ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാളാണ് മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്. സൗരവ് ഗാംഗുലി മുതല്‍ വിരാട് കോലി വരെ നിരവധി ക്യാപ്റ്റന്‍മാര്‍ക്കു കീഴില്‍ അദ്ദേഹം ദേശീയ ടീമില്‍ കളിക്കുകയും ചെയ്തു. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഒരു സമയത്തു പകരം വയ്ക്കാനില്ലാത്ത താരമായിരുന്ന യുവി രണ്ടു ലോകകപ്പ് വിജയങ്ങളിലും ടീമിനൊപ്പം പങ്കാളിയായിട്ടുണ്ട്. 2011ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യ ചാംപ്യന്‍മാരായപ്പോള്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.
കരിയറില്‍ താന്‍ കളിച്ചിട്ടുളള ക്യാപ്റ്റന്‍മാരില്‍ ഏറ്റവും മികച്ചയാള്‍ ആരാണെന്നു തിരഞ്ഞെടുത്തിരിക്കുകയാണ് യുവരാജ്. സ്‌പോര്‍ട്‌സ്‌കീഡ ക്രിക്കറ്റിന്റെ (Sportskeeda Cricket) യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് ബെസ്റ്റ് ക്യാപ്റ്റന്‍ ആരാണെന്നും ഇതിന്റെ കാരണമെന്താണെന്നും യുവി ചൂണ്ടിക്കാണിച്ചത്.

ഗാംഗുലിയാണ് ബെസ്റ്റ്
സൗരവ് ഗാംഗുലി, എംഎസ് ധോണി, രാഹുല്‍ ദ്രാവിഡ് എന്നീ മൂന്നു പേരില്‍ ഏറ്റവും മികച്ച ക്യാപ്റ്റന്‍ ആരാണെന്നായിരുന്നു യുവരാജ് സിങിനോടുള്ള ചോദ്യം. ഇവര്‍ക്കെല്ലാം കീഴില്‍ ഇന്ത്യന്‍ ടീമിനു വേണ്ടി ഞാന്‍ കളിച്ചിട്ടുണ്ട്.
ധോണി, ഗാംഗുലി എന്നിവര്‍ക്കു കീഴില്‍ ഞാന്‍ ദീര്‍ഘകാലം കളിക്കുകയും ചെയ്തു. ഞാന്‍ കരിയര്‍ ആരംഭിച്ചത് ഗാംഗുലിയുടെ കീഴിലാണ്. അതിനാല്‍ തന്നെ ഞാന്‍ അദ്ദേഹത്തെയാണ് മികച്ച ക്യാപ്റ്റനായി തിരഞ്ഞെടുക്കുകയെന്നും യുവരാജ് വ്യക്തമാക്കി.
യുവിയെ മാച്ച് വിന്നറാക്കിയ ദാദ
യുവരാജ് സിങിനെ എക്കാലത്തെയും മികച്ച മാച്ച് വിന്നറാക്കി മാറ്റിയെടുത്തത് സൗരവ് ഗാംഗുലിയാണെന്നു നിസംശയം പറയാം. 2000ലെ ഐസിസി അണ്ടര്‍ 19 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായിരുന്നു യുവി. ഇതാണ് അദ്ദേഹത്തിനു ദേശീയ ടീമിലേക്കു വഴി തുറന്നത്.
ഇതേ വര്‍ഷം തന്നെ നടന്ന ഐസിസി നോക്കൗട്ട് ട്രോഫിക്കുള്ള ഇന്ത്യന്‍ സീനിയര്‍ ടീമിലേക്കു യുവിക്കു വിളിയുമെത്തി. ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടറില്‍ കെനിയക്കെതിരായ മല്‍സരത്തിലാണ് അദ്ദേഹത്തിനു പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചത്. പക്ഷെ ബാറ്റിങിനു അവസരം ലഭിച്ചില്ല.

എന്നാല്‍ കരുത്തരായ ഓസ്‌ട്രേലിയയുമായുള്ള ക്വാര്‍ട്ടര്‍ ഫൈനലില്‍ കന്നി ഇന്നിങ്‌സില്‍ തന്നെ യുവി വരവറിയിക്കുകയും ചെയ്തു. ടീം പതറവെ ക്രീസിലെത്തിയ അദ്ദേഹം 80 ബോളില്‍ 84 റണ്‍സുമായി ടീമിന്റെ രക്ഷകനായി മാറുകയായിരുന്നു.
ധോണിക്കു കീഴിലെ പ്രകടനം
സൗരവ് ഗാംഗുലിയുടെ പിന്തുണയാണ് യുവരാജ് സിങിനെ വളര്‍ത്തിയെടുത്തതെങ്കില്‍ ഇതിന്റെ നേട്ടം കൂടുതലായും ലഭിച്ചത് തുടര്‍ന്നെത്തിയ ക്യാപ്റ്റനായ എംഎസ് ധോണിക്കാണ്. വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ ധോണിയുടെ തുറുപ്പുചീട്ടായിരുന്നു അദ്ദേഹം. വലിയ ടൂര്‍ണമന്റുകളില്‍ ടീമിന്റെ ഏറ്റവും വിശ്വസ്തനായ താരമായി യുവി മാറുകയും ചെയ്തു.
2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ധോണിക്കു കീഴില്‍ ഇന്ത്യ ചാംപ്യന്‍മാരായപ്പോള്‍ മിന്നുന്ന പ്രകടനമാണ് യുവി കാഴ്ചവച്ചത്. ഇംഗ്ലണ്ടുമായുള്ള ഒരു മല്‍സരത്തില്‍ ഓവറിലെ ആറു ബോളിലും സിക്‌സര്‍ പായിച്ച് ലോക റെക്കോര്‍ഡ് കുറിക്കാനും അദ്ദേഹത്തിനായിരുന്നു. മല്‍സരത്തില്‍ 30 ബോളില്‍ 70 റണ്‍സുമായി ടീമിന്റെ വിജയത്തില്‍ യുവി നിര്‍ണായക പങ്കാണ് വഹിച്ചത്.
അതിനു ശേഷമാണ് 2011ല്‍ നാട്ടില്‍ നടന്ന ഏകദിന ലോകപ്പിലും അദ്ദേഹം ഇന്ത്യയുടെ ഹീറോയായത്. യുവിയുടെ കരിയര്‍ ബെസ്റ്റ് പ്രകടനം കണ്ടതും ഈ ടൂര്‍ണമെന്റിലായിരുന്നു. ബാറ്റിങിനൊപ്പം ബൗളിങിലും അദ്ദേഹം കസറി. 362 റണ്‍സുമായി ബാറ്റിങില്‍ മിന്നിച്ച യുവി ബൗളിങില്‍ 15 വിക്കറ്റുകളും പോക്കറ്റിലാക്കി. ഉഇതോടെയാണ് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തിയത്.