മമലയാളി താരം സഞ്ജു സാംസണില്ലാതെ ഇന്ത്യന്‍ ടീം വീണ്ടുമൊരു ഐസിസി ടൂര്‍ണമെന്റില്‍ കളിക്കാന്‍ തയ്യാറെടുക്കുകയാണ്. അടുത്ത മാസം പാകിസ്താന്‍, യുഎഇ എന്നീവിടങ്ങളിലായി നടക്കാനിരിക്കുന്ന ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ നിന്നാണ് അദ്ദേഹം തഴയപ്പെട്ടത്. പകരം റിഷഭ് പന്തിനെയും കെഎല്‍ രാഹുലിനെയുമാണ് പ്രധാന വിക്കറ്റ് കീപ്പര്‍മാരായി ടീമിലുള്‍പ്പെടുത്തിയത്.
ടീം പ്രഖ്യാപനത്തിനു ശേഷം ഞെട്ടിക്കുന്ന ചില വിവരങ്ങള്‍ പുറത്തുവരികയും ചെയ്തു. വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളായി സഞ്ജു മതിയെന്നായിരുന്നു മുഖ്യ കോച്ച് ഗൗതം ഗംഭീര്‍ ആവശ്യപ്പെട്ടത്. പക്ഷെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ എന്നിവര്‍ റിഷഭിനായി വാദിക്കുകയായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്കു 12.30ന് പ്രഖ്യാപിക്കേണ്ടിയിരുന്ന ടീമിനെ രണ്ടു മണിക്കൂറിലേറി വൈകി പ്രഖ്യാപിച്ചതിനു പിന്നിലും ഈ കാരണങ്ങളാണെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.
റിഷഭടക്കം 3 പേര്‍ രോഹിത്തിന് വേണ്ടപ്പെട്ടവര്‍!! സഞ്ജുവിനു 'പുല്ലുവില', അറിയാമോ കാരണം?
സഞ്ജു ഒരിക്കല്‍ക്കൂടി തഴയപ്പെട്ടതോടെ ഒരു കാര്യം വീണ്ടും വ്യക്തമായിരിക്കുകയാണ്. സഞ്ജുവിനെ ദേശീയ ടീമില്‍ നിന്നും നിരന്തരം ഒതുക്കുന്നതിനു പിന്നില്‍ കോച്ചുമാരോ, സെലക്ടര്‍മാരോ അല്ല. മറിച്ച് രോഹിത്താണ് മലയാളി താരത്തിന്റെ യഥാര്‍ഥ വില്ലന്‍. നിരവധി കാര്യങ്ങള്‍ ഇതു ശരിവയ്ക്കുകയും ചെയ്യുന്നു.

രോഹിത്ത് മാറിയാലേ രക്ഷയുള്ളൂ
ഇന്ത്യന്‍ ഏകദിന, ടെസ്റ്റ് ടീമുകളുടെ നായകസ്ഥാനത്തു രോഹിത് ശര്‍മ തുടരുന്നിടത്തോളം കാലം സഞ്ജു സാംസണിന്റെ കരിയര്‍ രക്ഷപ്പെടാന്‍ പോവുന്നില്ല. അദ്ദേഹം മാറി പകരം മറ്റൊരാള്‍ വന്നെങ്കില്‍ മാത്രമേ ടീമിലെ സ്ഥിര സാന്നിധ്യമായി മാറാന്‍ സഞ്ജുവിനു സാധിക്കുകയുള്ളു. തനിക്കു പ്രിയപ്പെട്ട ചിലരെ മാത്രം എല്ലായ്‌പ്പോഴും പിന്തുണയ്ക്കുകയും ബാക്കിയുള്ളവരെ ഒതുക്കുകയും ചെയ്യുന്നതാണ് രോഹിത്തിന്റെ രീതി.
അദ്ദേഹത്തിന്റെ ഈ ഫേവറിറ്റ് ലിസ്റ്റില്‍ കയറിപ്പറ്റാന്‍ സാധിക്കാത്തതു കൊണ്ടു മാത്രമാണ് ഇത്രയും കാലം സഞ്ജുവിനു അന്താരാഷ്ട്ര ക്രിക്കറ്റില്‍ വേണ്ടത്ര അവസരങ്ങള്‍ കിട്ടാതെ പോയത്. നായകനായിരിക്കെ ഒരിക്കലും അദ്ദേഹത്തിനു രോഹിത് തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കിയിട്ടില്ല. അങ്ങനെ ചെയ്താല്‍ സഞ്ജു ടീമില്‍ സ്ഥാനമുറപ്പിക്കുമെന്നും തന്റെ ഫേവറിറ്റുകളെ തഴയേണ്ടി വരുമെന്നുമുള്ള ഭയം അദ്ദേഹത്തിനുണ്ടായിരുന്നു.
റിഷഭ് പന്തിനോടു പ്രത്യേക സ്‌നേഹവും വാല്‍സല്യവുമെല്ലാം രോഹിത്തിനു തുടക്കം മുതലുണ്ട്. ഹിറ്റ്മാന് പ്രിയങ്കരനായ മറ്റൊരാള്‍ നേരത്തേ ഇഷാന്‍ കിഷനായിരുന്നു. മുംബൈ ഇന്ത്യന്‍സില്‍ തന്റെ ഓപ്പണിങ് പങ്കാളി ആയതിനാല്‍ ഒരു സമയത്തു ഇഷാന് പരമാവധി അവസരങ്ങളും രോഹിത് നല്‍കിയിട്ടുണ്ട്. ഇതും സഞ്ജുവിനു അവസരങ്ങള്‍ കുറച്ചു.
സൂര്യയുടെ പിന്തുണ
രോഹിത് ശര്‍മ ടി20യില്‍ നിന്നും വിരമിച്ച ശേഷം സഞ്ജു സാംസണിന്റെ കരിയറില്‍ വന്ന മാറ്റം നോക്കൂ. നേരത്തേ ഒരു ടി20 പരമ്പരയില്‍ ടീമിലെടുത്താല്‍ അവയിലെ എല്ലാ കളിയിലും രോഹിത് ശര്‍മ സഞ്ജുവിനെ കളിപ്പിക്കാറില്ല. ഒന്നോ, രണ്ടോ കളിയില്‍ ഇറക്കി ഇതില്‍ ക്ലിക്കായില്ലെങ്കില്‍ പുറത്താക്കുകയാണ് പതിവ്. ഈ കാരണത്താല്‍ സഞ്ജുവും കടുത്ത സമ്മര്‍ദ്ദത്തിലാണ് അന്നു കളിച്ചിരുന്നത്. ഇതു പ്രകടനത്തെയും സാരമായി ബാധിച്ചു.
പക്ഷെ ഇപ്പോള്‍ സൂര്യകുമാര്‍ യാദവ് ടി20യിലെ സ്ഥിരം ക്യാപ്റ്റനായ ശേഷം തുടര്‍ച്ചയായി ഏഴു ടി20കളിലാണ് സഞ്ജു കളിച്ചത്. ഇവയിലെല്ലാം ഓപ്പണ്‍ ചെയ്ത അദ്ദേഹം മൂന്നു സെഞ്ച്വറികളും കുറിച്ചു. ഇംഗ്ലണ്ടുമായി വരാനിരിക്കുന്ന അഞ്ചു ടി20കളുടെ പരമ്പരയിലും സഞ്ജു ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാണ്. ക്യാപ്റ്റന്‍മാരെന്ന നിലയില്‍ രോഹിത്തും സൂര്യയും സഞ്ജുവിനു നല്‍കുന്ന പിന്തുണയില്‍ എത്ര അന്തരമുണ്ടെന്നു ഇതില്‍ നിന്നു വ്യക്തമാണ്

പല തവണ ഒതുക്കി
രോഹിത് ശര്‍മ ക്യാപ്റ്റാനായിരിക്കെ പല ടൂര്‍ണമെന്റുകളിലും പരമ്പരകളിലുമെല്ലാം സഞ്ജു സാംസണ്‍ തഴയപ്പെട്ടിട്ടുണ്ട്. 2023ലെ ഏകദിന ലോകകപ്പില്‍ പരിക്കു കാരണം റിഷഭ് പന്തിനു പുറത്തിരിക്കേണ്ടി വന്നപ്പോള്‍ സഞ്ജുവിനു നറുക്കുവീഴുമെന്നാണ് കരുതപ്പെട്ടത്. പക്ഷെ കെഎല്‍ രാഹുലിനെയും തനിക്കു പ്രിയപ്പെട്ട ഇഷാന്‍ കിഷനെയുമാണ് ടീമിലേക്കു രോഹിത് നിര്‍ദേശിച്ചത്. ഏകദിനത്തിനു യോജിക്കാത്ത സൂര്യകുമാര്‍ യാദവിനെയും അദ്ദേഹം ടീമിലേക്കു കൊണ്ടുവന്നു.
കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ റിഷഭിനൊപ്പം സഞ്ജു മറ്റൊരു വിക്കറ്റ് കീപ്പറായി എത്തിയപ്പോള്‍ ആരാധകര്‍ പലതും സ്വപ്‌നം കണ്ടു. പക്ഷെ ടൂര്‍ണമെന്റിനു മുമ്പുള്ള ഏക സന്നാഹത്തില്‍ മാത്രം സഞ്ജുവിനെ കളിപ്പിച്ച രോഹിത് ലോകകപ്പിലെ എല്ലാ കളിയിലും പുറത്തിരുത്തുകയായിരുന്നു. പകരം റിഷഭിനെ എല്ലാ മല്‍സരവും കളിപ്പിച്ചെങ്കിലും ഒരു ഫിഫ്റ്റി പോലുമില്ലാതെ ഫ്‌ളോപ്പായി. വരാനിരിക്കുന്ന ചാംപ്യന്‍സ് ട്രോഫിയില്‍ ഇനി സഞ്ജു ഇടം നേടിയാല്‍ പോലും രോഹിത് അദ്ദേഹത്തെ കളിപ്പിക്കില്ലെന്ന കാര്യവും ഉറപ്പാണ്.