ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ കോച്ചായ ഗൗതം ഗംഭീറിന്റെ ഭാവിയെക്കുറിച്ച് വമ്പന്‍ പ്രവചനം നടത്തിയിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. നിലവിലെ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ പരിശീലക സ്ഥാനം അത്ര സേഫല്ലെന്നു തന്നെ പറയേണ്ടി വരും. ടി20 ഫോര്‍മാറ്റില്‍ ടീം മിന്നിക്കുകയാണെങ്കിലും മറ്റു രണ്ടിലും ഗംഭീറിനു കീഴില്‍ അത്ര ആശാവഹമല്ല ടീമിന്റെ പ്രകടനം.
ടെസ്റ്റിലാണ് ടീം ശരിക്കും പതറുന്നത്. ഗംഭീര്‍ കോച്ചായി വന്നതിനു ശേഷം മൂന്നു ടെസ്റ്റ് പരമ്പരകളാണ് ഇന്ത്യന്‍ ടീം കളിച്ചത്. ഇതില്‍ രണ്ടിലും ഇന്ത്യ തോല്‍ക്കുകയും ചെയ്തു. ഒന്നില്‍ സമ്പൂര്‍ണ പരാജയവുമേറ്റു വാങ്ങി. ഇതേതുടര്‍ന്ന് ആദ്യമായി ഡബ്വ്യുടിസി ഫൈനലിനു യോഗ്യതയും ഇന്ത്യക്കു നഷ്ടമായി. അതേസമയം, സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയായിരുന്നു ഗംഭീറിന്റൈ ഭാവിയെക്കുറിച്ച് ചോപ്ര നിരീക്ഷണം നടത്തിയത്.

ചാംപ്യന്‍സ് ട്രോഫിയല്ല പ്രധാനം
ഗൗതം ഗംഭീറിനെ സംബന്ധിച്ച് ഏറ്റവും വലിയ അഗ്നിപരീക്ഷയാണ് അടുത്ത മാസം തുടങ്ങാനിരിക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫി. അദ്ദേഹത്തിനു കീഴില്‍ ടീം പങ്കെടുക്കുന്ന ആദ്യത്തെ ഐസിസി ടൂര്‍ണമെന്റ് കൂടിയാണിത്. പക്ഷെ ഈ ടൂര്‍ണമെന്റില്‍ ഇന്ത്യ കിരീടം നേടിയില്ലെങ്കിലും ഗംഭീറിനെ പരിശീലക സ്ഥാനത്തു നിന്നും മാറ്റാനിടയില്ലെന്നാണ് ആകാശ് ചോപ്രയുടെ വിലയിരുത്തല്‍.
ഒരു ഇംഗ്ലണ്ട് പര്യടനം കൂടി ഇന്ത്യന്‍ കോച്ചെന്ന നിലയില്‍ ഗൗതം ഗംഭീറിനു നല്‍കുമെന്നാണ് എനിക്കു തോന്നുന്നത്. അതുവരെ അദ്ദേഹത്തോടു ബിസിസിഐ എന്തെങ്കിലും പറയുമെന്നും എനിക്കു തോന്നുന്നില്ല. ഇംഗ്ലണ്ട് പര്യടനം കഴിയുന്നതോടെ ഇന്ത്യന്‍ കോച്ചെന്ന നിലയില്‍ ഗംഭീര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുകയും ചെയ്യും. ഒരു വര്‍ഷത്തനകം തന്നെ നിങ്ങള്‍ ടീമിനകത്ത് മാറ്റങ്ങള്‍ കൊണ്ടു വരേണ്ടതുണ്ട്.
എങ്ങനെയാണ് ഗംഭീര്‍ അക്കാര്യങ്ങള്‍ ചെയ്തിട്ടുള്ളത്, ഏതൊക്കെ കളിക്കാരെയാണ് ടീമിനു വേണ്ടി പുതുതായി തയ്യാറാക്കി നിര്‍ത്തിയത്, ടീമിന്റെ പ്രകടനം മെച്ചപ്പെട്ടിട്ടുണ്ടോ എന്നിവയെക്കുറിച്ചെല്ലാം ബിസിസിഐ വിശദമായ ഒരു റിവ്യു തന്നെ ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം ബിസിസിഐ നടത്തുമെന്നും ചോപ്ര അഭിപ്രായപ്പെട്ടു.
ഇംഗ്ലണ്ട് പര്യടനം നിര്‍ണായകം
ഒരാളുടെ പ്രകടനം അവലോകനം ചെയ്യണമെങ്കില്‍ ഒരു വര്‍ഷമെങ്കിലും അയാള്‍ ജോലിയില്‍ തുടരേണ്ടത് ആവശ്യമാണ്. നിങ്ങള്‍ക്കു ഒരാളെ വിലയിരുത്താന്‍ 12 മാസമെങ്കിലും വേണം. അതുകൊണ്ടു തന്നെ വരാനിരിക്കുന്ന ചാംപ്യന്‍സ് ട്രോഫിയാവില്ല, മറിച്ച് ഇംഗ്ലണ്ട് പര്യടനമായിരിക്കും ഗൗതം ഗംഭീറിന് ഏറെ നിര്‍ണായകമെന്നാണ് എനിക്കു തോന്നുന്നത്.

ഇംഗ്ലണ്ട് പര്യടനം കഴിയുന്നതോടെ കോച്ചെന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രകടനം ബിസിസിഐ അവലോകനം ചെയ്യും. അതൊരു മോശം കാര്യവുമല്ല. നിങ്ങള്‍ ബാറ്റര്‍മാരുടെയും ബൗളര്‍മാരുടെടെയുമെല്ലാം പ്രകടനങ്ങള്‍ അവലോകനം ചെയ്യാറുണ്ട്. അതുപോലെ തന്നെ കോച്ചിന്റെയും പ്രകടനം ഇതേ രീതിയില്‍ വിലയിരുത്തുക തന്നെ വേണമെന്നും ആകാശ് ചോപ്ര വ്യക്തമാക്കി.
പാകിസ്താനിലും യുഎഇയിലുമായിട്ടാണ് ഏകദിന ഫോര്‍മാറ്റിലുള്ള ചാംപ്യന്‍സ് ട്രോഫി ഫെബ്രുവരി -മാര്‍ച്ച് മാസങ്ങളിലായി നടക്കാനിരിക്കുന്നത്. ഇന്ത്യയുടെ മുഴുന്‍ മല്‍സരങ്ങളും ദുബായിലാണ്. അതിനു ശേഷം ഐപില്ലാണ് നടക്കാനിരിക്കുന്നത്.
തുടര്‍ന്നാണ് ജൂണില്‍ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം. അഞ്ചു ടെസ്റ്റുകളുടെ പരമ്പരയാണ് അവിടെ ടീം കളിക്കുക. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ നാലാമത്തെ സൈക്കിളില്‍ (2025-27) ഇന്ത്യയുടെ ആദ്യ പരമ്പരയും ഇതു തന്നെയാണ്.