നിലവിലെ ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റനായ രോഹിത് ശര്‍മയ്ക്കു ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അടുത്ത നായകനെ നിര്‍ദേശിച്ചിരിക്കുകയാണ് അഫ്ഗാനിസ്താന്‍ വെടിക്കെട്ട് താരം റഹ്മാനുള്ള ഗുര്‍ബാസ്. അഫ്ഗാന്‍ ടീമിന്റെ ഓപ്പണിങ് ബാറ്ററും വിക്കറ്റ് കീപ്പറുമായ ഗുര്‍ബാസ് ഇപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ക്കും പ്രിയങ്കരനാണ്. കാരണം കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പം അദ്ദേഹം ഐപിഎല്ലില്‍ അരങ്ങേറിയിരുന്നു.
രോഹിത്തിനു ശേഷം ടീം ഇന്ത്യയുടെ വൈറ്റ് ബോള്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്കുള്ള ഫേവറിറ്റായി ചൂണ്ടിക്കാണിക്കപ്പെടുന്നത് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. നിലവില്‍ രണ്ടു ഫോര്‍മാറ്റുകളിലും അദ്ദേഹം ടീമിനെ നയിച്ചുകഴിഞ്ഞു. മാത്രമല്ല കഴിഞ്ഞ വര്‍ഷത്തെ ഐസിസി ടി20 ലോകകപ്പിനു ശേഷം ടി20 ഫോര്‍മാറ്റില്‍ രോഹിത് കളിക്കുന്നില്ല. അതുകൊണ്ടു തന്നെ തുടര്‍ന്നുള്ള ടി20 പരമ്പരകളിലെല്ലാം ഹാര്‍ദിക്കിനു കീഴിലായിരുന്നു ടീം മാറ്റുരച്ചത്.

അതിനിടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ പേരും അടുത്തിടെ രോഹിത്തിന്റെ പിന്‍ഗാമിയായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഹാര്‍ദിക്കിനെ മാറ്റി വരാനിരിക്കുന്ന ഏഷ്യാ കപ്പ് ഏകദിന ടൂര്‍ണമെന്റില്‍ ബുംറയെ പുതിയ വൈസ് ക്യാപ്റ്റനാക്കുമെന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പക്ഷെ അങ്ങനെയൊന്നും സംഭവിച്ചില്ല. ഏഷ്യാ കപ്പില്‍ ഹാര്‍ദിക്കിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തു തന്നെ സെലക്ഷന്‍ കമ്മിറ്റി നിലനിര്‍ത്തുകയായിരുന്നു.
ഹാര്‍ദിക്കും ബുംറയുമല്ലാതെ ഇന്ത്യയുടെ ഭാവി ക്യാപ്റ്റനായി ഒരു സര്‍പ്രൈസ് താരത്തെയാണ് ഗുര്‍ബാസ് നിര്‍ദേശിച്ചിരിക്കുന്നത്. മൂന്നു ഫോര്‍മാറ്റുകളിലും ഇതിനകം കളിച്ചുകഴിഞ്ഞ, ഏകദിനത്തിലെ നമ്പര്‍ ഫോര്‍ സ്‌പെഷ്യലിസ്റ്റായ ശ്രേയസ് അയ്യര്‍ അടുത്ത ഇന്ത്യന്‍ നായകനാവണമെന്ന അഭിപ്രായമാണ് അഫ്ഗാന്‍ വിക്കറ്റ് കീപ്പര്‍ക്കുള്ളത്. ഐപിഎല്ലില്‍ നേരത്തേ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ നയിച്ചു കഴിഞ്ഞ ശ്രേയസ് നിലവില്‍ കെകെആറിന്റെ ക്യാപ്റ്റന്‍ കൂടിയാണ്.

ശ്രേയസ് വളരെ മികച്ച ക്യാപ്റ്റനായി മാറുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിനു അതിനു കഴിയും, കാരണം ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ശ്രേയസ് നയിച്ചു കൊണ്ടിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ടൂര്‍ണമെന്റാണ് ഐപിഎല്‍. ഐപിഎല്ലില്‍ ഒരു ടീമിനെ നയിക്കാന്‍ കഴിയുമെങ്കില്‍ ശ്രേയസിന് ലോകത്തിലെ ഏതു ടീമിന്റെയും ക്യാപ്റ്റനാവാന്‍ സാധിക്കുമെന്നും കെകെആറിലെ തന്റെ നായകനെ പ്രശംസിച്ചുകൊണ്ട് ഗുര്‍ബാസ് പറഞ്ഞു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെയും ഭാവിയില്‍ ശ്രേയസ് അയ്യര്‍ക്കു നയിക്കാനാവും. നിലവില്‍ ക്യാപ്റ്റന്‍ സ്ഥാനത്തു രോഹിത് ശര്‍മയുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് വളരെ ഉയര്‍ന്ന നിലവാരമുള്ളതാണ്. ഐപിഎല്ലില്‍ ശ്രേയസിനു ഒരു ടീമിനെ നയിക്കാന്‍ കഴിയുന്നുവെങ്കില്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ റോളിനും അദ്ദേഹത്തിനു അര്‍ഹതയുണ്ടെന്നാണ് കാണിക്കുന്നത്.
ഐപിഎല്ലില്‍ ടീമുകളെ നയിക്കാന്‍ അവസരം ലഭിക്കാത്ത ഒരുപാട് കളിക്കാരുണ്ട്. പക്ഷെ ശ്രേയസിനു അതിനുള്ള അവസരം കിട്ടി. അദ്ദേഹം നല്ല ക്യാപ്റ്റനാണെന്നു തന്നെയാണ് ഇതിന്റെ അര്‍ഥം. ശ്രേയസ് ഇന്ത്യയുടെ വളരെ മികച്ച ക്യാപ്റ്റനായിരിക്കുമെന്നു തനിക്കുറപ്പാണെന്നും ഗുര്‍ബാസ് കൂട്ടിച്ചേര്‍ത്തു.