2027ല്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പ് മുന്നില്‍ കണ്ട് ഇന്ത്യന്‍ ടീമിനെ അടിമുടി ഉടച്ചു വാര്‍ക്കാനൊരുങ്ങുകയാണ് മുഖ്യ കോച്ച് ഗൗതം ഗംഭീര്‍. രണ്ടു വര്‍ഷത്തിനു ശേഷം നടക്കാനിരിക്കുന്ന ടൂര്‍ണമെന്റില്‍ നിലവിലെ ടീമിലെ പലരെയും ആവശ്യമില്ലെന്നു അദ്ദേഹം തീരുമാനിച്ചു കഴിഞ്ഞു. മോശം ഫോമിലൂടെ കടന്നു പോയ്‌ക്കൊണ്ടിരിക്കുന്ന ചില വെറ്ററന്‍മാരെ ഒഴിവാക്കി കെട്ടുറപ്പുള്ള പുതിയൊരു നിരയെയാണ് ലോകകപ്പിനായി ഗംഭീര്‍ ആഗ്രഹിക്കുന്നത്.
ഓസ്‌ട്രേലിയക്കെതിരേ സമാപിച്ച ബോര്‍ഡല്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലേറ്റ 1-3ന്റെ തോല്‍വി ഗംഭീറിനെയും വലിയ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. അദ്ദേഹത്തിനൊപ്പം ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ഇതിനു പിന്നാലെ നേരിട്ടത്.
ഇതേ തുടര്‍ന്നാണ് രോഹിത്തിനെയടക്കം പുറത്താക്കി പുതിയൊരു ടീമിനെയൊരുക്കാന്‍ ഗംഭീര്‍ പ്ലാന്‍ ചെയ്യുന്നത്. രോഹിത്തിനൊപ്പം ടീമില്‍ നിന്നും പേര് വെട്ടേണ്ട മറ്റൊരു വെറ്ററന്‍ താരത്തെയും അദ്ദേഹം നോട്ടമിട്ടു കഴിഞ്ഞുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ (Times Of India) റിപ്പോര്‍ട്ടിലുള്ളത്.

ആ താരം ജഡേജ!!
സ്റ്റാര്‍ ഓള്‍റൗണ്ടറും സൂപ്പര്‍ ഫീല്‍ഡറുമായ രവീന്ദ്ര ജഡേജയാണ് ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്താവാന്‍ പോവുന്ന വെറ്ററന്‍ താരമെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടിലുളളത്. ജഡ്ഡുവിന്റെ സമീപകാലത്തെ പ്രകടനങ്ങള്‍ ഗൗതം ഗംഭീര്‍ സൂക്ഷ്മമായി വിലയിരുത്തുകയാണെന്നും അധികം വൈകാതെ തന്നെ അദ്ദേഹത്തെ ടീമില്‍ നിന്നും ഒഴിവാക്കയേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2027ലെ ഏകദിന ലോകകപ്പാണ് ഗംഭീറിന്റെപ്രധാന ലക്ഷ്യം. അതിനു വേണ്ടിയുള്ള ടീമിനെ
ഇപ്പോള്‍ തന്നെ ഒരുക്കി നിര്‍ത്താനുള്ള ആസൂത്രണമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. രോഹിത് ശര്‍മയെ തീര്‍ച്ചയായും ഈ ടൂര്‍ണമെന്റില്‍ കാണില്ല. അതോടൊപ്പമാണ് ജഡ്ഡുവിനെ കൂടി ഒഴിവാക്കാന്‍ ഗംഭീറിന്റെ നീക്കം.
ടെസ്റ്റിലും സേഫല്ല
ഇന്ത്യയുടെ ഏകദിന ടീമില്‍ നിന്നു മാത്രമല്ല ടെസ്റ്റ് ടീമില്‍ നിന്നും രവീന്ദ്ര ജഡേജ പുറത്തായേക്കുമെന്നാണ് വിവരം. ടീമില്‍ മാറ്റങ്ങള്‍ക്കു സമയമായോയെന്നു തീരുമാനിക്കേണ്ടത് സെലക്ടര്‍മാരാണ്. സേഫായിട്ടുള്ള ജഡേജയുമായി മുന്നോട്ടു പോവണോ, അതോ പുതിയ താരങ്ങളെ പകക്കാരായി ടീമിലേക്കു കൊണ്ടു വരണമോയെന്നത് അവര്‍ ചര്‍ച്ച ചെയ്യും.
ടെസ്റ്റ് ക്രിക്കറ്റില്‍ പോലും ജഡേജ മികച്ച പ്രകടനം പുറത്തെടുക്കാന്‍ വിശഷമിക്കുകയാണ്. അദ്ദേഹത്തില്‍ നിന്നും ടീം മുന്നോട്ടു പോവണമെന്നആവശ്യം ശക്തമാണ്. പ്രത്യേകിച്ചും ഏകദിന ഫോര്‍മാറ്റിലാണ് ഇതു കൂടുതല്‍ അനിവാര്യമായിട്ടുള്ളത്. വരുംദിവസങ്ങളില്‍ ചില കടുപ്പമേറിയ കോളുകള്‍ പ്രതീക്ഷിക്കാമെന്നും അടുത്ത വൃത്തങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യയോടു വെളിപ്പെടുത്തി.

ഇംഗ്ലണ്ടിനെതിരേ സംശയം
ഇംഗ്ലണ്ടുമായി അടുത്ത മാസം ആറിന് തുടങ്ങാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ രവീന്ദ്ര ജഡേജയെ ഉള്‍പ്പെടുത്തുമോയെന്ന കാര്യം സംശയമാണ്. പകരം മറ്റൊരു ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ അക്ഷര്‍ പട്ടേലിനായിരിക്കും ടീമിലേക്കു നറുക്കുവീഴുക.
എന്നാല്‍ ജൂണില്‍ ഇംഗ്ലണ്ടിനെതിരേ അവരുടെ നാടട്ടില്‍ നടക്കുന്ന അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ അദ്ദേഹം തീര്‍ച്ചയായും ഉണ്ടാവുമെന്നാണ് സൂചനകള്‍. മധ്യനിരയിലുള്ളവര്‍ക്കു അനുഭവസമ്പത്ത് കുറവാണെന്നതാണ് ഇതിനു കാരണം.
അതേസമയം, 36 കാരനായ ജഡേജയുടെ കരിയറിലേക്കു വന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിനു ശേഷം ഈ ഫോര്‍മാറ്റില്‍ നിന്നും അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. മറ്റു രണ്ടു ഫോര്‍മാറ്റുകളിലാണ് ജഡ്ഡു പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഏകദിനത്തില്‍ ഇന്ത്യക്കായി 197 മല്‍സരങ്ങളില്‍ കളിച്ച അദ്ദേഹം 2756 റണ്‍സും 220 വിക്കറ്റുകളും വീഴ്ത്തയിട്ടുണ്ട്. ടെസ്റ്റിലാവട്ടെ 80 മല്‍സങ്ങളില്‍ നിന്നും 3370 റണ്‍സും 323 വിക്കറ്റുകളുമാണ് ജഡേജയുടെ സമ്പാദ്യം.