ച അഞ്ചു ടി20കളുടെ പരമ്പരയില്‍ സഞ്ജുവിനു ഒന്നില്‍ മാത്രം അവസരം ലഭിച്ചപ്പോള്‍ ശേഷിച്ചവയില്‍ വിക്കറ്റ് കാത്തത് ജിതേഷായിരുന്നു. അടുത്ത ടി20 ലോകകപ്പിലും അദ്ദേഹം ഉറപ്പായും ടീമിലുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.