Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയോ, കോലിയോ, സച്ചിനോ അല്ല; ഇതാണ് ഏറ്റവും ആസ്തിയുള്ള ഇന്ത്യന്‍ ക്രിക്കറ്റര്‍!

ഇന്ത്യയുടെ ഏറ്റവും ധനികനായ ക്രിക്കറ്റര്‍ ആരായിരിക്കും? മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി, ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ആധുനിക ക്രിക്കറ്റിലെ ബെസ്റ്റ് വിരാട് കോലി എന്നിവരുടെ പേരുകളായിരിക്കും ആരാധകരുടെ മനസ്സിലേക്കു പെട്ടെന്നു വരുന്നത്. പക്ഷെ ഇവരാരുമല്ല നിലവില്‍ ഏറ്റവുമധികം ആസ്തിയുള്ള ഇന്ത്യ ക്രിക്കറ്ററെന്നതാണ് കൗതുകകരമായ കാര്യം. ബറോഡയില്‍ നിന്നുള്ള മുന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്ററാണ് ആസ്തിയുടെ കാര്യത്തില്‍ നിലവില്‍ തലപ്പത്തുള്ളത്.

20,000 കോടിക്കു മുകളില്‍ ആസ്തിയുള്ള സമര്‍ജിത്ത്‌സിങ് രഞ്ജിത്ത്‌സിങ് ഗെയ്ക്വാദ് എന്ന മുന്‍ ക്രിക്കറ്ററാണ് ആസ്തിയില്‍ നമ്പര്‍ വണ്‍. കോലി, ധോണി, സച്ചിന്‍ ത്രയത്തില്‍ വരുമാനത്തില്‍ കോലിയാണ് മുന്നില്‍. ഏകദേശം 1000 കോടിക്ക് മുകളിലാണ് കോലിയുടെ ആസ്തി. പക്ഷെ വരുമാനത്തിന്റെ കാര്യത്തില്‍ ഗെയ്ക്വാദിന്റെ ഏഴയലത്തു പോലും കോലിയെത്തില്ല.

SAMARJITH SINGH

ബറോഡയിലെ ഒരു രാജകുടുംബത്തില്‍ നിന്നുള്ളയാളാണ് സമര്‍ജിത്ത്‌സിങ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നേരത്തേ ബറോഡയ്ക്കായി കളിച്ചിട്ടുള്ള അദ്ദേഹം ബറോഡ ക്രിക്കറ്റ് അസോസിയേഷന്റെ ഭരണാധികാരി കൂടിയാണ്. ബറോഡയ്ക്കു വേണ്ടി രഞ്ജി ട്രോഫിയില്‍ ആറു മല്‍സരങ്ങളിലാണ് സമര്‍ജിത്ത്‌ കളിച്ചിട്ടുള്ളത്. 1987-88, 1988-89 കാലഘട്ടത്തിലായിരുന്നു ഇത്. 119 റണ്‍സാണ് അദ്ദേഹം നേടിയത്. ഉയര്‍ന്ന സ്‌കോര്‍ 65 റണ്‍സായിരുന്നു.

1967 ഏപ്രില്‍ 25ന് രഞ്ജിത്‌സിങ് പ്രതാപ്‌സിങ് ഗെയ്ക്വാദ്- ശുഭാംഗി നിരജെ ദമ്പതികളുടെ ഏക മകനായിട്ടാണ് സമര്‍ജിത്ത് സിങ് ജനിച്ചത്. ഡെറാഡുണിലെ ഡൂണ്‍ സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഈ സമയത്തു സ്‌കൂളിലെ ക്രിക്കറ്റ്, ഫുട്‌ബോള്‍, ടെന്നീസ് ടീമുകളുടെ ക്യാപ്റ്റനാവുകയും ചെയ്തു. 2012 മേയില്‍ അച്ഛന്റെ മരണത്തോടെ ജൂണില്‍ ലക്ഷ്മിവിലാസ് കൊട്ടാരത്തില്‍ നടന്ന പരമ്പരാഗത ചടങ്ങില്‍ സമര്‍ജിത്തിനെ പുതിയ മഹാരാജാവായി പ്രഖ്യാപിക്കുകയായിരുന്നു.

അന്തരാവകാശവുമായി ബന്ധപ്പെട്ട് 23 വര്‍ഷം നീണ്ട നിയമപോരാട്ടത്തില്‍ അമ്മാവന്‍ സംഗ്രാംസിങ് ഗെയ്ക്വാദിനെ 2012ല്‍ സമര്‍ജിത് സിങ് പരാജയപ്പെടുത്തിയിരുന്നു. ഇതോടെയാണ് 20,000 കോടിയിലേറെ വരുന്ന ആസ്തിക്കു അദ്ദേഹം അവകാശിയായത്. ലക്ഷ്മി വിലാസ് കൊട്ടാരത്തിന്റെ ഉടമസ്ഥാവകാശം അന്നു നേടിയെടുത്ത സമര്‍ജിത് കൊട്ടാരത്തിന് അടുത്തുള്ള 600 ഏക്കറിനു മുകളില്‍ വരുന്ന ഭൂസ്വത്തിനും അവകാശിയായി മാറി.

വഡോദരയിലെ മോത്തി ഭാഗ് സ്‌റ്റേഡിയം, മഹാരാജ ഫത്തേഹ് സിങ് മ്യൂസിയം, രാജാരവിവര്‍മയുടെ വില കൂടിയ പെയിന്റിങ് ശേഖരം, ഫത്തേഹ്‌സിങ് റാവുവിന്റെ സ്വത്തുക്കള്‍, സ്വര്‍ണം, വെള്ളിയാഭണങ്ങള്‍ തുടങ്ങിയവയും അദ്ദേഹത്തിന്‍റെ പേരിലാവുകയും ചെയ്തു.

SAMARJITH SINGH

ഇവ മാത്രമല്ല ഗുജറാത്ത്, ബനാറസ് എന്നീവിടങ്ങളിലുള്ള 17 ക്ഷേത്രങ്ങളുടെ ട്രസ്റ്റുകളും സമര്‍ജിത്ത് സിങാണ് കൈകാര്യം ചെയ്യുന്നത്. വാംഖനീര്‍ സംസ്ഥാനത്തുള്ള രാജകുടുംബാംഗമായ രാധിക രാജെയെയാണ് അദ്ദേഹം വിവാഹം കഴിച്ചിരിക്കുന്നത്. ഇവര്‍ക്കു രണ്ടു പെണ്‍മക്കളുമുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വസതിയായ ലക്ഷ്മി വിലാസ് കൊട്ടാരത്തിലാണ് നാലു പേരും ശുഭാംഗി നിരജെയ്‌ക്കൊപ്പം താമസിക്കുന്നത്.

അതേസമയം, വിരാട് കോലിയുടെ ആസ്തി നോക്കുകയാണെങ്കില്‍ അതു ഏകദേശം 1050 കോടിയോളം വരുമെന്നാണ് കണക്കുകള്‍. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ നിന്നും 15 കോടി രൂപയാണ് പ്രതിവര്‍ഷം അദ്ദേഹത്തിന്റെ ശമ്പളം.

ബിസിസിഐയുടെ എ പ്ലസ് കരാറിലുള്‍പ്പെട്ടതിനാല്‍ ഏഴു കോടിയും പ്രതിവര്‍ഷം കോലിക്കു ലഭിക്കുന്നു. കൂടാതെ ഇന്ത്യക്കായി ഒരു ടെസ്റ്റില്‍ നിന്നും 15 ലക്ഷവും ഏകദിനത്തില്‍ നിന്നും ആറു ലക്ഷവും ടി20യില്‍ നിന്നും മൂന്നു ലക്ഷവും അദ്ദേഹത്തിനു മാച്ച് ഫീയായി കിട്ടുന്നുണ്ട്.

എംഎസ് ധോണിയുടെ വരുമാനം ഏകദേശം 1040 കോടിയോളം രൂപയാണ്. നിരവധി നിക്ഷേപങ്ങള്‍, പരസ്യ കരാറുകള്‍, ഐപിഎല്‍ ശമ്പളം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന വരുമാന സ്രോതസുകള്‍. ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ധോണിയുടെ പ്രതിവര്‍ഷം ശമ്പളം 12 കോടി രൂപയാണ്.

Story first published: Friday, July 7, 2023, 11:16 [IST]
Other articles published on Jul 7, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+