ഇന്ത്യയെ ടി20 ലോകകപ്പില്‍ കിരീടനേട്ടത്തിലേക്കു നയിച്ചതിനു പിന്നാലെ ഈ ഫോര്‍മാറ്റില്‍ നിന്നും പടിയിറങ്ങിയ രോഹിത് ശര്‍മയുടെ പകരം ആരാവും ടീമിന്റെ പുതിയ ടി20 ക്യാപ്റ്റനാവുക? ആരാധകര്‍ ഏറ്റവുമധികം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന കാര്യമാണിത്. നിലവില്‍ വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. അതുകൊണ്ടു തന്നെ ടി20യിലും അടുത്ത സ്ഥിരം ക്യാപ്റ്റന്റെ റോളിലേക്കു ഫേവറിറ്റും അദ്ദേഹമാണന്നതില്‍ സംശയമില്ല.
പക്ഷെ ടി20 ക്യാപ്റ്റന്‍ സ്ഥാനത്തേക്കു ഹാര്‍ദിക്കിനേക്കാള്‍ മികച്ച ഓപ്ഷന്‍ ഈ ഫോര്‍മാറ്റിലെ നമ്പര്‍ വണ്‍ ബാറ്റര്‍ കൂടിയായ സൂര്യകുമാര്‍ യാദവാണ്. നേരത്തേ ഹാര്‍ദിക് ചില ടി20 പരമ്പരകളില്‍ ഇന്ത്യയെ നയിച്ചപ്പോള്‍ വൈസ് ക്യാപ്റ്റന്റെ റോള്‍ സ്‌കൈയ്ക്കായിരുന്നു. അതുകൊണ്ടു തന്നെ ഹാര്‍ദിക് ഇല്ലെങ്കില്‍ സ്വാഭാവികമായും അടുത്തതായി ഈ റോളിലേക്കു മുന്‍ഗണന ലഭിക്കേണ്ടതും സൂര്യക്കു തന്നെയാണ്.

ടി20യില്‍ സൂര്യയെ എന്തുകൊണ്ട് ഇന്ത്യയുടെ സ്ഥിരം ക്യാപ്റ്റനാക്കണം എന്നതിനു പിന്നിലെ കാരണങ്ങളെന്താണെന്നു നോക്കാം. ടി20 ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പുള്ള താരമാണ് സൂര്യയെന്നതാണ് ആദ്യത്തെ കാരണം. ടി20യില്‍ നാലാം നമ്പര്‍ സ്ഥാനം അദ്ദേഹത്തിന്റെ പേരില്‍ ഭദ്രമാണ്. അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ സൂര്യ 2026ലെ ടി20 ലോകകപ്പിലും കളിക്കുമെന്നുറപ്പാണ്.
മികച്ച ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുന്ന താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം. വളരെ അപൂര്‍വ്വമായി മാത്രമേ പരിക്ക് കാരണം സൂര്യക്കു പുറത്തിരിക്കേണ്ടതായി വന്നിട്ടുള്ളൂ. ഇതു തീര്‍ച്ചയായും വലിയൊരു പ്ലസ് പോയിന്റ് തന്നെയാണ്. കാരണം പരിക്കുകളുടെ തോഴനാണ് ഹാര്‍ദിക്ക്. ഒന്നോ, രണ്ടോ പരമ്പരകള്‍ തുടര്‍ച്ചയയി കളിച്ചാല്‍ പരിക്കു കാരണം അടുത്ത മൂന്നു പരമ്പരകളില്‍ പുറത്തിരിക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി.
ഇങ്ങനെ വരുമ്പോള്‍ ക്യാപ്റ്റനെന്ന നിലയില്‍ ഹാര്‍ദിക്കിനു ടീമില്‍ തുടര്‍ച്ച ലഭിക്കാതെ വരും. ക്യാപ്റ്റന്മാര്‍ മാറി മാറി വരുമ്പോള്‍ അതു താരങ്ങളെയും മോശമായി ബാധിച്ചേക്കും. പക്ഷെ സൂര്യയുടെ കാര്യത്തില്‍ ഇത്തരം ആശങ്കകളൊന്നും തന്നെയില്ല. തുടര്‍ച്ചയായി മല്‍സരങ്ങള്‍ കളിക്കാന്‍ മികച്ച ഫിറ്റ്‌നസ് അദ്ദേഹത്തെ സഹായിക്കും. കൂടാതെ ടി20യില്‍ മാത്രമേ കളിക്കുന്നുവെന്നതിനാല്‍ ജോലിഭാരവും സൂര്യക്കു തിരിച്ചടിയാവില്ല.
ഏതു തരത്തിലുള്ള സാഹചര്യങ്ങളിലും കളിക്കാന്‍ സാധിക്കുമെന്നതാണ് സൂര്യ ക്യാപ്റ്റനാവേണ്ടതിന്റെ രണ്ടാമത്തെ കാരണം. മുംബൈയിലെ വാംഖഡെയിലേതു പോലെയുള്ള റണ്ണൊഴുകുന്ന പിച്ചുകളില്‍ മാത്രമല്ല ബാറ്റിങ് ദുഷ്‌കരമായ പിച്ചുകളിലും മികച്ച ഇന്നിങ്‌സുകള്‍ കളിക്കാനും ക്യാപ്റ്റനെന്ന നിലയില്‍ ടീമിനെ മുന്നില്‍ നിന്നു നയിക്കാനുമുള്ള ശേഷി സൂര്യക്കുണ്ട്.

നേതൃമികവാണ് സൂര്യയെ സ്ഥിരം ക്യാപ്റ്റനാക്കേണ്ടതിന്റെ മൂന്നാമത്തെ കാരണം. ഐപിഎല്ലിലോ, ആഭ്യന്തര ക്രിക്കറ്റിലോ അധികം മല്‍സരങ്ങളില്‍ ക്യാപ്റ്റനായ അനുഭവസമ്പത്തില്ലെങ്കിലും അദ്ദേഹം വളരെ മികച്ച രീതിയില്‍ ഈ റോള്‍ നിര്‍വഹിക്കാന്‍ ശേഷിയുള്ള വ്യക്തിയാണ്. ഇതിനകം രണ്ടി ടി20 പരമ്പരകളില്‍ തന്റെ ക്യാപ്റ്റന്‍സി മിടുക്ക് ലോകത്തിനു സൂര്യ കാണിച്ചു കൊടുത്തു കഴിഞ്ഞു.
കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ തുടരെ രണ്ടു ടി20 പരമ്പരകളില്‍ അദ്ദേഹം ടീമിനെ നയിച്ചത്. ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നീ രണ്ടു കടുപ്പമേറിയ എതിരാളികള്‍ക്കെതിരേയായിരുന്നു ഇത്. രണ്ടിലും ഇന്ത്യയെ ജേതാക്കളാക്കാന്‍ സൂര്യക്കു സാധിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിനെ മികവിനെക്കുറിച്ച് സംശയിക്കേണ്ട ആവശ്യവുമില്ല.
സൂര്യ ക്യാപ്റ്റനാവേണ്ടതിന്റെ നാലാമത്തെ കാരണം ടീമംഗങ്ങളില്‍ നിന്നും അദ്ദേഹത്തിനു ലഭിക്കുന്ന ബഹുമാനവും അടുപ്പവും തന്നെയാണ്. എല്ലായ്‌പ്പോഴും വളരെ ഹാപ്പിയായും കൂളായും കാണപ്പെടുന്ന വ്യക്തിയാണ് സൂര്യ. ഇതു കാരണം ടീമംഗങ്ങള്‍ക്കെല്ലാം അദ്ദേഹം ഏറെ പ്രിയപ്പെട്ടവനുമാണ്. അതിനാല്‍ തന്നെ ക്യാപ്റ്റനായി വന്നാല്‍ വളരെ അനായാസം ടീമിനെ മാനേജ് ചെയ്യാനും സൂര്യക്കു സാധിക്കും.