മുംബൈ: ഇടവേളക്ക് ശേഷം ഇന്ത്യന്‍ മണ്ണിലേക്ക് വീണ്ടുമൊരു ഏകദിന ലോകകപ്പ് വിരുന്നെത്തുകയാണ്. 2011ല്‍ ഇന്ത്യ ആതിഥേയരായപ്പോള്‍ എംഎസ് ധോണിക്ക് കീഴില്‍ വിശ്വകിരീടം ചൂടാന്‍ ഇന്ത്യക്കായിരുന്നു. ഇത്തവണ രോഹിത് ശര്‍മക്ക് കീഴില്‍ തട്ടകത്തില്‍ ലോകകപ്പില്‍ മുത്തമിടാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. 2013ന് ശേഷം ഒരു തവണ പോലും ഇന്ത്യക്ക് ഐസിസി കിരീടം നേടാനായിട്ടില്ല. അതുകൊണ്ടുതന്നെ ഈ കാത്തിരിപ്പിന് അറുതിവരുത്താമെന്നും ടീം പ്രതീക്ഷിക്കുന്നു.
എന്നാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. ഐപിഎല്ലിലൂടെ ഇന്ത്യയിലെ പിച്ചുകള്‍ വിദേശ താരങ്ങള്‍ക്ക് സുപരിചിതമാണ്. കൂടാതെ പരിക്ക് ഇന്ത്യയെ തളര്‍ത്തുന്നു. വലിയ വെല്ലുവിളികളെ അതിജീവിക്കാതെ ഇന്ത്യക്ക് ലോകകപ്പ് കിരീടത്തിലേക്കെത്താനാവില്ലെന്ന് ചുരുക്കം. ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളെല്ലാം ഒത്തൊരുമയോടെ കളിച്ചാല്‍ മാത്രമെ വിശ്വ കിരീടത്തിലേക്കെത്താനാവൂ. 2011ല്‍ യുവരാജ് സിങ്, ഗൗതം ഗംഭീര്‍, എംഎസ് ധോണി, സഹീര്‍ ഖാന്‍ എന്നിവരെല്ലാം ഉണ്ടായിരുന്നു.
2023ല്‍ ഇവരുടെ അഭാവം നികത്താന്‍ ആരൊക്കെയുണ്ടാവുമെന്നത് കാത്തിരുന്ന് കണ്ടറിയണം. ഇപ്പോഴിതാ ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടാവുന്ന മൂന്ന് താരങ്ങളെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുംറ എന്നിവരെയാണ് നിര്‍ണ്ണായക താരമെന്ന് കൈഫ് വിലയിരുത്തുന്നത്. 'രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുംറ എന്നീ സീനിയര്‍ താരങ്ങളുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവും.
ബുംറ കുറച്ചുമാസങ്ങളായി പരിക്കിന്റെ പിടിയിലാണ്. എന്നാല്‍ ഇപ്പോളവന്‍ ഏഷ്യാ കപ്പ് കളിക്കുമെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഇന്ത്യയെ സംബന്ധിച്ചത് ശുഭ വാര്‍ത്തയാണ്. ബുംറയുടെ സേവനം ഇന്ത്യക്ക് അത്യാവശ്യമാണ്. ബുംറ കൂടിയെത്തിയാല്‍ തട്ടകത്തില്‍ ഇന്ത്യയെ തോല്‍പ്പിക്കുക എളുപ്പമാവില്ല. മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇവരോടൊപ്പം ബുംറ കൂടിയെത്തുമ്പോള്‍ മികച്ച ബൗളിങ് നിരയായി ഇന്ത്യ മാറും'-മുഹമ്മദ് കൈഫ് പറഞ്ഞു.

അയര്‍ലന്‍ഡിനെതിരേ വരാനിരിക്കുന്ന ടി20 പരമ്പരയിലൂടെ ബുംറ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ പരിക്കിന്റെ ഇടവേളക്ക് ശേഷം മടങ്ങിയെത്തുമ്പോള്‍ ബുംറക്ക് എത്രത്തോളം മികവുകാട്ടാനാവുമെന്നതാണ് കണ്ടറിയേണ്ടത്. ബുംറ, സിറാജ്, ഷമി പേസ് കൂട്ടുകെട്ടിനെ ഇന്ത്യ കളത്തിലിറക്കാനാണ് സാധ്യത. എന്നാല്‍ ഇന്ത്യന്‍ പിച്ചുകളില്‍ സ്പിന്നര്‍മാരുടെ പ്രകടനമാണ് പ്രധാനപ്പെട്ടത്. കരുത്തുറ്റ സ്പിന്‍ നിരയും ഇന്ത്യക്കുണ്ട്.
രോഹിത് ശര്‍മ 2019ലെ ഏകദിന ലോകകപ്പില്‍ റെക്കോഡ് പ്രകടനമാണ് കാഴ്ചവെച്ചത്. അഞ്ച് സെഞ്ച്വറി ഉള്‍പ്പെടെ ഹിറ്റ്മാന്റെ നിറഞ്ഞാട്ടമാണ് അന്ന് കണ്ടത്. പക്ഷെ സമീപകാലത്തായി ഫിറ്റ്‌നസ് രോഹിത്തിനെ തളര്‍ത്തുന്നു. സ്ഥിരതയോടെ കളിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല. ലോകകപ്പില്‍ രോഹിത്തില്‍ നിന്ന് മികച്ച പ്രകടനമാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ശുബ്മാന്‍ ഗില്ലിനൊപ്പം രോഹിത് ഓപ്പണറായി ഇറങ്ങിയേക്കും. ഈ കൂട്ടുകെട്ടിന്റെ പ്രകടനത്തെ പ്രതീക്ഷയോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
വിരാട് കോലിയുടെ സമീപകാല പ്രകടനങ്ങള്‍ ഭേദപ്പെട്ടതാണ്. 2011ല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കായി ഇന്ത്യ ലോകകപ്പ് നേടിയതുപോലെ 2023ല്‍ വിരാട് കോലിക്കായി ഇന്ത്യ കിരീടം നേടണമെന്ന് ആവശ്യപ്പെടുന്നവരേറെയാണ്. ആധുനിക ക്രിക്കറ്റിലെ ഇതിഹാസവും മുന്‍ ഇന്ത്യന്‍ നായകനുമായ കോലി 2011ലെ ഏകദിന ലോകകപ്പ് നേടിയ ടീമിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഇന്ത്യയെ നയിച്ചപ്പോള്‍ ഐസിസി കിരീടത്തിലേക്കെത്തിക്കാന്‍ കോലിക്കായില്ല.
ഇത്തവണ ഇന്ത്യക്ക് ലോകകപ്പ് നേടിക്കൊടുക്കുകയാണ് തന്റെ ലക്ഷ്യമെന്ന് കോലി നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. 46 ഏകദിന സെഞ്ച്വറി ഇതിനോടകം കോലി നേടിയിട്ടുണ്ട്. നാല് സെഞ്ച്വറി കൂടി നേടിയാല്‍ സച്ചിന്റെ ഏകദിന സെഞ്ച്വറി റെക്കോഡ് തകര്‍ക്കാന്‍ കോലിക്കാവും. ലോകകപ്പില്‍ കോലിയുടെ ബാറ്റിങ് പ്രകടനവും ആക്രമണോത്സകതയും ഇന്ത്യയുടെ കിരീട നേട്ടത്തില്‍ നിര്‍ണ്ണായകമാവുമെന്ന കാര്യം ഉറപ്പാണ്.